അന്‍വര്‍ റഷീദിനെ കുറിച്ചും ഷൈജു ഖാലിദിനെ കുറിച്ചും അമല്‍ നീരദിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. എന്തുകൊണ്ടാണ് ഇവരൊന്നും ക്യാമറയ്ക്ക് മുന്നില്‍ വരാത്തത് എന്ന ചോദ്യത്തിനായിരുന്നു സൗബിന്റെ മറുപടി.
അവര്‍ക്കൊന്നും അതല്ല ഇഷ്ടമെന്നും ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാന്‍ തന്നെയാണ് താത്പര്യമെന്നുമായിരുന്നു സൗബിന്റെ മറുപടി.
‘അവര്‍ എല്ലാം മുന്നോട്ടു വന്ന് സംസാരിച്ചു കഴിഞ്ഞാല്‍ നല്ല രസമാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം വരാത്തത്. അവര്‍ കറക്ട് ആയിട്ടുള്ള കാര്യങ്ങള്‍ പറയും. കൃത്യം കാര്യങ്ങളേ പറയൂ. അത് സത്യങ്ങള്‍ ആയിരിക്കും.
സമീര്‍താഹിര്‍, അമല്‍ നീരദ്, ഷൈജു ഖാലിദ് അന്‍വര്‍ റഷീദ് ഇവരൊക്കെ അങ്ങനെയാണ്. അമലേട്ടന്‍ ഫിലിം പ്രൊമോഷനൊന്നും കൊടുക്കുകയേ ഇല്ല. ഒറ്റയ്ക്ക് ഏതെങ്കിലും അഭിമുഖങ്ങള്‍ കൊടുത്താല്‍ ആയി. ഷൈജുവും സമീറും അന്‍വര്‍ റഷീദുമൊന്നും ഗ്രൂപ്പായി വന്ന് ഒരു സിനിമാ പ്രൊമോഷനും കൊടുത്തിട്ടില്ല.
മഹാരാജാസില്‍ നാടകത്തില്‍ ബെസ്റ്റ് ആക്ടറായിരുന്നു അന്‍വര്‍ റഷീദ്. അദ്ദേഹം നന്നായിട്ട് അഭിനയിക്കും. അമലേട്ടന്‍ പലവട്ടം ശ്രമിച്ചിരുന്നു അമ്പൂക്കയെ വെച്ച് പടം ചെയ്യാന്‍.
അന്‍വര്‍ എന്ന പടം ഏറ്റവും ആദ്യം ആലോചിച്ചത് അന്‍വര്‍ റഷീദിനെ വെച്ചിട്ടായിരുന്നു. അദ്ദേഹം സമ്മതിക്കാത്തതുകൊണ്ട് മാത്രമാണ് നടക്കാതിരുന്നത്.
അതിന് മുന്‍പും ഇങ്ങനെ ആയിരുന്നു. പിന്നെ അമലേട്ടന്‍ പടം ചെയ്തു. ഇനി നീ എന്നോട് ചോദിക്കാതെ പുറത്ത് എങ്ങാന്‍ പടം ചെയ്താല്‍ എന്ന് പറഞ്ഞു.(ചിരി) ഇവര്‍ ഒരുമിച്ചായിരുന്നല്ലോ.
അമ്പുക്ക കലക്കന്‍ നടനാണ്. ഞാന്‍ കണ്ടതില്‍ വെച്ച്. ഡയറക്ഷന്‍ സമയത്ത് ആ ക്യാരക്ടര്‍ ഉള്‍ക്കൊള്ളേണ്ട കാര്യം പറഞ്ഞു തരുന്നതും ആ മൂഡുമൊക്കെ കാണുമ്പോള്‍ നമുക്കറിയാം പുള്ളി കലക്കന്‍പരിപാടി ആണെന്ന് ട്രാന്‍സിന്റെ സമയത്തൊക്കെ അങ്ങനെ ആയിരുന്നു,’ സൗബിന്‍ പറഞ്ഞു.
ഒരു നടനായി അന്‍വര്‍ റഷീദ് വരുമോ എന്ന ചോദ്യത്തിന് ഒരിക്കലും വരില്ലെന്നായിരുന്നു സൗബിന്റെ മറുപടി. അഭിമുഖങ്ങളില്‍ ഇരിക്കാന്‍ പോലും വരുന്നില്ലല്ലോ എന്നും സൗബിന്‍ പറഞ്ഞു.
Content Highlight: Soubin Shahir about Amal Neerad and Anwar Rasheed