കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിലെ സാന്നിധ്യമാണ് സംവിധായകന് ഷാജി എന്‍. കരുണ്‍. ഒരുപിടി മികച്ച സിനിമകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. സംവിധാനത്തിന് പുറമെ ഛായാഗ്രഹകനായും പേരെടുത്ത വ്യക്തിയാണ് അദ്ദേഹം.
മമ്മൂട്ടിയെ നായകനാക്കി 2009ല്‍ ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് കുട്ടി സ്രാങ്ക്. മികച്ച ചിത്രം, ഛായാഗ്രഹകന് തുടങ്ങി ഏഴ് ദേശീയ അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചിരുന്നു.
എന്നാല്‍ സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നില്ല. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ച ചിത്രം കൂടിയായിരുന്നു ഇത്.
അന്നത്തെ അവാര്‍ഡ് നിര്‍ണയത്തെ കുറിച്ചും മമ്മൂട്ടിക്ക് പുരസ്കാരം ലഭിക്കാതെ പോയതിന്റെ കാരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷാജി എന്‍. കരുണ്‍. മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി എന്‍. കരുണ്‍.
മമ്മൂട്ടിക്ക് പകരം ആ വര്‍ഷത്തെ പുരസ്കാരം ഒരു ബോളിവുഡ് നടന് ലഭിച്ചെന്നും മികച്ച നടന്മാരുടെ അവാര്‍ഡിന്റെ പേരിലാണ് പലപ്പോഴും ബോളിവുഡ് മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അതിന് വേണ്ടി അവര്‍ ശ്രമിച്ചെന്നുമായിരുന്നു ഷാജി എന്‍. കരുണ്‍ പറഞ്ഞത്.
സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും ഷാജി എന്‍.കരുണ്‍ പറഞ്ഞു.
‘ആ വര്‍ഷം മികച്ച സിനിമയടക്കം ഏഴ് അവാര്‍ഡാണ് കുട്ടി സ്രാങ്കിന് കിട്ടിയത്. മമ്മൂട്ടി മികച്ച നടനാകും എന്നായിരുന്നു എല്ലാവരും വിചാരിച്ചത്. ബോളിവുഡ് ഇന്‍ഡസ്ട്രി പലപ്പോഴും മികച്ച നടനുള്ള അവാര്‍ഡിന് വേണ്ടി പരിശ്രമിക്കും.
കാരണം, ആ അവാര്‍ഡ് കിട്ടിയ നടനെ വെച്ച് അവര്‍ക്ക് ഒരുപാട് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയും. ആ ഇന്‍ഡസ്ട്രിയില്‍ നിന്ന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയവരെ നോക്കിയാല്‍ അത് മനസിലാകും.
ആ വര്‍ഷം മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ നടനും അത്തരത്തില്‍ മാര്‍ക്കറ്റിങ്ങിന് വേണ്ടി അവാര്‍ഡ് കൊടുത്തതാകാം. പക്ഷേ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ എല്ലാവര്ക്കും വിഷമമുണ്ടായിരുന്നു.
രണ്ട് നടന്മാര് തമ്മില്‍ പങ്കിട്ട് എടുക്കുകയെങ്കിലും ചെയ്യാമായിരുന്നു. മാത്രമല്ല, ആകയുള്ള 50 അവാര്‍ഡില്‍ ഏഴെണ്ണം ഒരൊറ്റ സിനിമ കൊണ്ടുപോയതും മറ്റൊരു കാരണമാകാം,’ ഷാജി. എന്‍. കരുണ്‍ പറഞ്ഞു.
Content Highlight: Shaji N Karun Says Why Mammootty Missed National Award