ലൂസിഫറില്‍ അനീഷ് ജി. മേനോന്‍ ചെയ്ത സുമേഷ് എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയ നടന്‍ മണിക്കുട്ടന്‍ ഇത്തവണ എമ്പുരാനില്‍ മണി എന്ന കഥാപാത്രമായി എത്തുകയാണ്.
പൃഥ്വിരാജ് തനിക്ക് തന്ന ഒരു വാക്കിന്റെ പുറത്താണ് ഈ സിനിമയിലേക്ക് തന്നെ വിളിച്ചതെന്ന് മണിക്കുട്ടന്‍ പറയുന്നു.
‘ലൂസിഫറി’ല്‍ ശബ്ദ സാന്നിധ്യമായപ്പോള്‍ ‘എമ്പുരാനി’ല്‍ ശരീരം കൊണ്ടുകൂടി സാന്നിധ്യമാകാന്‍ കഴിഞ്ഞു എന്നതാണ് തന്റെ സന്തോഷമെന്ന് മണിക്കുട്ടന്‍ പറയുന്നു.
ഒപ്പം അനീഷിന് ശബ്ദം നല്‍കാന്‍ തന്നെ വിളിച്ചതിന്റെ കാരണത്തെ കുറിച്ചും മണിക്കുട്ടന്‍ സംസാരിക്കുന്നുണ്ട്.
‘അമ്മ’യുടെ ഷോയ്ക്ക് പണ്ട് രാജു, ഇന്ദ്രേട്ടന്‍ തുടങ്ങിയ എല്ലാവരും ഒത്തുകൂടുമ്പോള്‍ തമാശയൊക്കെ പറഞ്ഞിരിക്കും, സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചൊക്കെ സംസാരിക്കും.
നടന്മാരല്ല, ആ മാറ്റത്തിനൊക്കെ കാരണം അവര്‍: അജു വര്‍ഗീസ്
ആ സമയത്ത് ഞാന്‍ സംസാരിക്കുമ്പോള്‍ എന്റെ തിരുവനന്തപുരം സ്ലാങ് ഇടയ്ക്ക് കയറി വരും. അപ്പോള്‍ അവര്‍ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു.
ബൈജു ചേട്ടന്റെ കൂടെയാണ് അഭിനയിക്കേണ്ടത്. ബൈജു ചേട്ടന്‍ ആണെങ്കില്‍ പക്കാ തിരുവനന്തപുരം, അനീഷിന് ആ സ്‌ളാങ് കിട്ടില്ല.
ആരെ കൊണ്ട് ഡബ്ബ് ചെയ്യിക്കും എന്ന് ആലോചിച്ചപ്പോള്‍ പെട്ടെന്ന് രാജുവിന് എന്നെ ഓര്‍മ വന്നു. മണിക്കുട്ടന്‍ ഓക്കേ ആണ്, പക്ഷേ വേറെ ഒരാള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുമോ എന്ന് അദ്ദേഹത്തിന് സംശയമായി.
ആ സമയത്ത് ഞാന്‍ ‘മാമാങ്കം’ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണവനം കാട്ടില്‍ ആയിരുന്നു സെറ്റ്. അവിടെ നില്‍ക്കുമ്പോഴാണ് എന്നെ വിളിച്ചിട്ട് മണിക്കുട്ടാ ഇങ്ങനെ ഒരു സംഭവം ഉണ്ട് ചെയ്യുമോ എന്ന് ചോദിച്ചത്.
ചെയ്യാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഡബ്ബിങിന് പിറ്റേന്ന് രാവിലെ എത്തണം. പെട്ടെന്ന് കിട്ടിയ ബസ് പിടിച്ച് വേഗം പോയി. പിറ്റേന്ന് തന്നെ ഡബ്ബ് ചെയ്തു. ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ അത് ഒക്കെയായി എന്നു പറഞ്ഞു.
ആ സിനിമയ്ക്ക് വേണ്ടി വളരെ ശ്രദ്ധിച്ചാണ് അവര്‍ ഡബ്ബ് ചെയ്യിച്ചിരുന്നത്. സിനിമയില്‍ അഭിനയിക്കുന്നവര്‍ അല്ലാതെ മറ്റുള്ളവര്‍ ഡബ്ബ് ചെയ്യുമ്പോള്‍ അവര്‍ വളരെ ശ്രദ്ധിച്ചാണ് ശബ്ദം തിരഞ്ഞെടുത്തിരുന്നത്.
എന്റെ വോയ്സ് ശരിയാകുമോ എന്ന് എനിക്ക് തന്നെ സംശയമുണ്ടായിരുന്നു, പക്ഷേ ഒറ്റ ടേക്കില്‍ തന്നെ ഒക്കെ ആയി. പിന്നീട് ഞാന്‍ രാജുവിനെ വിളിച്ചിരുന്നു. അദ്ദേഹം എന്നോട് നന്ദി പറഞ്ഞു. ഒപ്പം ഉറപ്പായും ഇനി ഒരു പടം ചെയ്യുമ്പോള്‍ നീ അതില്‍ ഞാന്‍ ഉണ്ടാകുമെന്ന ഒരു വാക്കും,’ മണിക്കുട്ടന്‍ പറഞ്ഞു.
Content Highlight: Actor Manikuttan about Prithviraj and Empuraan