രാജുവേട്ടന് ചില സൂപ്പര്‍ പവറുകള്‍ ഉള്ളതായി തോന്നിയിട്ടുണ്ട്: ടൊവിനോ

ടൊവിനോ എന്ന നടന്റെ കരിയറില്‍ വലിയൊരു ഇംപാക്ട് പൃഥ്വിരാജ് ഉണ്ടാക്കിയിട്ടുണ്ട്. ടൊവിനോ ആദ്യകാലങ്ങളില്‍ അഭിനയിച്ച രണ്ട് സിനിമകളിലും നായകന്‍ പൃഥ്വിയായിരുന്നു. ശ്യാംധര്‍ സംവിധാനം ചെയ്ത് 2014ല്‍ റിലീസായ സെവന്‍ത് ഡേയിലൂടെയാണ് ഈ കോമ്പോ ആദ്യമായി ഒന്നിച്ചത്. ടൊവിനോയെ ശ്രദ്ധേയനാക്കിയ എന്ന് നിന്റെ മൊയ്തീനിലും പൃഥ്വിയായിരുന്നു നായകന്‍.

Also Read: തൊമ്മനും മക്കളും സിനിമയിലെ ടൈറ്റില്‍ റോളില്‍ ആദ്യം മനസിലുണ്ടായിരുന്നത് മോഹന്‍ലാല്‍: ബെന്നി പി. നായരമ്പലം

പൃഥ്വിരാജ് ആദ്യമായി സംവിധായകക്കുപ്പായമണിഞ്ഞ ലൂസിഫറിലും ടൊവിനോ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ജതിന്‍ രാംദാസായി ടൊവിനോ തിയേറ്ററുകള്‍ ഇളക്കിമറിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും ജതിന്‍ രാംദാസിന്റെ സാന്നിധ്യമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.

മലയാളസിനിമയില്‍ മറ്റുള്ളവരുമായി കമ്പയര്‍ ചെയ്ത് നോക്കുമ്പോള്‍ പൃഥ്വിരാജിന് കുറച്ച് സൂപ്പര്‍പവറുകള്‍ ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് ടൊവിനോ പറഞ്ഞു. സാധാരണക്കാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ പൃഥ്വി സിമ്പിളായി ചെയ്യുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ ചിന്തിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ചിന്തയാണ് പൃഥ്വിയുടേതെന്നും ടൊവിനോ പറഞ്ഞു. മലയാളസിനിമയിലെ സൂപ്പര്‍ഹീറോയായി തനിക്ക് തോന്നിയിട്ടുള്ളത് പൃഥ്വിയെയാണെന്നും ടൊവിനോ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

Also Read: അര്‍ഹിക്കുന്ന അവാര്‍ഡ് തന്നെയാണ് ആ നടന് ലഭിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു: ആസിഫ് അലി

‘ഞാന്‍ എന്റെ ലൈഫില്‍ കണ്ട ഏറ്റവും വലിയ സൂപ്പര്‍ ഹീറോ എന്റെ അപ്പനാണ്. അത് ഞാന്‍ മുന്നേ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. മലയാളസിനിമയില്‍ സൂപ്പര്‍ പവറുകളുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ പൃഥ്വിരാജിനെ പറയാം. കാരണം അധികം ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളും പുള്ളി സിമ്പിളായി ചെയ്യുന്നത് കാണാറുണ്ട്.

അതുപോലെ പുള്ളിയുടെ ചിന്തകളും കുറച്ച് വ്യത്യസ്തമാണ്. എങ്ങനെയാണ് ഇതൊക്കെ ചെയ്യാനും ഇങ്ങനെയാക്കെ ചിന്തിക്കാനും പറ്റുന്നതെന്ന് ചില സമയത്ത് ആലോചിക്കാറുണ്ട്. നമുക്ക് അതൊന്നും പറ്റില്ലല്ലോ. അതൊക്കെ കൊണ്ട് തന്നെ മലയാളസിനിമയിലെ സൂപ്പര്‍ഹീറോയായി എനിക്ക് തോന്നിയിട്ടുള്ളത് പൃഥ്വിരാജിനെയാണ്,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about Prithviraj