അഭിമുഖങ്ങളിലെ പെരുമാറ്റത്തിലൂടെ പലപ്പോഴും വിമര്‍ശനവും പരിഹാസവും കേള്‍ക്കാറുള്ള നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോള്‍ അഭിമുഖങ്ങളിലെ തന്റെ അച്ചടക്കത്തെ കുറിച്ച് പറയുകയാണ് ഷൈന്‍. താന്‍ എല്ലാ ലൊക്കേഷനിലും അച്ചടക്കത്തോടെയാണ് ഇരിക്കാറുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ ഏറ്റവും പുതിയ ചിത്രമായ പതിമൂന്നാം രാത്രിയുടെ പ്രൊമോഷന്റെ ഭാഗമായി വണ്‍ റ്റു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. ലൊക്കേഷനും തന്റെ കഥാപാത്രത്തിനും വേണ്ട അച്ചടക്കത്തോടെയാണ് താന്‍ ഇരിക്കാറുള്ളതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഇന്റര്‍വ്യൂവില്‍ മാത്രമാണ് താന്‍ അച്ചടക്കമില്ലാതെ ഇരിക്കുന്നതെന്നും ഷൈന്‍ പറയുന്നു.
‘ഞാന്‍ എല്ലാ ലൊക്കേഷനിലും അച്ചടക്കത്തോടെയാണ് ഇരിക്കാറുള്ളത്. അതായത് ആ ലൊക്കേഷന് വേണ്ട അച്ചടക്കത്തോടെയും എന്റെ കഥാപാത്രത്തിന് വേണ്ട അച്ചടക്കത്തോടെയുമാണ് ഞാന്‍ ഇരിക്കാറുള്ളത്. അച്ചടക്കമില്ലാതെ ഇരിക്കുന്നത് ഇന്റര്‍വ്യൂവില്‍ മാത്രമാണ്. അത് എന്റെ ജോലിയല്ല, നിങ്ങളുടെ ജോലിയാണ്. എന്റെ ജോലിയല്ല എന്നത് കൊണ്ട് ഉദേശിക്കുന്നത്.
ഞാന്‍ ഇവിടെ വളരെ അച്ചടക്കത്തോടെ ഇരിക്കുന്നത് ആര്‍ക്കും കാണേണ്ട ആവശ്യമില്ല എന്നതാണ്. അച്ചടക്കത്തോടെ ഇരിക്കാനും എന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങാനുമായിട്ടല്ല ഞാന്‍ ഇന്റര്‍വ്യു കൊടുക്കുന്നത്. ആളുകള്‍ എങ്ങനെയെങ്കിലും എന്റെ പടം കാണാന്‍ വേണ്ടിയാണ് ഈ ഇന്റര്‍വ്യു നല്‍കുന്നത്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
Content Highlight: Shine Tom Chacko Talks About Himself