ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഫോര്‍ച്യൂണ്‍ ഇന്ത്യ. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സല്‍മാന്‍ ഖാന്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷം 92 കോടിരൂപയാണ് ഷാരൂഖ് ഖാന്‍ നികുതിയടച്ചത്. 80 കോടി രൂപയുടെ നികുതിയടച്ച തമിഴ് സൂപ്പര്‍താരം വിജയ് ആണ് രണ്ടാമത്. 75 കോടി നികുതിയടച്ച സല്‍മാന്‍ ഖാന്‍, 71 കോടി അടച്ച അമിതാഭ് ബച്ചന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്. 66 കോടിയാണ് അദ്ദേഹം സര്‍ക്കാരിലേക്കടച്ചത്. ധോണി (38 കോടി), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (28 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യപത്തില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍.
മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി (23 കോടി), ഹാര്‍ദിക് പാണ്ഡ്യ (13 കോടി) എന്നിവര്‍ ആദ്യ 20 പേരിലുണ്ട്. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ 42 കോടി രൂപയും രണ്‍ബീര്‍ കപൂര്‍ 36 കോടിയും നികുതിയടച്ചു.
പട്ടികയിലുള്‍പ്പെട്ട മറ്റു താരങ്ങള്‍, കൊമേഡിയന്‍ കപില്‍ ശര്‍മ (26 കോടി), കരീന കപൂര്‍ (20 കോടി), ഷാഹിദ് കപൂര്‍ (14 കോടി), കത്രീന കെഫ് (11 കോടി), മോഹന്‍ലാല്‍ (14 കോടി), അല്ലു അര്‍ജുന്‍ (14 കോടി), കിയാര അദ്വാനി (12 കോടി), പങ്കജ് ത്രിപാഠി (11 കോടി), ആമിര്‍ ഖാന്‍ (10 കോടി)
പത്താന്‍, ജവാന്‍, ഡങ്കി എന്നീ മൂന്ന് ബാക്ക്-ടു-ബാക്ക് ഹിറ്റുകളിലൂടെ ഷാരൂഖ് 2023-ല്‍ വമ്പന്‍ തിരിച്ചുവരവായിരുന്നു നടത്തിയത്. സുജോയ് ഘോഷിന്റെ കിംഗ് എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. മകള്‍ സുഹാന ഖാനും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എ.ആര്‍ മുരുകദോസിന്റെ സിക്കന്ദറിലാണ് സല്‍മാന്‍ ഒടുവില്‍ എത്തുക. ഈദിനായിരിക്കും സിനിമയുടെ റിലീസ്. രശ്മിക മന്ദാനയും ചിത്രത്തിന്റെ ഭാഗമാകും.
മലയാളത്തിന്റെ മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാനും സംവിധാന സംരംഭമായ ബറോസും അണിയറയില്‍ ഒരുങ്ങുകയാണ്.
Content Highlight: Shah Rukh Khan beats Virat Kohli as India’s biggest tax-paying celebrity; paid 92 crore in 2024