മലയാളത്തിന്റെ ഇപ്പോഴത്തെ നിത്യഹരിത മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് പറയുകയാണ് സംവിധായകന് സിബി മലയില്‍. മുമ്പ് നിത്യഹരിത നായകനെന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നത് പ്രേം നസീറിനെയാണെന്നും എന്നാല്‍ ഇന്ന് അതിനേക്കാള്‍ ചെറുപ്പത്തിലും യൗവനത്തിന്റെ തിളക്കത്തിലും നില്‍ക്കുകയാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍.
Also Read: ആ തെറ്റിദ്ധാരണയുടെ പേരില്‍ ചിലര്‍ എന്റെയും അപ്പുവിന്റെയും കാസ്റ്റിങ് വേണ്ടെന്ന് വെച്ചു: ആസിഫ് അലി
‘ഞാന്‍ മമ്മൂട്ടിയെ ആദ്യമായിട്ട് നേരില്‍ കാണുന്നത് 1981ലായിരുന്നു. അന്ന് അദ്ദേഹം പടയോട്ടം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി വന്നതായിരുന്നു. അദ്ദേഹം മലമ്പുഴയിലേക്ക് വരുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോയത് ഞാനായിരുന്നു. അന്ന് യൂണിറ്റിലുള്ള ഡ്രൈവര്‍മാര്‍ക്കൊന്നും അത്ര മുഖപരിചയമുള്ള ഒരു നടനായിരുന്നില്ല മമ്മൂട്ടി.
അന്ന് അദ്ദേഹത്തെ സ്ക്രീനിലെങ്കിലും കണ്ടിരുന്ന ആള് ഞാനായിരുന്നു. അതുകൊണ്ടായിരുന്നു എന്നെ തന്നെ അവര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടത്. 1981ല്‍ ഞാന്‍ കണ്ട മമ്മൂട്ടിയില്‍ നിന്നും ഇന്ന് 2024ല്‍ എത്തി നില്‍ക്കുകയാണ്.
Also Read: ആ രണ്ട് ചിത്രങ്ങളിൽ വേണു ചേട്ടന് നാഷണൽ അവാർഡ് ജസ്റ്റ് മിസ്സായി: ജഗദീഷ്
ഇന്ന് അദ്ദേഹത്തിന്റെ രൂപത്തിലോ ആകാരത്തിലോ ഒന്നുംതന്നെ യാതൊരു വ്യത്യാസവുമില്ല എന്നതാണ് സത്യം. പിന്നെ മുന്‍കാലങ്ങളില്‍ നമ്മള് നിത്യഹരിത നായകനെന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നത് പ്രേം നസീര്‍ സാറിനെയായിരുന്നു. പക്ഷെ അദ്ദേഹം തനിക്ക് 63 വയസുള്ളപ്പോള്‍ കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞുപോയി.
ആ പ്രായത്തിലാണ് അദ്ദേഹത്തെ നമ്മള് നിത്യഹരിത നായകനെന്ന് വിശേഷിപ്പിച്ചത്. ആ പ്രായവും കടന്ന് ഇന്ന് നമ്മുടെ മുന്നില്‍ മമ്മൂട്ടി അതിനേക്കാള്‍ ചെറുപ്പത്തില്‍ അതിനേക്കാള്‍ യൗവനത്തിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ്. അതിനാല്‍ മലയാളത്തിന്റെ നിത്യഹരിത മെഗാസ്റ്റാര്‍ മമ്മൂട്ടി ആണെന്ന് പറയേണ്ടി വരും’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Mammootty