മന്ത്രി സജി ചെറിയാന് ഇന്നൊരു പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചു എന്ന്. മിസ്റ്റര്‍ മിനിസ്റ്റര്‍, താങ്കളെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാനുള്ള എല്ലാ വകുപ്പും താങ്കള്‍ തന്നെ സ്വയം സൃഷ്ടിച്ചു നല്കുയായിരുന്നില്ലേ
1 ) സിനിമാ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളും തൊഴില്‍പരമായ വിവേചനങ്ങളും ചൂണ്ടിക്കാട്ടുന്ന ഒരു റിപ്പോര്‍ട്ട് വര്‍ഷങ്ങളോളം മേശപ്പുറത്തിരുന്നിട്ടും അത് വായിച്ചു നോക്കുക പോലും ചെയ്തിട്ടില്ലെന്ന് പരസ്യമായി പറഞ്ഞത് താങ്കളാണ്, മാധ്യമങ്ങളല്ല..
സര്‍ക്കാര്‍ പണം ചിലവാക്കി സര്‍ക്കാരുണ്ടാക്കിയ കമ്മറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആ വകുപ്പ് ഭരിക്കുന്ന മന്ത്രി ആ റിപ്പോര്‍ട്ട് വായിച്ചില്ല എന്ന് പറയുമ്പോള്‍ അത് നല്കുന്ന സന്ദേശമെന്താണ്. ആ ഇന്ഡസ്ട്രിയിലെ പീഡകരുടെ പേരുകളും അവര്‍ നടത്തിയ ക്രിമിനല്‍ കുറ്റങ്ങളുടെ പട്ടികയും നിരത്തുന്ന ഒരു റിപ്പോര്‍ട്ട് വര്‍ഷങ്ങള്‍ മേശപ്പുറത്ത് വെച്ചിട്ട് അതിലൊരു നടപടിയും എടുത്തില്ല എന്ന് മാത്രമല്ല,അത് വായിച്ചു നോക്കിയിട്ട് പോലുമില്ല എന്ന് പറഞ്ഞ താങ്കള്‍ക്ക് സ്ത്രീ രക്ഷകനെന്ന ഇമേജ് ചാര്ത്തിത്തരണമോ മാധ്യമങ്ങള്‍?
2) പരാതിയുള്ളവര്‍ മുന്നോട്ട് വരട്ടെ, സര്‍ക്കാര്‍ അവരെ സഹായിക്കാന്‍ തയ്യാറാണ് എന്ന് നിരന്തരം പറഞ്ഞ നിങ്ങള്‍ രഞ്ജിത്തിനെതിരെ ഒരു പ്രമുഖ നടി അവര്‍ക്കേറ്റ പീഡനം തുറന്ന് പറഞ്ഞപ്പോള്‍ എടുത്ത സമീപനമെന്താണ്?. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്ന് പ്രഖ്യാപിക്കുകയാണ് താങ്കള്‍ ചെയ്തത്.
ജയസൂര്യ എന്നെ കടന്നുപിടിച്ചു, ബലമായി ചുംബിച്ചു; ഗുരുതര ആരോപണവുമായി നടി
ഗൗരവതരമായ ഒരു പരാതി ഉയരുന്ന സന്ദര്‍ഭത്തില്‍ അങ്ങിനെയൊരു വാചകം പറഞ്ഞ താങ്കളെ സ്ത്രീ രക്ഷകനെന്നു വിളിക്കണമോ?. സര്‍ക്കാരിന്റെയോ രാഷ്ട്രീയ സമ്മര്ദ്ധത്തിന്റെയോ ഫലമായല്ല, രഞ്ജിത്ത് രാജി വെച്ചത്, കക്ഷി രാഷ്ട്രീയ ഭേദമന്യ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്ന ശക്തമായ പ്രതികരണത്തെത്തുടര്‍ന്നാണ് ഒരു നിവൃത്തിയുമില്ലാതെ അയാള്‍ രാജി വെച്ചത്. ആ രാജിയില്‍ താങ്കള്‍ക്കൊരു റോളുമില്ല. അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിലായിരുന്നു താങ്കള്‍ക്കുള്ള റോള്‍.
