മണിചിത്രത്താഴ്, മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക്കായി വിലയിരുത്തപ്പെടുന്ന ചിത്രം മലയാളികള്‍ക്കായി റി റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരമാണ് ചിത്രത്തിന് വിവിധ തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.
ഗംഗയേയും നകുലനേയും ഡോക്ടര്‍ സണ്ണിയേയും എന്ന് വേണ്ട ഓരോ കഥാപാത്രങ്ങളേയും ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാനുള്ള ആവശേത്തിലാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തുന്നത്.
എത്രയാവര്‍ത്തി കണ്ടാലും തിയേറ്ററില്‍ ഒരു സിനിമ നല്‍കുന്ന ആ അനുഭവം ആസ്വദിക്കുക എന്നതാണ് പ്രേക്ഷകരെ റി റിലീസ് ചിത്രമാണെങ്കിലും തിയേറ്ററിലേക്ക് നയിക്കുന്നത്.
മണിച്ചിത്രത്താഴ് റി റീലീസ് തിയേറ്ററില്‍ കണ്ട ശേഷമുള്ള നടി ശോഭനയുടെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍. തിയേറ്ററില്‍ മണിച്ചിത്രത്താഴ് കണ്ടശേഷം ശോഭന കരയുകയായിരുന്നെന്നും ആ കണ്ണീരിന് ഒരു കാരണമുണ്ടായിരുന്നെന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.
‘ ചിത്രം ഫൈനല്‍ ആയപ്പോള്‍ മദ്രാസില്‍ ശോഭനയ്ക്ക് വേണ്ടി ഒരു പ്രത്യേക ഷോ നടത്തിയിരുന്നു. സാര്‍ എന്നെ ഒന്ന് ആ സിനിമ കാണിക്കാമോ എന്ന് ചോദിച്ച് അവര്‍ വിളിക്കുകയായിരുന്നു. തീര്‍ച്ചയായും കാണിക്കാമെന്ന് പറഞ്ഞു. ശോഭനയും ഒരു പത്ത് അന്‍പതോളം ഗസ്റ്റുകളും സിനിമ കാണാന്‍ ഉണ്ടായിരുന്നു.
സിനിമ കണ്ടശേഷം ശോഭന ഇമോഷണല്‍ ആയിപ്പോയി. തിലകന്‍ ചേട്ടന്‍, പപ്പേട്ടന്‍, നെടുമുടി ചേട്ടന്‍, ഇന്നസെന്റ് ചേട്ടന്‍, കെ.പി.എ.സി ലളിത ചേച്ചി ഇവരെയൊക്കെ കണ്ടപ്പോഴേക്ക് വിഷമമായി എന്നാണ് ശോഭന പറഞ്ഞത്. അവരുടെ കണ്ണൊക്കെ കലങ്ങിയാണ് വന്നത്. സാര്‍ ഞാന്‍ ഭയങ്കരമായി ഇമോഷണല്‍ ആയിപ്പോയി. എനിക്ക് ഇപ്പോള്‍ ഒന്നും സംസാരിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു.
അവരൊക്കെ ഒരുമിച്ച് വര്‍ക്ക് ചെയ്തവരല്ലേ. ആ ശബ്ദത്തോടെ അവര്‍ കണ്‍മുന്നില്‍ വരികയാണല്ലോ. പിന്നെ ശോഭനയുടെ ഒരു അസാധ്യ പ്രകടനമാണല്ലോ ആ സിനിമയില്‍ നടത്തിയത്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് അവര്‍ വാങ്ങിച്ചില്ലേ. ഇന്ത്യയിലെ മികച്ച സിനിമയായി മാറിയില്ലേ. കലാമേന്മയ്ക്കും ജനപ്രീതിക്കുമുള്ള നാഷണല്‍ അവാര്‍ഡ് കിട്ടിയല്ലോ.
അതുപോലെ തുടര്‍ച്ചയായി 366 ദിവസം റെഗുലര്‍ ഷോ നടന്ന സിനിമയാണ് മണിച്ചിത്രത്താഴ്. നൂണ്‍ ഷോ പോലെ വലിച്ചു നീട്ടിയതല്ല. ഒരു തിയേറ്ററില്‍ രണ്ട് ദിവസം ആളില്ലെങ്കില്‍ ഹോള്‍ഡ് ഓവര്‍ എന്ന നിലയില്‍ സിനിമ നിര്‍ത്തിക്കളയും. അവര്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാകും. ആളില്ലാതെ സിനിമ ഓടിക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍ അന്ന് 366 ദിവസം റെഗുലര്‍ ഷോ നടത്തി.
300-320 ദിവസം കഴിഞ്ഞപ്പോഴേക്കാണ് പടം ഒന്ന് ഹോള്‍ഡ് ഓവര്‍ ആയത്. നാല് ഷോയാണ് ഉണ്ടാകുക. 3 മണിയുടെ മാറ്റിനിക്ക് 2 30 വരെ ആളുകളെയൊന്നും കാണില്ല. ആള്‍ കുറവാണല്ലോ എന്ന് കരുതിയിരിക്കുമ്പോള്‍ 3 മണിയാകുമ്പോള്‍ തിയേറ്റര്‍ ഫുള്‍ ആകും. സ്ത്രീകളൊക്കെ ഇരച്ചുകയറുകയായിരുന്നു അന്ന്,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.
Content Highlight: Actress Shobha Reaction after Watching Manichithrathazhu Movie