ആ നായിക എന്റെ ക്ഷമ പരീക്ഷിച്ചു, എന്നാല്‍ അതേ സിനിമയില്‍ സംസ്ഥാന അവാര്‍ഡ് വാങ്ങി ഞെട്ടിച്ചു: സത്യന്‍ അന്തിക്കാട്

മലയാളത്തിലേക്ക് നിരവധി മികച്ച നായികമാരെ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സത്യന്‍ അന്തിക്കാടിന്റെ ഒരു ചിത്രത്തില്‍ ഒരവസരം ലഭിക്കാന്‍ നായികമാര്‍ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.

അത്തരത്തില്‍ മലയാളികള്‍ക്ക് ഒരു പുതുമുഖ നായികയെ സമ്മാനിച്ച ഒരു ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍. ജയറാമും തിലകനും മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ സ്‌കോര്‍ ചെയ്ത നായികയായിരുന്നു സംയുക്താ വര്‍മ. ആദ്യമായി അഭിനയിക്കുന്നതിന്റെ വലിയ പതര്‍ച്ചയൊന്നും സംയുക്തയുടെ അഭിനയത്തില്‍ ഉണ്ടായിരുന്നില്ല.

മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയുടെ ഒരു കവര്‍ പേജ് കണ്ടിട്ടാണ് സത്യന്‍ അന്തിക്കാട് സംയുക്തയെ തന്റെ സിനിമയിലേക്ക് വിളിക്കുന്നത്.

എന്നാല്‍ ഷൂട്ടിനിടയില്‍ സംയുക്ത തന്റെ ക്ഷമ പരീക്ഷിച്ചിട്ടുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ആദ്യ സിനിമയായതിനാല്‍ പല സ്ഥലത്തും സംയുക്തക്ക് സംശയം ഉണ്ടായിരുന്നുവെന്നും അന്ന് ഫിലിമില്‍ ഷൂട്ട് ചെയ്യുന്നത് കൊണ്ട് അതൊരു പ്രയാസമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. എന്നാല്‍ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സംയുക്ത നേടിയെടുത്തെന്നും തന്നെ സംബന്ധിച്ച് അത് വലിയൊരു സന്തോഷമായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘എന്റെ ക്ഷമ പരീക്ഷിച്ച നായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. സംയുക്ത വര്‍മ ആദ്യമായി അഭിനയിക്കുന്നത് എന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലാണ്. മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയുടെ ഒരു കവര്‍ പേജ് കണ്ടിട്ടാണ് സംയുക്ത വര്‍മയിലേക്ക് എത്തുന്നത്.

പി.വി. ഗംഗാധരനാണ് സിനിമ നിര്‍മിച്ചത്. അദ്ദേഹത്തിന്റെ വൈഫ് ഷെറിന്‍ ചേച്ചിയാണ് ഗൃഹലക്ഷ്മിയുടെ കവര്‍ പേജിലുള്ള സംയുക്തയുടെ ഫോട്ടോ എന്നെ കാണിച്ചിട്ട് ഈ കുട്ടി നമ്മുടെ കഥാപാത്രത്തിന് പറ്റുന്നതാണല്ലേയെന്ന് ചോദിക്കുന്നത്. ഞാന്‍ നോക്കുമ്പോള്‍ വളരെ കറക്റ്റാണ്. എനിക്കും അത് ശരിയായി തോന്നി. അങ്ങനെ ഞാന്‍ ബുദ്ധിമുട്ടി അവരെ തേടി പിടിച്ച് കൊണ്ടുവന്നു. അങ്ങനെ ഷൂട്ട് തുടങ്ങി.

പുതിയ കുട്ടിയാണല്ലോ. ഷൂട്ട് ചെയ്യുമ്പോള്‍ ചില ഭാഗങ്ങള്‍ അവര്‍ക്ക് മനസിലാവുകയേയില്ല. സംയുക്തയാണെങ്കില്‍ കുറേ സംശയവും ചോദിക്കും. അന്ന് ഷൂട്ട് ചെയ്യുന്നത് ഫിലിമിലാണ്. കുറേ ടേക്കുകള്‍ പോകേണ്ടി വന്നു.

400 അടി ഫിലിം എടുത്താല്‍ അതില്‍ ഒരു നാലഞ്ചു ടേക്ക് എടുക്കുമ്പോഴേക്കും ആ നാന്നൂറടി കഴിയും. അടുത്തത് കയറ്റേണ്ടി വരും. ഈ ഫിലിമൊക്കെ നല്ല വില കൊടുത്തിട്ട് വാങ്ങുന്നതാണെന്ന് ഞാന്‍ സംയുക്തയോട് പറഞ്ഞു.

എന്നെ തന്നെ വെച്ചിട്ട് അഭിനയിപ്പിക്കണമെന്ന് നിര്‍മാതാവിനോട് ഞങ്ങള്‍ പറഞ്ഞതല്ലല്ലോ എന്നായി സംയുക്ത. അവര്‍ അത്രയും ഇന്നസെന്റാണ്. സത്യത്തില്‍ അത്രയും കഴിവുള്ള, ക്വാളിറ്റിയുള്ള അഭിനയം പുറത്തെടുക്കാന്‍ വേണ്ടിയാണ് അത്രയും ക്ഷമ കാണിച്ചത്.
മാത്രമല്ല ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് വന്നപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ആ പടത്തിലെ അഭിനയത്തിന് സംയുക്തക്ക് ലഭിച്ചു,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.