ട്രാഫിക്കിലെ ആ വേഷം ഞാന്‍ തെരഞ്ഞെടുക്കാനുള്ള കാരണമതാണ്: റഹ്‌മാന്‍

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഈയടുത്ത് തമിഴിലും മലയാളത്തിലും മികച്ച സിനിമകളുടെ ഭാഗമായി.

Also Read: കിഷ്‌ക്കിന്ധാ കാണ്ഡം; ട്രെയ്‌ലറില്‍ കണ്ട ചിലത് ഒറിജിനലല്ല; സിനിമയില്‍ എല്ലാം ഒറിജിനലാക്കാന്‍ പറ്റില്ലല്ലോ: അപര്‍ണ

മലയാളസിനിമയില്‍ മാറ്റത്തിന് തുടക്കം കുറിച്ച ന്യൂ ജനറേഷന്‍ സിനിമകളില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ട്രാഫിക്. രാജേഷ് പിള്ള സംവിധാനം ചെയ്ത് 2012ല്‍ റിലീസായ ചിത്രത്തില്‍ റഹ്‌മാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സൂപ്പര്‍സ്റ്റാറായാണ് റഹ്‌മാന്‍ ട്രാഫിക്കില്‍ എത്തിയത്. ഏറ്റവുമൊടുവിലാണ് ആ വേഷം തന്റെയടുത്തേക്ക് വന്നതെന്ന് പറയുകയാണ് റഹ്‌മാന്‍. തനിക്ക് മുമ്പ് പല നടന്മാരും ആ കഥ കേള്‍ക്കുകയും വേണ്ടെന്ന് വെക്കുകയും ചെയ്‌തെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് റഹ്‌മാന്‍ പറഞ്ഞു.

ആ സിനിമയുടെ ബാക്ക് ബോണ്‍ തന്റെ കഥാപാത്രമാണെന്ന് കഥ കേട്ടപ്പോള്‍ തന്നെ മനസിലായെന്നും അതിലെ ഗ്രേ ഷെയ്ഡ് തനിക്ക് വളരെയധികം ഇഷ്ടമായെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തിനുള്ള ഗ്രേ ഷെയ്ഡ് കാരണമാണ് പലരും വേണ്ടെന്ന് വെച്ചതെന്ന് തനിക്ക് മനസിലായതെന്നും തനിക്ക് ആ ഗ്രേ ഷെയ്ഡ് ഇഷ്ടമായതുകൊണ്ടാണ് ആ സിനിമ ചെയ്തതെന്നും റഹ്‌മാന്‍ പറഞ്ഞു. ഫില്‍മീ ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ ഇക്കാര്യം പറഞ്ഞത്.

Also Read: ചുറ്റികയുമായി സൈമണ്‍; സെറ്റിലെ വീഡിയോ ലീക്കായി രജിനികാന്ത് ചിത്രം

‘ട്രാഫിക്കിലെ ആ ക്യാരക്ടര്‍ പലരും റിജക്ട് ചെയ്ത ഒന്നാണ്. ഏറ്റവും ലാസ്റ്റാണ് എന്റെയടുത്തേക്ക് വന്നത്. ആ കഥ കേട്ടപ്പോള്‍ തന്നെ സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന ക്യാരക്ടറാണ് സിനിമയുടെ ബാക്ക്‌ബോണ്‍ എന്ന് എനിക്ക് മനസിലായി. അയാളുടെ മകളുടെ കാര്യത്തിന് വേണ്ടിയാണ് ആ സിനിമയിലെ എല്ലാവരും ഒന്നിക്കുന്നത്. കഥയുടെ തുടക്കത്തില്‍ ആ ക്യാരക്ടറിനെ ഒരു നെഗറ്റീവ് ഷെയ്ഡും പിന്നീട് മുന്നോട്ടുപോകുന്തോറും അയാള്‍ മാറുന്നതും കാണിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഗ്രേ ഷെയ്ഡാണ് ആ ക്യാരക്ടറിനുള്ളത്. എനിക്ക് മുമ്പ് കഥ കേട്ട പലരും ആ ഗ്രേ ഷെയ്ഡ് ഉള്ളതുകൊണ്ടാകും വേണ്ടെന്നു വെച്ചത്. എനിക്ക് എന്തോ കഥ കേട്ടപ്പോള്‍ തന്നെ അത് വര്‍ക്കാകുമെന്ന് തോന്നി. ആ സിനിമ പിന്നീട് മലയാളത്തിലെ നാഴികക്കല്ലുകളിലൊന്നായി മാറി. ഇന്നും പലരും ആ സിനിമയെക്കുറിച്ചും അതിലെ എന്റെ ക്യാരക്ടറിനെക്കുറിച്ചും പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Rahman about Traffic movie