2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് പ്രശാന്ത് അലക്സാണ്ടര്‍. ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ച് ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് വന്നത്.
ആദ്യമായി പ്രശാന്ത് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് പുരുഷ പ്രേതം. കൃശാന്ദ് സംവിധാനം ചെയ്ത സിനിമയിലെ എസ്.ഐ. സെബാസ്റ്റ്യന്‍ എന്ന കഥാപാത്രം പ്രശാന്തിന് വലിയ പ്രശംസ നേടികൊടുത്തിരുന്നു. 2023ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.
ഇപ്പോള്‍ തന്റെ അച്ഛനെ കുറിച്ചും അദ്ദേഹം നടന്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെ കുറിച്ചും പറയുകയാണ് പ്രശാന്ത് അലക്സാണ്ടര്‍. ദി നെക്സ്റ്റ് 14 മിനിറ്റ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ വളരെ ചെറുപ്പത്തില്‍ നടന്ന ഒരു കാര്യമുണ്ട്. ഞാന്‍ രണ്ടാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്താണ് ഞങ്ങള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നത്. ആ വന്ന സമയത്ത് പപ്പ കുറേ സിനിമകളുടെ കാസറ്റുകള്‍ വാങ്ങിയിരുന്നു. അതില്‍ കൂടുതലും ഉണ്ടായിരുന്നത് സത്യന്‍ അന്തിക്കാടിന്റെ സിനിമകളായിരുന്നു. സിനിമ കാണുമ്പോള്‍ പപ്പ എപ്പോഴും മോഹന്‍ലാലിനെ കുറിച്ച് പറയാറുണ്ട്.
Also Read: വീര ധീര സൂരന്റെ സെറ്റില്‍ എന്നെ ഏറ്റവും കംഫര്‍ട്ടാക്കി വെക്കുന്നത് ആ നടനാണ്: സുരാജ് വെഞ്ഞാറമൂട്
മോഹന്‍ലാലിന്റെ അഭിനയത്തിന് എന്തൊരു ഒറിജിനാലിറ്റിയാണ്. കാലന്‍കുടയൊക്കെ തോളിലിട്ട് പുള്ളി നടക്കുന്നത് കാണുമ്പോള്‍ നമ്മുടെ നാട്ടിന്‍പുറത്തുകാരനെ പോലെയുണ്ടെന്ന് എപ്പോഴും പപ്പ പറയും. അന്ന് ആ ഒറിജിനാലിറ്റി എന്ന വാക്ക് എന്റെ തലയില്‍ രജിസ്റ്റര്‍ ആയിരുന്നു. എന്ത് ചെയ്യുമ്പോഴും നാടകീയത ഒഴിവാക്കി ചെയ്യുന്നതാണ് രസമെന്ന് ചെറുപ്പം മുതല്‍ക്കേ മനസിലായിരുന്നു.
നാലാം ക്ലാസ് മുതല്‍ ഞാന്‍ മോണോ ആക്ടിനും മറ്റുമായി സ്റ്റേജില്‍ കയറുന്നതാണ്. അന്നത്തെ ആ ഒരു ഇന്‍ഫ്ളുവന്‍സ് ഇപ്പോഴും എന്നിലുണ്ടാകാം. വളരെ നോര്‍മലായി ചെയ്യാനാണ് ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. സിനിമയില്‍ എനിക്ക് അത് കുറച്ച് കൂടെ വ്യക്തമായത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമക്ക് ശേഷമാണ്,’ പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു.
Content Highlight: Prasanth Alexander Talks About His Father And Mohanlal’s Acting