സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് റഹ്‌മാന്‍. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. ശേഷം മലയാളത്തിലും വിവിധ ഭാഷകളിലുമായി നിരവധി സിനിമകള്‍ റഹ്‌മാന്‍ അഭിനയിച്ചിട്ടുണ്ട്.
2023ല്‍ പുറത്തിറങ്ങിയ ഗണപത്: എ ഹീറോ ഈസ് ബോണ്‍ എന്ന ചിത്രത്തിലൂടെ നടന്‍ ബോളിവുഡിലും അഭിനയിച്ചിരുന്നു. ടൈഗര്‍ ഷ്രോഫ് നായകനായ ഈ സിനിമയില്‍ റഹ്‌മാന്റെ അച്ഛനായി എത്തിയത് അമിതാഭ് ബച്ചനായിരുന്നു. ഇപ്പോള്‍ അമിതാഭ് ബച്ചനോട് സംസാരിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് റഹ്‌മാന്‍.
‘അമിതാഭ് ബച്ചന്‍ സാറുമായി എനിക്കൊരു ഫാന്‍ മൊമന്റ് ഉണ്ടായിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം കേട്ട് ഞാന്‍ ഒരുപാട് ഷോക്കായിരുന്നു. ഞാന്‍ തമിഴില്‍ ഒരു വിവാദമായ സിനിമയില്‍ അഭിനയിച്ചിരുന്നു. ആ സിനിമ അദ്ദേഹം കണ്ടിരുന്നു.
ആ സിനിമ ഇറങ്ങിയ സമയത്ത് അദ്ദേഹം സെന്‍സര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. ആ കാര്യം എനിക്ക് അദ്ദേഹം പറയുന്നത് വരെ അറിയില്ലായിരുന്നു എന്നതാണ് സത്യം. പടത്തിന്റെ പേര് കുറ്റപട്രികൈ എന്നായിരുന്നു. സിനിമയില്‍ പൊളിലിറ്റിക്കല്‍ പാര്‍ട്ടി ബേസ്ഡായ ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു.
ഞാന്‍ അദ്ദേഹത്തോട് സംസാരിച്ച ദിവസം സാര്‍ ആ സിനിമയുടെ കാര്യം എന്നോട് ചോദിച്ചു. അദ്ദേഹത്തിന് ഇന്നും ആ സിനിമ ഓര്‍മയുണ്ടെന്ന് മനസിലായപ്പോള്‍ ഞാന്‍ ശരിക്കും ഷോക്കാകുയായിരുന്നു. 17 വര്‍ഷം മുമ്പായിരുന്നു ആ സിനിമ പുറത്തിറങ്ങിയതെന്ന് ഓര്‍ക്കണം,’ റഹ്‌മാന്‍ പറഞ്ഞു.
Content Highlight: Rahman Talks About Kuttrapathirikai Movie And Amitabh Bachchan