ഞാന്‍ കമ്പോസ് ചെയ്ത ആ പാട്ട് ഗോപി സുന്ദറിന്റേതാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്: ആനന്ദ് മധുസൂദനന്‍

ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നാണ് വിശേഷം. . കാലികപ്രാധാന്യമുള്ള ശക്തമായ പ്രമേയം സംസാരിച്ച ചിത്രം സംവിധാനം ചെയ്തത് സൂരജ് തോമസാണ്. ആനന്ദ് മധുസൂദനനും ചിന്നു ചാന്ദ്‌നിയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ആദ്യമായി അഭിനയിക്കുന്നതിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെയാണ് ആനന്ദ് നായകകഥാപാത്രമായ ഷിജുവിനെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ രചിച്ചതും സംഗീതം നല്‍കിയതും ആനന്ദ് തന്നെയാണ്.

Also Read: മേപ്പടിയാന്റെ കഥ എന്നോട് പറഞ്ഞിരുന്നു, പക്ഷെ ഞാൻ ചെയ്യില്ലെന്ന് പറഞ്ഞു: നിഖില വിമൽ

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത മോളി ആന്റി റോക്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. പ്രേതം, പ്രേതം 2, പാ.വ, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് ആനന്ദാണ്. പാ.വയിലെ പൊടിമീശ മുളക്കണ കാലം എന്ന പാട്ട് ഇന്നും പലരുടെയും ഫേവറെറ്റാണ്. എന്നാല്‍ ആ പാട്ട് താനാണ് കമ്പോസ് ചെയ്തതെന്ന കാര്യം പലര്‍ക്കും അറിയില്ലെന്ന് പറയുകയാണ് ആനന്ദ് മധുസൂദനന്‍.

തനിക്കറിയാവുന്ന പലരുടെയും ധാരണ പ്രേതത്തിന്റെ മ്യൂസിക് ഡയറക്ടര്‍ ഗോപി സുന്ദറാണെന്നും ഇക്കാര്യം തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞു. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ചിലര്‍ക്കെങ്കിലും മനസിലായാല്‍ സന്തോഷമുണ്ടെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു. ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു ആനന്ദ് മധുസൂദനന്‍.

Also Read: ആ സിനിമയിലേക്ക് എന്നെ നയന്‍താരയാണ് സജസ്റ്റ് ചെയ്യുന്നത്: അനിഘ സുരേന്ദ്രന്‍

‘പാ.വയിലെ പൊടിമീശ മുളക്കണ കാലം എന്ന പാട്ട് കമ്പോസ് ചെയ്തത് ഞാനാണ്. അക്കാര്യം പലര്‍ക്കും അറിയില്ല. വിശേഷത്തില്‍ വര്‍ക്ക് ചെയ്ത സമയത്ത് ആ സെറ്റിലെയും പലര്‍ക്കും ഇക്കാര്യം അറിയില്ലായിരുന്നു. അറിയുമ്പോള്‍ അവര്‍ക്കൊക്കെ ഞെട്ടലാണ്. വേറെ ആരോ ആണ് ചെയ്തതെന്നാണ് എല്ലാവരുടെയും ധാരണ.

ഇത് അവര്‍ എന്റെയടുത്ത് തന്നെ വന്ന് പറയാറുണ്ട്. നാട്ടില്‍ ഞാന്‍ ഏതെങ്കിലും ഫങ്ഷന് പോകുമ്പോള്‍ പരിചയക്കാര്‍ ആരെങ്കിലും വന്ന് സംസാരിക്കുമ്പോള്‍ ‘പ്രേതം എന്ന് പറയുന്ന സിനിമ കണ്ടു, ഗോപി സുന്ദര്‍ എന്ത് കിടിലന്‍ മ്യൂസിക്കാ ചെയ്ത് വെച്ചിരിക്കുന്നത്’ എന്നൊക്കെയാണ് പറയുന്നത്. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും? ഒന്നും ചെയ്യാന്‍ പറ്റില്ല, അത്രതന്നെ,’ ആനന്ദ് പറഞ്ഞു.

Content Highlight: Anand Madhussodanan about his music works

Exit mobile version