ഒ ബേബി, ആര്‍.ഡി.എക്‌സ്, റൈഫിള്‍ ക്ലബ്ബ് തുടങ്ങി പോയ വര്‍ഷങ്ങളിലെ മികച്ച ചിത്രങ്ങളുടെ ഭാഗമായ നടനാണ് വിഷ്ണു അഗസ്ത്യ. സിനിമയെ അത്രയ്ക്ക് ആഗ്രഹിച്ച് ഈ മേഖലയില്‍ എത്തിയ നടനാണ് ഇദ്ദേഹം.
വിഷ്ണുവിന്റെ നിരവധി വെബ് സീരീസുകളും ചിത്രങ്ങളുമൊക്കെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
നടന്‍ മമ്മൂട്ടിയെ കുറിച്ചും സ്വന്തം കഴിവില്‍ ഒരു ആത്മവിശ്വാസ കുറവ് വരുമ്പോള്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നതിനെ കുറിച്ചുമൊക്കെ പറയുകയാണ് വിഷ്ണു.
താന്‍ ഒരിക്കലും ഒരു ബോണ്‍ ആക്ടര്‍ അല്ലെന്നും ഒരു കാലത്തും മറ്റുള്ളവരെ എന്റര്‍ടൈന്‍ ചെയ്യുന്ന രീതിയിലുള്ള ഒരു ആക്ടും ചെയ്തിരുന്നില്ലെന്നും വിഷ്ണു പറയുന്നു.
‘ഞാന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴൊന്നും ഒരു കലാകാരന്‍ എന്ന ടാഗ് എനിക്കുണ്ടായിരുന്നില്ല. ഒരു പാട്ടു പാടിയോ നൃത്തം ചെയ്‌തോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ആരേയും എന്റര്‍ടൈന്‍ ചെയ്തിട്ടില്ലാത്ത ആളാണ്.
ഈ തൊഴിലില്‍ ഇറങ്ങുമ്പോള്‍ ഇടയ്ക്ക് ഒരു സെല്‍ഫ് ഡൗട്ട് വരും. ഒരു ഓപ്പര്‍ച്യുണിറ്റി കിട്ടാതിരിക്കുമ്പോഴൊക്കെയാണ് അത് തോന്നുക. ഞാന്‍ ഇന്നേവരെ ആരേയും എന്റര്‍ടൈന്‍ ചെയ്തിട്ടില്ല.
പിന്നെ എന്തിന്റെ ബേസില്‍ നിങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ നില്‍ക്കുന്നു എന്നതാണ് നമ്മള്‍ നമ്മളോട് ചോദിക്കുന്ന ചോദ്യം. ആ സമയം ഞാന്‍ മറികടക്കുന്നത് മമ്മൂക്കയുടെ അഭിമുഖങ്ങള്‍ കണ്ടാണ്.
അതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. നമുക്ക് ഒരു തൊഴിലിനോട് ഇഷ്ടം തോന്നിയാല്‍ അതില്‍ വര്‍ക്ക് ചെയ്തുകൊണ്ടേ ഇരുന്നാല്‍ അതില്‍ നമുക്ക് എന്തെങ്കിലും ഒരു ഗ്രോത്ത് വരും.
അത്രയ്ക്കും ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ പണിയെടുക്കുക. അത് മാത്രമാണ് ചെയ്യേണ്ടത്. എന്നെങ്കിലും മമ്മൂക്കയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുമ്പോള്‍ എനിക്ക് ഇതൊന്നും അദ്ദേഹത്തോട് പറയണ്ടേ അടുത്ത് നിന്ന് ഒന്ന് കണ്ടാല്‍ മതി.
ഇപ്പോള്‍ മമ്മൂക്ക ചെയ്യുന്ന ഒരു സിനിമയില്‍ ഒരു അവസരം വന്നിരുന്നു. ഒരു പൊലീസ് പരിപാടിയായിരുന്നു. വിനായകനൊക്കെയുള്ള പടം. പക്ഷേ അത് ചെയ്യാന്‍ പറ്റിയില്ല. താടിയുടെ ഒക്കെ കണ്ടിന്യുറ്റി പ്രശ്‌നം വന്നു. അടുത്ത് തന്നെ ഒരു അവസരം ഞാനും ആഗ്രഹിക്കുന്നു,’ വിഷ്ണു അഗസ്ത്യ പറഞ്ഞു.
Content Highlight: Vishnu Agasthya about Mammootty