നിര്‍മാതാക്കളും താരങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ചും സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് സാന്ദ്രാ തോമസ്.
പല കാര്യങ്ങളും ഇപ്പോള്‍ മറനീക്കി പുറത്തുവരികയാണെന്നും നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കുറച്ച് പഴക്കമുണ്ടെന്നും സാന്ദ്ര പറയുന്നു.
‘ കഴിഞ്ഞ 15 കൊല്ലത്തിനിടെ സിനിമയില്‍ കുറേയധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ പ്രധാനം സാറ്റലൈറ്റ് റൈറ്റ്‌സും ഒ.ടി.ടിയുമാണ്. മുന്‍പ് കയ്യില്‍ കാശുള്ളവര്‍ മാത്രമാണ് സിനിമ ചെയ്തിരുന്നത്.
ഇന്നതിന്റെ ആവശ്യമില്ല. നന്നായി ഡീല്‍ ഉറപ്പിക്കാന്‍ കഴിവുള്ള ആര്‍ക്കും പടം ചെയ്യാം. ചാനലുകളില്‍ നിന്നുള്ള സാറ്റലൈറ്റ് റൈറ്റും ഒ.ടി.ടി കച്ചവടവുമൊക്കെ പറഞ്ഞുറപ്പിച്ച ശേഷം കുറേ പണം റോള്‍ ചെയ്ത് ആര്‍ക്കും സിനിമ നിര്‍മിക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്.
അങ്ങനെ വന്നതോടെ താരങ്ങള്‍ക്ക് നിര്‍മാതാക്കള്‍ എന്നാല്‍ വെറും ക്യാഷര്‍ മാത്രമായി മാറി.
ഒരു നിര്‍മാതാവിനെ സമ്മര്‍ദ്ദത്തിലാക്കിയാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങള്‍ക്കും. അങ്ങനെ വന്നതോടെ പല നിര്‍മാതാക്കള്‍ക്കും പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവഗണനയും നേരിടേണ്ടി വരുന്നു.
ഇത്രയധികം കാശു മുടക്കി സിനിമ നിര്‍മിക്കുന്ന ഒരാളോട് കാട്ടേണ്ട സാമാന്യ മര്യാദയുണ്ടല്ലോ, അതുപോലും പലരും കാട്ടാറില്ല. നിര്‍മാതാവിന് താരങ്ങളെ നാളെയും ആവശ്യമുണ്ട്.
അതുകൊണ്ട് അവരെ എത്ര വെറുപ്പിച്ചാലും അവര്‍ പിന്നെയും നമ്മുടെ പിന്നാലെ വന്നുകൊള്ളും എന്ന് ചിലരൊക്കെ ചിന്തിക്കുന്നു എന്നത് ഒരു ദു:ഖസത്യമാണ്,’ സാന്ദ്ര പറയുന്നു.
Content Highlight: Producer Sandra Thomas about Actors Producers Issue