സഹനടനായി കരിയര്‍ ആരംഭിച്ച് ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ താരമാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെയാണ് താരം നായകനായത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ താരം തന്റെ സാന്നിധ്യമറിയിച്ചു. വിജയ് സേതുപതിയുടെ 50ാം ചിത്രം മഹാരാജ ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി മാറി. 100 കോടി ക്ലബ്ബില്‍ ഇടം നേടാനും മഹാരാജക്ക് സാധിച്ചു.
തന്റെ കരിയറില്‍ ഒഴിവാക്കേണ്ടി വന്ന സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. ചില സിനിമകള്‍ ഒഴിവാക്കിയെങ്കിലും തന്നെക്കാള്‍ നന്നായി ആ സിനിമ മറ്റ് നടന്മാര്‍ ചെയ്തിട്ടുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു. കൈതി എന്ന ചിത്രം ആദ്യം താന്‍ ഒഴിവാക്കിയെന്നും എന്നാല്‍ കാര്‍ത്തി ആ സിനിമ വളരെ മനോഹരമായി ചെയ്തിട്ടുണ്ടെന്നും വി.ജെ.എസ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം താന്‍ കാര്‍ത്തിയെ വിളിച്ച് പറഞ്ഞിട്ടുണ്ടായിരുന്നെന്നും വിജയ് സേതുപതി പറഞ്ഞു.
എന്നാല്‍ ഒരു സിനിമ ഒഴിവാക്കിയതില്‍ താന്‍ ഇന്നും വിഷമിക്കുന്നുണ്ടെന്ന് വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. ഇസ്‌പേഡ് രാജാവും ഇദയ റാണിയും എന്ന സിനിമ ആദ്യം തന്റെയടുത്തേക്ക് വന്നിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ട് അത് ഒഴിവാക്കേണ്ടി വന്നെന്നും വിജയ് സേതുപതി പറഞ്ഞു. ആ സിനിമ കണ്ടപ്പോള്‍ അത് ഒഴിവാക്കിയതില്‍ ഒരുപാട് വിഷമിച്ചെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുപാട് സിനിമകള്‍ ഒഴിവാക്കിയിട്ടുണ്ട്. ചിലത് നമ്മളെക്കൊണ്ട് പറ്റാത്ത കഥയായതുകൊണ്ട് ഒഴിവാക്കേണ്ടി വരും. ചിലത് സമയമില്ലാത്തതുകൊണ്ട് ഒഴിവാക്കേണ്ടി വരും. അതൊക്കെ സിനിമയായി വരുമ്പോള്‍ നമ്മളെക്കാള്‍ നന്നായി മറ്റ് നടന്മാര്‍ ചെയ്ത് വെച്ചിട്ടുണ്ടാവും. അങ്ങനെ ഒരു സിനിമയാണ് കൈതി. ലോകേഷ് ആ പടത്തിന്റെ കഥ ആദ്യം എന്നോട് പറഞ്ഞിരുന്നു. അന്ന് പല കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കി. പക്ഷേ കാര്‍ത്തി ആ റോള്‍ വളരെ മനോഹരമായി ചെയ്തു.
എന്നോട് ചോദിച്ചിട്ടാണ് അവന്‍ കൈതി കമ്മിറ്റ് ചെയ്തത്. സിനിമ റിലീസായ ശേഷം അവനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ ഒരു സിനിമ ഉപേക്ഷിക്കേണ്ടി വന്നതില്‍ ഇന്നും വിഷമമുണ്ടെങ്കില്‍ അത് ഇസ്‌പേഡ് രാജാവും ഇദയ റാണിയുമാണ്. അന്നത്തെ തിരക്ക് കാരണം ആ സിനിമ വേണ്ടെന്ന് വെച്ചതായിരുന്നു. പക്ഷേ സിനിമ കണ്ടപ്പോള്‍ എന്തിനാണ് ഇത് മിസ് ചെയ്തതെന്ന് തോന്നിപ്പോയി. ഈ രണ്ട് സിനിമകളുമാണ് മെയിനായിട്ടുള്ളത്,’ വിജയ് സേതുപതി പറഞ്ഞു.
Content Highlight: Vijay Sethupathi about the scripts he rejected