തമിഴകത്തിന് മാത്രമല്ല സൗത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കാകെ ഇഷ്ടമുള്ള നടനാണ് കമല്‍ ഹാസന്‍. കരിയറില്‍ എന്നും വ്യത്യസ്ത പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
ബാലതാരമായി സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍, ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള സിനിമാ ജീവിതത്തില്‍ അഞ്ച് ദേശീയ അവാര്‍ഡും, നിരവധി സംസ്ഥാന അവാര്‍ഡും നേടിയാണ് പകരംവെക്കാനില്ലാത്ത പ്രതിഭയായി അദ്ദേഹം യാത്ര തുടരുന്നത്. 64 വര്‍ഷത്തെ കരിയറില്‍ 230ലധികം ചിത്രങ്ങളില്‍ അഭിനയിച്ച കമല്‍ ഹാസന്‍ പരീക്ഷിക്കാത്ത വേഷങ്ങള്‍ വിരളമാണ്. നാല് വര്‍ഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശേഷം കമല്‍ ഹാസന്‍ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു വിക്രം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറി. ആറ് വര്‍ഷത്തോളം ബാഹുബലി കൈയടക്കിവെച്ചിരുന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റെന്ന റെക്കോഡ് തിരിത്തിക്കുറിക്കാനും വിക്രത്തിന് സാധിച്ചു. 420 കോടിയോളമാണ് വിക്രം നേടിയത്.
വിക്രം എന്ന സിനിമയ്ക്ക് പ്രേക്ഷകര്‍ അറിയാത്ത മറ്റൊരു ചരിത്രം കൂടിയുണ്ട്. 1986ല്‍ രാജശേഖറിന്റ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിക്രം എന്ന സിനിമയിലെ അതേ കഥാപാത്രത്തെയാണ് പുതിയ വിക്രത്തിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. 36 വര്‍ഷം മുമ്പ് പല സംവിധായകരും റിജക്ട് ചെയ്ത ചിത്രമായിരുന്നു ഇപ്പോഴത്തെ വിക്രമെന്ന് പറയുകയാണ് കമല്‍ ഹാസന്‍.
നാല് റീല്‍ കഴിഞ്ഞിട്ടും നായകനെ കാണിക്കാത്ത ചിത്രം ഓടില്ലെന്ന് പറഞ്ഞതുകൊണ്ട് അന്ന് താന്‍ എഴുതിയ തിരക്കഥ മാറ്റിയെഴുതിയെന്നും കമല്‍ പറയുന്നു.
‘ഇന്ന് നിങ്ങളുടെ മുന്നിലെത്തിയ, ലോകേഷ് ചെയ്തുവെച്ചിരിക്കുന്ന വിക്രം 36 വര്‍ഷം മുമ്പ് ഞാനും സുജാതയും ആലോചിച്ച കഥയായിരുന്നു. എന്നാല്‍ ഒരു സംവിധായകനും അന്ന് ആ സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ചില്ല. അവര്‍ക്ക് ആ സിനിമയുടെ കാര്യത്തില്‍ അത്ര ഉറപ്പില്ലായിരുന്നു. പ്രേക്ഷകര്‍ അന്ന് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറായിരുന്നു. എന്നാല്‍ സംവിധായകര്‍ക്ക് ആ ധൈര്യം ഉണ്ടായിരുന്നില്ല.
അന്നൊക്കെ റീലിന്റെ കണക്കായിരുന്നല്ലോ, നാല് റീല്‍ കഴിഞ്ഞിട്ടും നായകനെ കാണിക്കാത്ത സിനിമ എങ്ങനെ ഓടുമെന്ന് ചോദിച്ചപ്പോള്‍ ആ തിരക്കഥ മാറ്റിയെഴുതുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോകേഷ് ആ കഥ ഏറ്റെടുത്ത് ചെയ്തപ്പോള്‍ വലിയ വിജയമായി. അതാണ് കാലത്തിന്റെ നീതി,’ കമല്‍ ഹാസന്‍ പറഞ്ഞു.