എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ വലിച്ചുകീറിയില്ലേ; ഇവരൊന്നും അത് മനസ്സിലാക്കുന്നില്ല: ഷിബു ബേബി ജോണ്‍

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോയില്‍ വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ ലിജോയ്‌ക്കൊപ്പം ഒന്നിക്കുന്ന ചിത്രം ഒരു സൂപ്പര്‍ഹിറ്റായിരിക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചെങ്കിലും ചിത്രം തിയേറ്ററില്‍ വര്‍ക്കായില്ല.

മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന എന്ന ടാഗ് ലൈനില്‍ എത്തിയ ചിത്രം പക്ഷേ സ്ലോ പേസില്‍ ആയത് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചു. ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതോടെ തന്റെ സിനിമയ്‌ക്കെതിരെ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് പറഞ്ഞ് ലിജോയ്ക്ക് പത്രസമ്മേളനം വിളിക്കേണ്ടി വന്നു.

അന്ന് സിനിമയ്‌ക്കെതിരെ വന്ന വിമര്‍ശനങ്ങളെ കുറിച്ചും സിനിമ നേരിട്ട ഡീഗ്രേഡിങ്ങിനെ കുറിച്ചും ലിജോ ജോസ് പെല്ലിശേരി അനുഭവിച്ച മാനസിക വിഷമത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് ഷിബു ബേബി ജോണ്‍.

ഷൂട്ട് തുടങ്ങിയ മുതല്‍ തലേദിവസം ഇതിന്റെ വര്‍ക്ക് തീരുന്നത് വരെ ലിജോ അനുഭവിച്ച സമ്മര്‍ദ്ദം താന്‍ നേരിട്ട് കണ്ടതാണെന്നും ഒരു മോശം പടം എടുക്കാന്‍ വേണ്ടിയിട്ടായിരുന്നില്ല ഒരിക്കലും അദ്ദേഹം ആ ടെന്‍ഷന്‍ അനുഭവിച്ചതെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.

പുള്ളിയുടെ ഏറ്റവും നല്ല ക്രിയേറ്റിവിറ്റിയായിരുന്നു വാലിബനെന്നും മോഹന്‍ലാലിനെ എങ്ങനെ പുള്ളി കാണാന്‍ ആഗ്രഹിക്കുന്നു എന്നതാണ് സിനിമയില്‍ ഉള്ളതെന്നും എന്നാല്‍ സിനിമ റിലീസായതിന് പിന്നാലെ എല്ലാവരും കൂടി ലിജോയെ വലിച്ചുകീറിയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

‘ എല്ലാവരും കൂടി ലിജോയെ ആക്രമിച്ചില്ലേ. സ്വാഭാവികമായിട്ടും അദ്ദേഹത്തിന് വിഷമം ഉണ്ടാകും. ഞാന്‍ ഈ ആ വ്യക്തിയെ സിനിമയുടെ ഭാഗമായിട്ടാണ് പരിചയപ്പെട്ടത്. ഒന്നര വര്‍ഷം ഞങ്ങള്‍ വളരെ അടുത്ത ഒരു ബന്ധമായിരുന്നു.

ആ മനുഷ്യന്‍ അനുഭവിച്ച ടെന്‍ഷന്‍ എത്രത്തോളമാണെന്ന് എനിക്കറിയാം. ഷൂട്ടിങ്ങിന്റെ ആരംഭം മുതല്‍ തലേദിവസം ഇതിന്റെ വര്‍ക്ക് തീരുന്നത് വരെ അനുഭവിച്ച സമ്മര്‍ദ്ദം ഞാന്‍ കണ്ടതാണ്. ഒരു മോശം പടം എടുക്കാന്‍ വേണ്ടീട്ടില്ലല്ലോ അദ്ദേഹം ഇങ്ങനെ ഒരു ടെന്‍ഷന്‍ അനുഭവിച്ചത്.

സിനിമ ഇറങ്ങിയ ശേഷമുള്ള ഡീഗ്രേഡിങ് അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. അദ്ദേഹത്തിനുണ്ടായ ഒരു വേദനയുണ്ട്, ഇവരൊന്നും അത് മനസ്സിലാക്കുന്നില്ല.

ലിജോ ചെയ്ത തെറ്റെന്താണ്. ഒന്നര വര്‍ഷം ആലോചിച്ച് ആലോചിച്ച് ഉണ്ടാക്കിയ ഒരു പടം ചിലവര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ലായിരിക്കാം സ്ലോ ആയിരിക്കാം, ശരിയാണ്. എന്നുകരുതി ഒരാളെ ഇല്ലായ്മ ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കേണ്ടതുണ്ടോ. ഇത്രയും വലിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയരേണ്ടിയിരുന്നോ,’ ഷിബു ബേബി ജോണ്‍ ചോദിച്ചു.