കോമഡി വേഷങ്ങളില്‍ നിന്ന് മാറി സീരിയസ് റോളുകള്‍ ചെയ്ത് കയ്യടി നേടുകയാണ് നടന്‍ കോട്ടയം നസീര്‍. തലവന്‍, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലെ കോട്ടയം നസീറിന്റെ വേഷങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിപിന്‍ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനന്‍ സംവിധാനം ചെയ്ത വാഴ എന്ന ചിത്രത്തിലും ഒരു ഗംഭീര റോളാണ് കോട്ടയം നസീര്‍ ചെയ്തത്.
വാഴ എന്ന ചിത്രത്തെ കുറിച്ചും പുതുതലമുറയിലെ നടന്മാരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കോട്ടയം നസീര്‍. വാഴയില്‍ തന്റെ മകനായി അഭിനയിക്കുന്ന അമിതുമായി ചേര്‍ച്ചയുണ്ടോയെന്ന് ആദ്യം തോന്നിയിരുന്നെന്നും ഡബ്ബില്‍ കണ്ടപ്പോള്‍ ചേര്‍ച്ചയുണ്ടെന്ന് മനസിലായെന്നും അമിത് നന്നായി ചെയ്തിട്ടുണ്ടെന്നും കോട്ടയം നസീര്‍ പറയുന്നു.
‘ സ്മിനു സിജോയും ഞാനും നല്ല ജോഡിയായിരുന്നു. അതുപോലെ അമിത് എന്റെ മകനായിട്ട് ചേര്‍ച്ചയുണ്ടോയെന്ന് എനിക്കാദ്യം തോന്നിയിരുന്നു.
നോബിയും ജോമോനും കൂടി നില്‍ക്കുമ്പോള്‍ കറക്ടാണ്. അസീസും സിജുവും ഓക്കെയാണ്. ഡബ്ബിങ്ങിന് ഒക്കെപ്പോയി സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ അമിത്തും ഞാനുമായി ചേര്‍ച്ചയുണ്ടെന്ന് മനസ്സിലായി. അമിത് നന്നായി ചെയ്തിട്ടുമുണ്ട്,’ കോട്ടയം നസീര്‍ പറഞ്ഞു.
സിനിമയിലേത് മികച്ച കാസ്റ്റിങ് ആണ്. ചിത്രത്തില്‍ ഇവരുടെ ഒക്കെ പല പ്രായം കാണിക്കുന്നുണ്ടല്ലോ ഇതൊക്കെ എങ്ങനെ കൃത്യമായി കാണിക്കുന്നു എന്ന് തോന്നിപ്പോകും. ഇവരൊക്കെ ഒരുപാട് കഷ്ടപ്പെട്ട് തടിയൊക്കെ കുറച്ചാണ് അത് ചെയ്തിരിക്കുന്നത്, കോട്ടയം നസീര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ ഇവരെ ആരെയും സത്യം പറഞ്ഞാല്‍ എനിക്ക് പരിചയമില്ല. ജോമോനെയും സിജോയെയും സിനിമയില്‍ കണ്ട പരിചയമുണ്ട്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അധികം സജീവമായിട്ടുള്ള ആളല്ല.
എനിക്കൊക്കെ അത്ഭുതമാണ്. നമുക്ക് സിനിമയിലോ സ്റ്റേജിലോ ഒക്കെയുള്ള സ്റ്റാര്‍ഡത്തെക്കാളും വലിയൊരു സ്റ്റാര്‍ഡം ഇപ്പോഴത്തെ തലമുറയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ചിലപ്പോള്‍ എന്നെപ്പോലുള്ളവരൊക്കെ അറിയാതെ പോകുന്നതാവാം. ഇവരൊക്കെ വലിയ താരങ്ങളാണെന്ന് അറിയുന്നതില്‍ വളരെ സന്തോഷം, കോട്ടയം നസീര്‍ പറഞ്ഞു.
പണ്ടത്തെ സിനിമകളിലേയും ഇന്നത്തെ സിനിമകളിലേയും കോമഡികള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കോട്ടയം നസീര്‍ പറഞ്ഞു.
പണ്ടത്തെ സിനിമകളിലെ തമാശകളൊക്കെ ഹെവി ഡോസുകളായിരുന്നു. ഇപ്പോള്‍ അത്രയും വേണ്ട. ചില നോട്ടങ്ങളിലും റിയാക്ഷനിലും ഒക്കെ ചിരിയുണ്ടാകും. അതുകൊണ്ടാണെന്ന് തോന്നുന്നു പഴയ തലമുറയിലെ ആളുകള്‍ക്ക് ഇപ്പോഴത്തെ സിനിമകളിലെ തമാശ കാണുമ്പോള്‍ എന്താ ഇത്ര ചിരിക്കാന്‍ എന്ന് തോന്നുന്നത്.
നമ്മള്‍ പ്രിയന്‍ സാര്‍, സിദ്ദിഖ്-ലാല്‍ എന്നിവരുടെ ഒക്കെ സിനിമകളിലെ ഹെവി തമാശകള്‍ കണ്ടുവന്നവരാണ്. അങ്ങനെ ചിരിച്ചുമറിഞ്ഞ് വന്നവരാണ്. പുതിയ തമാശകള്‍ പുതിയ കാലഘട്ടത്തിലെ കുട്ടികള്‍ക്ക് കുറച്ചുകൂടി റിലേറ്റ് ചെയ്യാനാകുമെന്ന് തോന്നുന്നു. പണ്ടൊക്കെ പരസ്പരം കൗണ്ടര്‍ പറഞ്ഞാണ് തമാശകള്‍. ഇന്ന് കുറച്ചുകൂടി സിറ്റുവേഷണലാണ്, കോട്ടയം നസീര്‍ പറഞ്ഞു.
Content Highlight: Actor Kottayam Nazeer about Vazha Movie and casting