നടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള പഴയ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി സീമ. 1980 കളില്‍ മോഹന്‍ലാല്‍ സിനിമയില്‍ എത്തിയ കാലത്തെ കുറിച്ചും അന്നത്തെ പ്രതിഫലത്തെ കുറിച്ചുമൊക്കെയാണ് സീമ സംസാരിക്കുന്നത്.
ഐ.വി ശശിയും മോഹന്‍ലാലുമായുള്ള ആദ്യ സിനിമയെ കുറിച്ചും മോഹന്‍ലാലിന്റെ വില്ലന്‍ കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ സീമ സംസാരിക്കുന്നുണ്ട്.
മോഹന്‍ലാല്‍ ഒരിക്കലും ഐ.വി ശശിയെന്നെ സംവിധായകനോട് അവസരം ചോദിച്ചിട്ടില്ലെന്നും മദ്രാസിലെ തങ്ങളുടെ വീട്ടില്‍ ശശിയേട്ടനെ കാണാന്‍ എത്തിയ ലാലിന് അഹിംസയിലെ വേഷം അദ്ദേഹം നല്‍കുകയായിരുന്നെന്നും സീമ പറയുന്നു.
‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രം തിയേറ്ററില്‍ നിറഞ്ഞോടുന്ന സമയത്താണ് മോഹന്‍ലാല്‍ ഐ.വി ശശിയെ കാണാന്‍ മദ്രാസില്‍ വരുന്നത്. ആ വരവ് ചാന്‍സ് ചോദിച്ചായിരുന്നില്ല. ശശിയേട്ടനെ പരിചയപ്പെടാന്‍ വേണ്ടി മാത്രമായിരുന്നു.
അവസരം തരണമെന്ന് ലാല്‍ ഒരിക്കലും പറഞ്ഞിട്ടില്ല. വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം ‘അഹിംസ’യില്‍ ഒരു വില്ലന്‍ വേഷമുണ്ടെന്നും ചെയ്യാമോ എന്നും ശശിയേട്ടന്‍ ചോദിക്കുകയായിരുന്നു. ചെയ്യാം സര്‍ എന്ന് പെട്ടെന്ന് തന്നെ ലാല്‍ മറുപടി നല്‍കി.
‘എത്രയാ നിങ്ങളുടെ റേറ്റ്’ എന്ന് ചോദിച്ചപ്പോള്‍ കൃത്യമായ ഒരു പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല സര്‍ എന്നായിരുന്നു ലാലിന്റെ മറുപടി. അയ്യായിരത്തിന് മുകളില്‍ അക്കാലത്ത് മോഹന്‍ലാലിന് പ്രതിഫലം ലഭിച്ചിരുന്നില്ല.
പതിനായിരം രൂപ തരും. ഇനി അതാണ് നിങ്ങളുടെ റേറ്റ് എന്ന് ശശിയേട്ടന്‍ പറഞ്ഞു. ശശിയേട്ടനും ദാമോദരന്‍മാഷും കൂടി ലാലിന് നിശ്ചയിച്ച പ്രതിഫലമായിരുന്നു അത്,’ – സീമ പറയുന്നു.
കോഴിക്കോട് വെച്ചായിരുന്നു ലാലിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. തുറന്ന ഒരു ജീപ്പില്‍ വേഗത്തില്‍ ഓടിച്ചുവന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്ത് അതില്‍ നിന്ന് ഇറങ്ങിവരണം. അതായിരുന്നു സീന്‍. സിറ്റുവേഷന്‍ ലാലിന് പറഞ്ഞുകൊടുത്തു.
വേണുച്ചേട്ടന്‍ വെറും റിയാക്ഷന്‍ കൊണ്ട് അമ്പരപ്പിച്ച സീനാണ് അത്: ജഗദീഷ്
പക്ഷേ ശശിയേട്ടന്‍ പറഞ്ഞുകൊടുത്തതില്‍ നിന്ന് വ്യത്യസ്തമായാണ് ലാല്‍ ചെയ്തത്. ജീപ്പ് ബ്രേക്ക് ചെയ്ത ശേഷം അതിന്റെ ഡോര്‍ തുറന്ന് ഇറങ്ങിവരാതെ മുന്നിലുള്ള ഗ്ലാസില്‍ കയ്യൂന്നി ചാടി വരികയാണ് ലാല്‍ ചെയ്തത്.
ആ ചാട്ടത്തില്‍ തന്നെ വില്ലനിസത്തിന്റെ ചടുലത കാണാമായിരുന്നു. പ്രതിഭാധനനായ ഒരു ആക്ടര്‍ തന്നെയാണ് ഇയാളെന്ന് ശശിയേട്ടന്‍ അന്ന് തന്നെ ഉറപ്പിച്ചിരുന്നു.
സിനിമയില്‍ വളരെ മനോഹരമായ ദൃശ്യമായി അതുമാറി. സിനിമയിലും ലാലിന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു,’ സീമ പറഞ്ഞു.
ക്യാമറയ്ക്ക് മുന്‍പില്‍ വളരെ ഫ്‌ളക്‌സിബിളായി ലാല്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും ശശിയേട്ടന് അത് പോര എന്ന് തോന്നിയിരുന്നുവത്രേ.
പക്ഷേ പെര്‍ഫോമന്‍സ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ അത്യുഗ്രന്‍ എന്ന് പറയാതെ വയ്യ എന്നാണ് ശശിയേട്ടന്‍ പറഞ്ഞത്. അത്രമാത്രം അപാരമായ റേഞ്ച് ലാല്‍ തുടക്കം മുതലേ കാഴ്ചവെച്ചിരുന്നു, സീമ പറഞ്ഞു.
Content Highlight: Actress Seema About Mohanlal Remmunaration