സിനിമയില്‍ നിന്ന് തിരിച്ചടി നേരിട്ടപ്പോഴെല്ലാം ശക്തമായി തിരിച്ചുവരാനുള്ള ഊര്‍ജം തനിക്ക് ലഭിച്ചത് നടന്‍ കമല്‍ഹാസനില്‍ നിന്നാണെന്ന് സൂര്യ.
സിനിമയില്‍ അദ്ദേഹത്തിന് എപ്പോള്‍ തിരിച്ചടി നേരിട്ടാലും എത്ര തവണ തിരിച്ചടി നേരിട്ടാലും ഒരു ഗംഭീര സിനിമയുമായി അദ്ദേഹം തിരിച്ചുവരവ് നടത്തും. അതാണ് തന്റെ ഇന്‍സ്പിരേഷനെന്നും സൂര്യ പറഞ്ഞു.
‘എങ്ങനെയാണ് അദ്ദേഹം അപൂര്‍വ സഹോദരങ്ങള്‍ ചെയ്തത്, അദ്ദേഹത്തിന് എങ്ങനെയാണ് മരുതനായകം ചെയ്യണമെന്ന് തോന്നിയത് എന്നെല്ലാം ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നും.
സിനിമയില്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഒരു വിജയമോ നല്ല സമയമോ നമുക്ക് ലഭിക്കണമെന്നില്ല. ഞാനും അത്തരമൊരു അവസ്ഥയില്‍ ഇരിക്കുന്ന സമയത്താണ് കങ്കുവ എന്ന ചിത്രം എന്നെ തേടിയെത്തുന്നത്.
അവകാശവാദമല്ല, എങ്കിലും പുതിയ ഒരു സിനിമാ അനുഭവമായിരിക്കും കങ്കുക പ്രേക്ഷകര്‍ക്ക് നല്‍കുക എന്നൊരു പ്രതീക്ഷയുണ്ട്, സൂര്യ പറഞ്ഞു.
കൊവിഡ് കാരണം ജയ് ഭീമും സൂരറൈ പോട്രുവും എനിക്ക് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിച്ചില്ല. ആ സിനിമ തിയേറ്ററില്‍ കാണണമെന്നത് വലിയൊരു ആഗ്രഹം കൂടിയായിരുന്നു.
പ്രേക്ഷകര്‍ക്ക് അത്തരമൊരു സിനിമ തിയേറ്ററില്‍ ആസ്വദിക്കാന്‍ കഴിയണമെന്ന ആഗ്രഹം പക്ഷേ നടന്നില്ല. അത്തരത്തിലൊരു സിനിമ എന്നെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കങ്കുവയിലൂടെ അത് സംഭവിക്കുകയാണ്, സൂര്യ പറഞ്ഞു.
ചില സിനിമകള്‍ വിചാരിച്ച രീതിയില്‍ വര്‍ക്ക് ആയെങ്കില്‍ അടുത്തത് ഒരു സേഫ് സിനിമ ചെയ്‌തേക്കാമെന്ന് ഒരിക്കലും കമല്‍ഹാസന്‍ സാര്‍ ആലോചിച്ചിട്ടില്ല. നമ്മള്‍ക്ക് പ്രതീക്ഷിക്കാന്‍ പോലും പറ്റാത്ത രീതിയിലുള്ള ഒരു ഹെവി വര്‍ക്കുമായിട്ടായിരിക്കും അദ്ദേഹം വരുന്നത്. ആ രീതി എനിക്ക് വളരെ ഇഷ്ടമാണ്. അതാണ് എന്റേയും പ്രചോദനം, സൂര്യ പറഞ്ഞു.
ശിവയുടെ സംവിധാനത്തിലെത്തുന്ന ഫാന്റസി-ആക്ഷന്‍ ചിത്രമാണ് കങ്കുവ. രണ്ട് കാലഘട്ടത്തിലൂടെ കഥ പറയുന്ന ചിത്രത്തില്‍ ബോബി ഡിയോളാണ് വില്ലനായെത്തുന്നത്. ദിഷ പഠാനിയാണ് നായിക. നവംബര്‍ 14 നാണ് കങ്കുവ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്.
ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട കങ്കുവയിലെ യോലോ പാട്ടും സൂര്യയുടെ സ്‌റ്റൈലിഷ് ലുക്കും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
Content Highlight: Actor Suriya about Kamal Hassan