പ്രേക്ഷകര്‍ ആ സിനിമ സ്വീകരിച്ച രീതി കണ്ടപ്പോള്‍ അറിവില്ലായ്മയെന്നത് എന്റെ മാത്രം കാര്യമായിരുന്നെന്ന് മനസ്സിലായി: അജു വര്‍ഗീസ്

/
Aju Varghese

ഒട്ടും കണക്ടാകാതെ താന്‍ അഭിനയിച്ച ഒരു സിനിമയെ കുറിച്ച് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. എന്നാല്‍ ആ സിനിമ റിലീസ് ആയ ശേഷം പ്രേക്ഷകര്‍ അത് സ്വീകരിച്ച രീതി കണ്ടപ്പോഴാണ് തന്റെ അറിവില്ലായ്മയെ കുറിച്ച് സ്വയം ഒരു ബോധം വന്നതെന്നും അജു വര്‍ഗീസ് പറയുന്നു.

സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഗഗനചാരിയെ കുറിച്ചായിരുന്നു അജു സംസാരിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും താന്‍ സംവിധായകനുമായി തര്‍ക്കിച്ചിരുന്നെന്നും അജു പറയുന്നു.

‘സയന്‍സ് ഫിക്ഷന്‍ സിനിമയായ ഗഗനചാരി ഞാന്‍ ഒട്ടും കണക്ട് ആകാതെ അഭിനയിച്ചു തുടങ്ങിയ സിനിമയാണ്. സംവിധായകന്‍ അരുണ്‍ ചന്തു ഈ സിനിമയെപ്പറ്റി പറഞ്ഞ പല കാര്യങ്ങളിലും ഞാന്‍ തര്‍ക്കിച്ചിരുന്നു.

ശാലിനിയും കുഞ്ചാക്കോ ബോബനും പരസ്പരം ‘എടാ’ വിളിക്കുന്നിടത്തൊക്കെ കൂവല്‍, പടം വീണെന്ന് ഉറപ്പിച്ചു: കമല്‍

ഈ സിനിമയിലെ വിഷയം എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതായിരുന്നു എന്റെ സംശയം. എന്നാല്‍, ഈ സിനിമ റിലീസ് ചെയ്തത് 25 വയസ്സില്‍ താഴെയുള്ളവര്‍ നിറഞ്ഞ ഒരു തിയേറ്ററിലായിരുന്നു.

അവിടെ അവര്‍ ഈ സിനിമയെ സ്വീകരിച്ച രീതി കണ്ടപ്പോള്‍ അറിവില്ലായ്മയെന്നത് എന്റെമാത്രം കാര്യമായിരുന്നെന്ന് മനസ്സിലായി.

അതുപോലെ സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമയിലെ ചക്രപാണി എന്ന കഥാപാത്രം വലിയ വെല്ലുവിളിയായ ഒന്നായിരുന്നു. എന്റെ കരിയറിലെ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചക്രപാണി.

ഒരു അധ്യാപകന്‍ എങ്ങനെ ആകരുതെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ചക്രപാണി. ഈഗോ അടക്കം ഒരുപാട് നെഗറ്റീവ് സ്വഭാവങ്ങള്‍ ഉള്ള ഒരാളാണ് ചക്രപാണി.

ആദ്യം ഈ സിനിമയില്‍ മറ്റൊരുവേഷമാണ് എനിക്കു പറഞ്ഞിരുന്നത്. പിന്നീടാണ് ഞാന്‍ ചക്രപാണിയുടെ വേഷം ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്,’ അജു പറയുന്നു.

സൂപ്പര്‍സ്റ്റാര്‍ പദവി തന്നെയാണ് ലക്ഷ്യം, അതാഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്: ഉണ്ണി മുകുന്ദന്‍

പോയ വര്‍ഷം തന്നെ സംബന്ധിച്ച് മികച്ചതായിരുന്നെന്നും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ സിനിമകളിലും വെബ് സീരീസുകളിലുമായി ലഭിച്ചെന്നും അജു പറയുന്നു.

കേരള ക്രൈം ഫയല്‍സും പേരല്ലൂര്‍ പ്രീമിയര്‍ ലീഗും പോലുള്ള വെബ് സീരീസുകള്‍ ഒരു നടനെന്ന നിലയില്‍ എനിക്ക് ഏറെ സന്തോഷംപകര്‍ന്ന അനുഭവങ്ങളാണ് സമ്മാനിച്ചത്.

അഭിനയിക്കാന്‍ വരുമ്പോള്‍ പ്ലാറ്റ്ഫോമുകള്‍ ഇന്നതായിരിക്കണമെന്ന വാശിയൊന്നും എനിക്കില്ല. തട്ടത്തിന്‍ മറയത്ത് എന്ന സിനിമ ചെയ്തു കഴിഞ്ഞശേഷമാണ് ഞാന്‍ ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത്. സിനിമ ചെയ്താല്‍ പിന്നെ അതു കഴിഞ്ഞ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ പാടില്ലെന്നൊന്നും ഞാന്‍ കരുതുന്നില്ല.

അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ വര്‍ഷം വെബ് സീരീസുകള്‍ വന്നപ്പോള്‍ ആത്മവിശ്വാസത്തോടെ അതിനെ സ്വീകരിച്ചത്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese about his movies and good roles