കൂടെ അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ താരത്തെ കുറിച്ച് സംസാരിക്കുകയാണ് നടി പ്രിയ നടി. അദ്ദേഹം വെറും നടന്‍ മാത്രമല്ലെന്നും നന്മയുള്ള വ്യക്തിയാണെന്നും പ്രിയ മണി പറയുന്നു.
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ കുറിച്ചായിരുന്നു പ്രിയ മണി സംസാരിച്ചത്. ജവാന്‍ എന്ന സിനിമയില്‍ ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇത് പറയുന്നതെന്നും പ്രിയ മണി പറഞ്ഞു.
‘ ഏറ്റവും പ്രിയപ്പെട്ട നായകന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ മറുപടിയേ ഉള്ളൂ. ഷാരൂഖ് ഖാന്‍. നടന്‍ മാത്രമല്ല നന്മയുള്ള വ്യക്തിയുമാണ് അദ്ദേഹം. ജവാന്‍ എന്ന സിനിമയില്‍ ഞാന്‍ അദ്ദേഹത്തിനോടൊപ്പം വര്‍ക്ക് ചെയ്തിരുന്നു.
സംവിധായകന്‍ അറ്റ്‌ലിയാണ് എന്നെ വിളിച്ചത്. അതിന് മുന്‍പ് ഷാരൂഖിന്റെ ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഗാനരംഗത്തില്‍ ഡാന്‍സ് ചെയ്തിരുന്നു.
ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള അവസരവുമായി മറ്റൊരു വിളി വരുമ്പോഴുണ്ടായ സന്തോഷം പറയാനുണ്ടോ, അത്രമാത്രം എക്‌സൈറ്റഡ് ആയിരുന്നു.
ഷാരൂഖ് ലൊക്കേഷനില്‍ എത്തിയെന്നറിഞ്ഞുടനെ ഞങ്ങള്‍ കാണാന്‍ ചെന്നു. അദ്ദേഹം എന്നെ പേര് വിളിച്ച് ഹഗ് ചെയ്തു, നെറ്റിയില്‍ ചുംബിച്ചു, സ്‌നേഹത്തോടെ പറഞ്ഞു, താങ്ക് യു ഫോര്‍ ഡൂയിങ് ദിസ് ഫിലിം.
നയന്‍താര, ദീപിക പദുക്കോണ്‍. സന്യ മല്‍ഹോത്ര എന്നിവരൊക്കെ ജവാന്‍ അഭിനയിച്ചിട്ടുണ്ട്. ഓരോരുത്തരേയും ചേര്‍ത്ത് നിര്‍ത്തി നിങ്ങളെല്ലാവരും ആസാദിന്റെ ഗേള്‍സ് ആണെന്ന് പറയുമായിരുന്നു.
ലൊക്കേഷനിലുള്ള എല്ലാ ദിവസവും അദ്ദേഹത്തിനൊപ്പമായിരുന്നു ഞങ്ങളുടെ ഡിന്നര്‍. ഒരു ദിവസം ഗിത്താറുമായിട്ടാണ് അദ്ദേഹം ലൊക്കേഷനിലെത്തിയത്. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ പാട്ടുപാടി. അദ്ദേഹം കൂടെ ചേര്‍ന്ന് ഗിത്താര്‍ വായിച്ചു.
ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് അദ്ദേഹം നായകന്‍. അല്ലാത്ത സമയങ്ങളില്‍ നന്മയുള്ള മനുഷ്യനാണ്. നേരിന്റെ ലൊക്കേഷനില്‍ എന്നെ ആദ്യം കണ്ടപ്പോള്‍ മോഹന്‍ലാല്‍ സാര്‍ സംസാരിച്ചതും ജവാനെ കുറിച്ചായിരുന്നു. സിനിമ കണ്ടു അഭിനയം ഗംഭീരമായി എന്ന് പറഞ്ഞു,’ പ്രിയാമണി പറയുന്നു.
Content Highlight: Priyamani about His Favourite actor