പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മിന്നല്‍ മുരളി 2. ഒ.ടി.ടി റിലീസായി എത്തിയ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം തിയേറ്ററില്‍ തന്നെ ആസ്വദിക്കാനാവുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.
മിന്നല്‍ മുരളിക്ക് ശേഷം സംവിധായകന്‍ ബേസില്‍ കൂടുതല്‍ അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതും ടൊവിനോയുടെ മറ്റ് സിനിമകളുടെ തിരക്കും കാരണം മിന്നല്‍ മുരളി 2 നീണ്ടുപോകുകയായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അധികം വൈകാതെ തന്നെ തുടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് ടൊവിനോ. മിന്നല്‍ മുരളി 2 വരുമ്പോള്‍ തങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്ന കുറച്ച് കാര്യങ്ങളെ കുറിച്ചും താരം മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘ മിന്നല്‍ മുരളി 2 വുമായി ബന്ധപ്പെട്ടുള്ള ഡിസ്‌കഷന്‍സ് നടക്കുന്നുണ്ട്. പക്ഷേ ബേസില്‍ ഭയങ്കര തിരക്കുള്ള നടനായിരിക്കുന്നു. അവന്‍ ഇനിയും തിരക്കുള്ള നടനാകും. പക്ഷേ ബേസില്‍ ജോസഫ് എന്ന സംവിധായകനെ നഷ്ടപ്പെടാന്‍ പാടില്ലാത്തതുകൊണ്ട് ഞങ്ങള്‍ പുഷ് ചെയ്ത് അവിടെ എത്തിക്കും.
ഇപ്പോള്‍ അവന്‍ ചെയ്തുകൊണ്ടിരിക്കുന്നത് മരണമാസ് എന്ന ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണ്. അതുകഴിഞ്ഞാല്‍ ഡയറക്ഷന്‍ പ്ലാനുണ്ട് അവന്. മരണമാസിലും സൂക്ഷ്മദര്‍ശിനിയിലും നമ്മള്‍ ഇത്രയും കാലം കാണാത്ത ബേസിലിന്റെ പെര്‍ഫോമന്‍സ് കാണാന്‍ കഴിയും.
അവന്‍ ഭയങ്കര ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. ആസ് ഏന്‍ ആക്ടര്‍ അവന്‍ ഇനിയും ബിസിയാവാന്‍ സാധ്യതയുണ്ട്. അതിന് മുന്‍പ് ഇതിന്റെ സംവിധാനം തീര്‍ത്തിട്ട് വേണം അവന് ഇനി അഭിനയിക്കാന്‍.
ഇപ്പോള്‍ അവന്‍ സംവിധാനം ചെയ്യാന്‍ പോകുന്നത് മറ്റൊരു സിനിമയാണ്. മിന്നല്‍ മുരളി 2 അല്ല. പക്ഷേ അതിന് ശേഷം മിന്നല്‍ മുരള2 ചെയ്യണമെന്ന് ഞങ്ങള്‍ക്ക് വലിയ ആഗ്രഹമുണ്ട്.
30 രാജ്യങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ടോപ്പ് 10 ലിസ്റ്റില്‍ മിന്നല്‍ മുരളിയുണ്ട്. മിന്നല്‍ മുരളി 2 പോലൊരു സിനിമ വരികയാണെങ്കില്‍ ആ 30 രാജ്യങ്ങളിലെ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ കണ്ടുപിടിച്ചിട്ട് അവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കും.
അല്ലെങ്കില്‍ നെറ്റ്ഫ്‌ളിക്‌സിന് അതില്‍ താത്പര്യമുണ്ടെങ്കില്‍ അവിടെ തന്നെ നേരിട്ട് റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ തിയേറ്ററിലും റിലീസ് ചെയ്യാനുമൊക്കെയുള്ള പ്ലാന്‍ ഉണ്ട്. ഹോളിവുഡിലൊക്കെ അങ്ങനെ ചെയ്യുന്നുണ്ട്.
ഒരേ സമയം രണ്ടിടത്തും റിലീസ് ചെയ്യുമ്പോള്‍ നെറ്റ്ഫ്‌ൡക്‌സില്‍ കാണേണ്ടവര്‍ക്ക് കാണാം. തിയേറ്ററില്‍ കാണേണ്ടവര്‍ക്ക് അങ്ങനെയും കാണാം. തിയേറ്റില്‍ എത്തിക്കാന്‍ പറ്റാത്ത രാജ്യങ്ങളില്‍ പോലും ആള്‍ക്കാര്‍ക്ക് ഇറങ്ങുന്ന അതേ ദിവസം തന്നെ നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.
അങ്ങനെയുള്ള കാര്യങ്ങളൊക്കെ മിന്നല്‍ മുരളി 2 വിന്റെ കാര്യത്തില്‍ ഞങ്ങളുടെ മനസിലുണ്ട്. അങ്ങനെ വലുതായൊക്കെ ചിന്തിച്ചെങ്കില്‍ മാത്രമേ മിന്നല്‍ മുരളി 2 വൊക്കെ ചെയ്യുന്നതില്‍ കാര്യമുള്ളൂ, ടൊവിനോ പറഞ്ഞു.
Content Highlight: Tovino Thomas About Minnal Murali 2 and Release Plan