3) നടി രേവതി സമ്പത്ത് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ കേട്ടോ ഇല്ലയോ?.. ഓഡിഷന് വേണ്ടിയെന്ന പേരില്‍ ഹോട്ടലിലെ റൂമിലേക്ക് വിളിച്ചു വരുത്തി ഒരു നടന് നടത്തിയ അതിക്രൂരമായ ലൈംഗിക പീഡനങ്ങളാണ് അവര്‍ തുറന്ന് പറഞ്ഞത്. അയാള്‍ അയച്ച എണ്ണമറ്റ അശ്ലീല മെസ്സേജുകള്‍ അവരുടെ വാട്സാപ്പില്‍ ഇപ്പോഴുമുണ്ടെന്നും അവര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍..
സ്വന്തം നിലയില്‍ പരാതിക്ക് പോകാനും അതിന്റെ പിറകില്‍ നടക്കാനുള്ള മാനസികക്കരുത്ത് എനിക്കില്ല എന്നും സംഘര്‍ഷങ്ങളിലൂടെയും ട്രോമയിലൂടെയും കടന്ന് പോയ നാളുകള്‍ വീണ്ടും വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
ശക്തിമാനെക്കുറിച്ച് ബേസില്‍ അധികം സംസാരിക്കാത്തതിന്റെ കാരണം അതാകും: ജീത്തു ജോസഫ്
സിനിമാ മേഖല കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയില്‍ ഇത്തരമൊരു ക്രിമിനലിനെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ താങ്കള്‍ തയ്യാറാകുമോ അതോ ആ ചുമതല കൂടി ഇരയുടെ തലയില്‍ തന്നെ കെട്ടിവെക്കുമോ?.. ആ പണിയും ഞങ്ങള്‍ എടുക്കണമോ എന്ന നടി പാര്‍വതിയുടെ ചോദ്യം താങ്കളെ ഒട്ടും അലോസരപ്പെടുത്തിയല്ലേ?.. പരാതി നേരിട്ട് കൊടുക്കാനും നിയമയുദ്ധം നടത്താനും താങ്കളുടെ സ്റ്റഡി ക്ളാസ് ഇരകള്‍ക്ക് ആവശ്യമില്ല. അതവര്‍ക്കറിയാം.
കഴിഞ്ഞ കാലങ്ങളില്‍ പരാതിയുമായി പോയവര്‍ അനുഭവിച്ച ദുരിതങ്ങളും അവരുടെ മുന്നിലുണ്ട്. ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിനെന്ത് കഴിയും എന്നതാണ് ചോദ്യം. ഒരു റോളും സര്‍ക്കാരിനില്ല എന്നാണ് താങ്കളുടെ ഉത്തരമെങ്കില്‍ ഇപ്പോഴിരിക്കുന്ന സീറ്റില്‍ ഒരു നിമിഷം തുടരാന്‍ താങ്കള്‍ക്ക് യോഗ്യതയില്ല എന്നാണര്‍ത്ഥം. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി ഇരകള്‍ക്ക് സ്റ്റഡി ക്ലാസ്സ് കൊടുക്കുന്ന ജോലി മാത്രമാണ് താങ്കളുടേതെങ്കില്‍ ഇപ്പോള്‍ ചാര്‍ത്തിക്കിട്ടിയ ടൈറ്റിലിന് താങ്കള്‍ സര്‍വഥാ യോഗ്യന്‍ തന്നെയാണ്.
എണ്ണിപ്പറയുകയാണെങ്കില്‍ പറയാന്‍ ഏറെ ഇനിയുമുണ്ട്..
ഹേമ കമ്മറ്റി പുറത്ത് വന്ന ശേഷം താങ്കള്‍ നടത്തിയ പ്രസ്താവനകളും താങ്കളുടെ സമീപനങ്ങളും താങ്കളുടെ ശരീരഭാഷയും ഏറ്റവും വലിയ ഡാമേജ് ഉണ്ടാക്കിയത് താങ്കള്‍ക്കും താങ്കളുടെ സര്‍ക്കാരിനും തന്നെയാണ്. ഇരകള്‍ക്കല്ല ആ ഡാമേജ് ഉണ്ടായിട്ടുള്ളത്. താങ്കള്‍ക്ക് സ്ത്രീവിരുദ്ധനെന്ന ഇമേജ് വന്നിട്ടുണ്ടെങ്കില്‍ അത് താങ്കള്‍ ചോദിച്ചു വാങ്ങിയതാണ്, ആരും ചാര്‍ത്തിത്തന്നതല്ല.
ബഷീര്‍ വള്ളിക്കുന്ന്