പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് രേഖാചിത്രം.
മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്.
രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന കഥയായിരുന്നു ചിത്രത്തിന്റെ ട്രെയിലറില്‍ കാണിച്ചിരുന്നത്. ഇതില്‍ ഒന്നില്‍ 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോടു കാതോരത്തിന്റെ ഒരു ഗാന ചിത്രീകരണ രംഗം പുനരാവിഷ്‌കരിച്ചിരുന്നു.
ഒരു സിനിമ സെറ്റില്‍ നടക്കുന്ന കൊലപാതകമാണ് ചിത്രം എന്ന രീതിയിലും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏത് രീതിയിലാണ് കാതോട് കാതോരം ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുക എന്ന ചോദ്യമായിരുന്നു പ്രേക്ഷകരില്‍ ബാക്കിയായത്.
ചിത്രത്തിലെ മമ്മൂട്ടി ഫാക്ടര്‍ എന്താണെന്നും സസ്‌പെന്‍സ് എന്താണെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി.
ട്രെയിലറൊക്കെ നോക്കിക്കഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ പ്രേക്ഷകന് മനസിലാകുമെന്നും തീര്‍ച്ചയായും ചില സസ്‌പെന്‍സുകളും ചിത്രത്തില്‍ ഉണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
‘ തീര്‍ച്ചയായും ചില സസ്‌പെന്‍സുകള്‍ ഉണ്ട്. അത് തിയേറ്ററില്‍ തന്നെ കാണേണ്ടതുമാണ്. അപ്പോഴാണല്ലോ അതിന്റെയൊരു മാജിക് മനസിലാകുക. ഇപ്പോള്‍ പറഞ്ഞ് അതിന്റെ രസം കളയേണ്ടതില്ല.
മമ്മൂട്ടി ഇത് അറിയുന്നത് കഥ പറയുന്ന സമയത്ത് തന്നെയാണ്. മമ്മൂക്കയുടെ അടുത്ത് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചില ഇന്‍പുട്ടുകള്‍ പറഞ്ഞു തന്നിട്ടുണ്ട്. ചില കാര്യങ്ങള്‍ ഉണ്ട്.
നമ്മള്‍ ആവശ്യപ്പെട്ടത് മറ്റൊന്നായിരുന്നു അത് വേണ്ട ഇങ്ങനെ പോയാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു. എന്തായിരിക്കാം മമ്മൂക്ക പറഞ്ഞത് എന്നൊക്കെ സിനിമ കാണുമ്പോള്‍ മനസിലാകും,’ വേണു കുന്നപ്പിള്ളി പറയുന്നു.
ട്രെയിലറിലെ ഭാഗങ്ങളില്‍ കാതോട് കാതോരത്തിന്റെ സംവിധായകന്‍ ഭരതന്‍, സഹ സംവിധായകന്‍ കമല്‍, തിരക്കഥകൃത്ത് ജോണ്‍ പോള്‍ എന്നിവരെ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നതും കാണാം.
ആസിഫ് അലിയെ നായകനാകുന്ന ‘രേഖാചിത്രം’ 2025 ജനുവരി 9 ന് തിയേറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോഫിന്‍ ടി. ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനശ്വര രാജനാണ് നായിക. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.
Content Highlight: Producer Venu Kunnappilly about Mammoottys Input in Rekhachithram Movie