ഇപ്പോള്‍ ബ്രേക്കെടുത്താല്‍ ബ്രേക്കില്‍ തന്നെ ഇരിക്കേണ്ടി വരുമെന്ന് മമ്മൂക്ക: നിഖില വിമല്‍

മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ഇന്ന് നടി നിഖില വിമല്‍. നിരവധി താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ഇക്കഴിഞ്ഞ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് തന്നെ നിഖിലയ്ക്ക് സാധിച്ചു. ഇതിനിടെ ചില വിവാദങ്ങളും താരത്തെ തേടിയെത്തിയിരുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് നിഖില സിനിമാരംഗത്തെത്തുന്നത്. 2018ല്‍ വിനീത് സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികളിലൂടെയാണ് മുന്‍നിര നായികാ നിരയിലേക്ക് നിഖില ഉയരുന്നത്. പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ ഈ വര്‍ഷത്തെ വലിയ ഹിറ്റിന്റെ ഭാഗമാകാനും നിഖിലയ്ക്ക് സാധിച്ചു.

ഈ വര്‍ഷം താന്‍ മൂന്ന് സിനിമകള്‍ ചെയ്തുവെന്നും കഴിഞ്ഞ ഒരു മാസമായി താന്‍ തുടര്‍ച്ചയായി ഷൂട്ടും പ്രൊമോഷനുമായി നടക്കുകയായിരുന്നുവെന്നും നിഖില പറഞ്ഞു.

വിശ്രമമില്ലാതെ ജോലിയെടുക്കുന്ന സമയത്ത് ബ്രേക്ക് എടുത്താലോ എന്ന് ചിന്തിക്കാറുണ്ടെന്നും പലപ്പോഴും അത് തോന്നിയിട്ടുണ്ടെന്നും നിഖില പറഞ്ഞു.

Also Read: ദൃശ്യം ഷൂട്ടിങ്ങിനിടെ സിദ്ദിഖ് മോശമായി പെരുമാറിയോ; മറുപടിയുമായി ആശ ശരത്ത്

2022ല്‍ ജോ ആന്‍ഡ് ജോ എന്ന സിനിമക്ക് ശേഷം താന്‍ സിനിമയില്‍ നിന്ന് കുറച്ചുകാലം ബ്രേക്കെടുത്താലോ എന്ന് ചിന്തിച്ചിരുന്നെന്നും ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ ബ്രേക്കെടുക്കാന്‍ മാത്രം എന്താണ് ചെയ്തിട്ടുള്ളതെന്ന് മമ്മൂട്ടി തിരിച്ചു ചോദിച്ചെന്നുമായിരുന്നു നിഖില പറഞ്ഞത്.

‘ഈ വര്‍ഷം മാത്രം ഞാന്‍ മൂന്ന് സിനിമകളാണ് ചെയ്തത്. അതിന്റെ ഷൂട്ടും പ്രൊമോഷനുമൊക്കെയായി ഇത്രയും കാലം ഓട്ടമായിരുന്നു. വാഴൈയുടെ പ്രൊമോഷന് വേണ്ടി കഴിഞ്ഞ ദിവസം ബാഗ്ലൂരിലായിരുന്നു. ഇന്ന് ചെന്നൈ, മറ്റന്നാള്‍ വീണ്ടും കൊച്ചിയിലേക്ക് പോകണം. ഇതൊക്കെ കഴിയുമ്പോള്‍ ഞാന്‍ വീണ്ടും വെറുതേയിരിക്കും. തുടര്‍ച്ചയായി ഇങ്ങനെ പണിയെടുക്കുമ്പോള്‍ ഒരു ബ്രേക്ക് എടുത്ത് കുറച്ചുനാള്‍ വെറുതെയിരുന്നാലോ എന്ന് ചിന്തിക്കും.

Also Read: ധര്‍മജന്റെ സംസാരരീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല: ഒരു സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന ബോധം അദ്ദേഹത്തിനുണ്ടാകണമായിരുന്നു: പ്രേം കുമാര്‍

2022ല്‍ ജോ ആന്‍ഡ് ജോ എന്ന സിനിമയുടെ ഷൂട്ടും അതിന്റെ പ്രൊമോഷനും എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ മൊത്തത്തില്‍ തളര്‍ന്നു. കുറച്ചുനാള്‍ സിനിമയില്‍ നിന്ന് ബ്രേക്കെടുക്കാമെന്ന് ചിന്തിച്ചു.

മമ്മൂട്ടി സാറിനെ കാണാന്‍ പോയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചു. ‘ബ്രേക്കെടുക്കാന്‍ മാത്രം നീ സിനിമയില്‍ എന്താ ചെയ്തിട്ടുള്ളത്’ എന്നാണ് മമ്മൂക്ക ചോദിച്ചത്.

‘ഇപ്പോള്‍ നീ ബ്രേക്കെടുത്താല്‍ ബ്രേക്കില്‍ തന്നെ ഇരിക്കേണ്ടി വരും. ഓടാന്‍ പറ്റുന്ന പ്രായത്തില്‍ ഓട്’ എന്നാണ് മമ്മൂക്ക പറഞ്ഞത്. പിന്നീടാലോചിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത് ശരിയായി തോന്നി,’ നിഖില പറഞ്ഞു.

 

Exit mobile version