കരിയറിലെ മാറ്റത്തെ എങ്ങനെ കാണുന്നെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മലയാളികളുടെ സ്വന്തം താരം ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് താരം.
മിന്നല്‍മുരളിക്കുശേഷം ടൊവിനോയുടെ ചിത്രങ്ങള്‍ക്ക് പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. എ.ആര്‍.എമ്മും ബഹുഭാഷാ റിലീസാണ്.
മിന്നല്‍ മുരളി എന്ന ചിത്രമാണ് കരിയറില്‍ വഴിത്തിരിവായതെന്നാണ് ടൊവിനോ പറയുന്നത്.
‘മിന്നല്‍ മുരളിക്ക് കിട്ടിയ പാന്‍ ഇന്ത്യന്‍ സ്വീകാര്യത ഒരേസമയം എനിക്ക് പുതിയ സാധ്യതകളും ഉത്തരവാദിത്തങ്ങളും നല്‍കിയിട്ടുണ്ട്.
എന്റെ സിനിമ കാണുന്ന പ്രേക്ഷകരുടെ എണ്ണം അതിനുശേഷം വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാനുള്ള ഉത്തരവാദിത്തമാണത്. അജയന്റെ രണ്ടാം മോഷണം പോലൊരു ബിഗ് ബജറ്റ് ചിത്രം വ്യത്യസ്ത ഭാഷകളില്‍ പുറത്തിറക്കാന്‍ സാധിക്കുന്നതും അത്തരമൊരു മാര്‍ക്കറ്റ് തുറന്നുകിട്ടിയതു കൊണ്ടുകൂടിയാണ്.
എ.ആര്‍.എമ്മിനുശേഷം ഐഡന്റിറ്റി എന്ന സിനിമയാണ് അടുത്ത റിലീസ്. ഫൊറന്‍സിക് സിനിമയുടെ സംവിധായകരാണ് ആ ചിത്രത്തിനുപിന്നില്‍. അജയന്റെ രണ്ടാം മോഷണത്തില്‍നിന്ന് ഏറെ വ്യത്യസ്തമായ ചിത്രമായിരിക്കും അതും.
പ്രേക്ഷകര്‍ക്ക് പ്രവചനാതീതനായ നടനാവാണ് ശ്രമിക്കുന്നത്. ഓരോ സിനിമയും കഥാപാത്രവും തൊട്ടുമുന്‍പേ ചെയ്തവയില്‍നിന്ന് വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം,’ ടൊവിനോ പറയുന്നു.
അജയന്റെ രണ്ടാം മോഷണത്തിലെ മൂന്നുകഥാപാത്രങ്ങളും വ്യത്യസ്ത കാലഘട്ടത്തിലുള്ളവരാണ്, ഏറെ മുന്നൊരുക്കങ്ങള്‍ വേണ്ടി വന്നിരുന്നോ എന്ന ചോദ്യത്തിന് ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ടൊവിയുടെ മറുപടി.
‘ആദ്യം ഒരു വര്‍ക്ഷോപ്പ് നടത്തി. അവിടൈവച്ച് കഥ വായിക്കുകയും റിഹേഴ്‌സലുകള്‍ ചെയ്തുനോക്കുകയും ചെയ്തു. യോദ്ധാവ്, കള്ളന്‍, ട്യൂഷന്‍ അധ്യാപകന്‍ എന്നിങ്ങനെ മൂന്നുരീതിയില്‍ ജീവിക്കുന്ന കഥാപാത്രങ്ങളാണ് കുഞ്ഞികേളുവും മണിയനും അജയനും. അതിനാല്‍ ഓരോ കഥാപാത്രത്തെയും ഏറെ സൂക്ഷ്മതയോടെയാണ് ആ വര്‍ക്ഷോപ്പില്‍വെച്ച് ഡിസൈന്‍ ചെയ്തത്.
സിനിമയ്ക്കുവേണ്ടി ഞാന്‍ കളരിപ്പയറ്റ് പഠിച്ച് ആറുമാസം പരിശീലിച്ചു. അതുപോലെ കൃത്യമായ സ്റ്റോറി ബോര്‍ഡും പ്രീവിഷ്വലൈസേഷനുമൊക്കെ ജിതിനും ടീമും ചെയ്തിരുന്നു. അതൊക്കെ എന്നെ ഈ കഥാലോകത്തേക്ക് എത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഈ മുന്നൊരുക്കങ്ങളെല്ലാം നടത്തിയശേഷമാണ് ഷൂട്ടിങ്ങാരംഭിച്ചത്. അതുകൊണ്ടുതന്നെ നല്ലരീതിയില്‍ ഷൂട്ട് പൂര്‍ത്തിയാക്കാനും കഴിഞ്ഞു,’ ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas about his career change and minnal murali