അന്ന് മോഹന്‍ലാല്‍ സാര്‍ എന്നെ സജസ്റ്റ് ചെയ്തു; എന്റെ മുഴുവന്‍ പേരുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു: വിനയ

ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. സിനിമയില്‍ ‘ശ്രീദേവി’ എന്ന കഥാപാത്രമായി എത്തിയത് വിനയ പ്രസാദാണ്. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടതായി മാറിയ നടി കൂടെയാണ് വിനയ.

ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകനായി എത്തിയത്. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തതിനെ കുറിച്ച് പറയുകയാണ് വിനയ. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു അവര്‍.

‘മുമ്പ് ബാംഗ്ലൂരില്‍ വെച്ച് ഓണാഘോഷത്തിന്റെ വലിയ പരിപാടി ഉണ്ടായിരുന്നു. 1992ല്‍ ആയിരുന്നു അതെന്ന് തോന്നുന്നു. എന്റെ ആദ്യ പടം അതായത് കന്നഡ പടം ഇറങ്ങിയിട്ട് സൂപ്പര്‍ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു അത്. അന്ന് മോഹന്‍ലാല്‍ജി ചീഫ് ഗസ്റ്റായിട്ട് ആ ഓണപരിപാടിയില്‍ വന്നിരുന്നു. ഞാനും പരിപാടിയിലെ ഒരു ഗസ്റ്റായിട്ടാണ് പോയത്. അന്ന് അദ്ദേഹം എന്നോട് തമിഴും മലയാളവുമൊക്കെ അറിയാമോയെന്ന് ചോദിച്ചു.

Also Read: നരന്റെ ആ വേർഷൻ കണ്ട് ആന്റണി പെരുമ്പാവൂർ ദേഷ്യപ്പെട്ടു, ഈ സിനിമ വേണ്ടായെന്ന് പറഞ്ഞു: രഞ്ജൻ പ്രമോദ്

സാറ് അതിന് മുമ്പ് എന്നെ കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷെ ഞാന്‍ ഫിലിം ഫെസ്റ്റിവലിലും ബാംഗളൂരുവില്‍ റിലീസാകുമ്പോഴുമൊക്കെ സാറിന്റെ ഒരുപാട് സിനിമകള്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സിനിമകളായത് കൊണ്ട് അത് ഇടക്കൊക്കെ ടി.വിയിലും വരും. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തിന്റെ ഉള്ളടക്കവും കിരീടവും പോലെയുള്ള സിനിമകള്‍ കണ്ടത്. ആ കാര്യങ്ങളൊക്കെ ഞാന്‍ അന്ന് മോഹല്‍ലാല്‍ സാര്‍ കേള്‍ക്കെ ഓണപരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ പറഞ്ഞു.

അന്ന് സാര്‍ എന്നെ വെറുതെ നോക്കി കൊണ്ടിരിക്കുക മാത്രമാണ് ചെയ്തത്. ഞാനാണെങ്കില്‍ അന്ന് സാറിനോട് കുറച്ചേ സംസാരിച്ചിരുന്നുള്ളൂ. ആ പരിപാടി കഴിഞ്ഞ് ഏകദേശം രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞാണ് ഫാസില്‍ സാറിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിക്കുന്നത്. അദ്ദേഹം അന്ന് എന്നെ വിളിച്ചിട്ട് ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പോകുന്നുണ്ടെന്ന് പറഞ്ഞു. അതില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചു.

Also Read: ലാലേട്ടന്‍ അവരുടെ ഒരു യെസിന് വേണ്ടി കാത്തിരിക്കുകയാണ്: ജീത്തു ജോസഫ്

ഫാസില്‍ സാറിന്റെയും മോഹന്‍ലാല്‍ സാറിന്റെയും പേര് കേള്‍ക്കുമ്പോള്‍ പറ്റില്ലെന്ന് പറയുമോ. ഞാന്‍ ഉടനെ തന്നെ അഭിനയിക്കാന്‍ എനിക്ക് താത്പര്യമുണ്ടെന്ന് പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഇടയില്‍ ഫാസില്‍ സാറ് എന്നോട് ഒരു കാര്യം പറഞ്ഞു. എന്നെ മണിച്ചിത്രത്താഴ് എന്ന സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് മോഹന്‍ലാല്‍ സാര്‍ ആയിരുന്നു. വളരെ ഇന്നസെന്റായിട്ടുള്ള ശ്രീദേവിയെന്ന ഒരു നാടന്‍ പെണ്‍കുട്ടിയെ ആയിരുന്നു അവര്‍ക്ക് സിനിമയിലേക്ക് വേണ്ടത്.

അതിന് വിനയയുടേത് യോജിച്ച കാസ്റ്റിങ്ങാണെന്ന് അന്ന് മോഹന്‍ലാല്‍ സാര്‍ അദ്ദേഹത്തോട് പറയുകയായിരുന്നത്രേ. എന്റെ മുഴുവന്‍ പേരുപോലും അദ്ദേഹത്തിന് അന്ന് അറിയില്ലായിരുന്നു എന്നതാണ് സത്യം. ഫാസില്‍ സാറ് പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇതൊക്കെ അറിയുന്നത്. എന്നാല്‍ ഒരു തവണ പോലും മോഹന്‍ലാല്‍ സാര്‍ എന്നോട് ഇതിനെ പറ്റി പറഞ്ഞിട്ടില്ല. അദ്ദേഹമാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. പക്ഷെ എന്നോട് ഒരു കാര്യവും സാര്‍ പറഞ്ഞില്ല,’ വിനയ പ്രസാദ് പറയുന്നു.

Content Highlight: Vinaya Prasad Talks About Mohanlal

 

 

Exit mobile version