വടക്കന്‍വീരഗാഥ റീ റിലീസ് ചെയ്യുന്നുണ്ട്, ഒരു തവണ ശ്രമിച്ച് പരാജയപ്പെട്ടു, ഒടുവില്‍ മമ്മൂക്ക ഇടപെട്ടു: സ്വര്‍ഗചിത്ര അപ്പച്ചന്‍

പഴയ സിനിമകളുടെ റീ റിലീസിന്റെ സമയമാണ് ഇത്. ദേവദൂതനില്‍ തുടങ്ങിയ ട്രെന്റ് മണിച്ചിത്രത്താഴിലാണ് എത്തിനില്‍ക്കുന്നത്. ഒരു സിനിമയുടെ റി റിലീസിങ് എന്ന് പറയുന്നത് അത്ര എളുപ്പമല്ലെന്നും മണിച്ചിത്രത്താഴിന്റെ റി റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് മാസമായി താന്‍ പരിശ്രമിക്കുകയാണെന്നും പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ സ്വര്‍ഗചിത്ര അപ്പച്ചന്‍.

ഇനിയും ഏറെ സിനിമകള്‍ റി റിലീസിന് ഒരുങ്ങുന്നുണ്ടെന്നും അതില്‍ പ്രധാനപ്പെട്ട ഒന്ന് മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ഹിറ്റുകളില്‍ ഒന്നായ വടക്കന്‍വീരഗാഥയാണെന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഒരു പടം റി റിലീസ് എന്ന് പറഞ്ഞാല്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അന്ന് എല്ലാം ഫിലിം ആണല്ലോ. എല്ലാം ഡിജിറ്റല്‍ ആക്കണം. 4 കെ ആക്കണം, കളര്‍ ഗ്രേഡിങ് നടത്തണം. കഴിഞ്ഞ പത്ത് മാസത്തോളമായി മണിച്ചിത്രത്താഴിന്റെ വര്‍ക്ക് തുടങ്ങിയിട്ട്. അത്രയും പണികളുണ്ട്.

മാത്രമല്ല ചെയ്തുവരുമ്പോള്‍ നമുക്ക് സാറ്റിസ്ഫാക്ഷന്‍ ഉണ്ടാകണം. ഞങ്ങളുടെ മണിച്ചിത്രത്താഴ് ചെയ്യുമ്പോള്‍ തന്നെ പി.വി.ജി നിര്‍മിച്ച മമ്മൂട്ടിയുടെ വടക്കന്‍വീരഗാഥയും അവിടെ ചെയ്തു. പക്ഷേ ചെയ്ത് കണ്ട് നോക്കിയപ്പോള്‍ അതിന്റെ കളറൊന്നും കൃത്യമായി കിട്ടിയിട്ടില്ല.

ഇപ്പോള്‍ വീണ്ടും അവര്‍ അത് ചെയ്യുകയാണ്. മണിച്ചിത്രത്താഴ് ചെയ്ത സോമന്‍പിള്ള എന്നൊരു കക്ഷിയുണ്ട്. ഇതിന് കുറച്ച് നല്ല പണിയുണ്ട്. മെനക്കെട്ട പണിയാണ്. സൗണ്ട് ചെയ്യണം കളര്‍ ചെയ്യണം മദ്രാസില്‍ രാവിലെ പോകണം. തിരുവനന്തപുരത്ത് പോണം. സൗണ്ട് എഞ്ചിനിയറെ കൊണ്ടുവന്ന് അത് വര്‍ക്ക് ഔട്ട് ആകണം.

വടക്കന്‍വീരഗാഥ അവര്‍ വിചാരിച്ച രീതിയില്‍ കിട്ടിയില്ല. ഒടുവില്‍ മമ്മൂട്ടി ഇടപെട്ട് സോമന്‍പിള്ളയെ വിളിച്ചിട്ട് ഇപ്പോള്‍ വടക്കന്‍വീരഗാഥ അദ്ദേഹത്തിന് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതും റീ റിലീസിന് വരുന്നുണ്ട്. ഒരു പുതിയ പടം ചെയ്യുന്ന അത്രയും തന്നെ സമയം വേണം റി റിലീസിനും.

അതിന്റെ പ്രധാന കാരണം അന്ന് ഫിലിമില്‍ ആണല്ലോ ചെയ്തത്. അത് കൃത്യമായി വര്‍ക്ക് ഔട്ട് ആയി കിട്ടണം. മണിച്ചിത്രത്താഴില്‍ നിന്ന് ഒന്നും കട്ട് ചെയ്തിട്ടില്ല. അത് ഫാസില്‍ സാറിന് നിര്‍ബന്ധമായിരുന്നു. റി റിലീസിന്റെ കാര്യം പറഞ്ഞപ്പോള്‍ രണ്ട് കാര്യമേ എന്നോട് പറഞ്ഞുള്ളൂ. ചെറിയൊരു സാധനം പോലും തൊടാന്‍ പാടില്ല. കട്ട് ചെയ്യാന്‍ പാടില്ല. ആഡ് ചെയ്യുകയും വേണ്ട. അത് അതേപോലെ ചെയ്യുകയാണെങ്കില്‍ അപ്പച്ചന്‍ ചെയ്‌തോളൂ എന്നാണ് പറഞ്ഞത്. അല്ലെങ്കില്‍ ചെയ്യരുത് എന്ന് പറഞ്ഞിരുന്നു,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.