ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, സുരഭി, വിജയരാഘവന്‍, ഹനുമാന്‍ കൈന്‍ഡ്, ഉണ്ണിമായ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും ഒരു ശക്തമായ വേഷത്തിലെത്തിയിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രമായാണ് അദ്ദേഹം സിനിമയിലെത്തിയത്.
അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. എന്നാല്‍ ഇതിന് മുമ്പേ താന്‍ മലയാള സിനിമയുടെ ഭാഗമാകേണ്ടിയിരുന്നതാണെന്ന് പറയുകയാണ് അനുരാഗ് കശ്യപ്.
മലയാളത്തില്‍ നിന്ന് മികച്ച സിനിമകള്‍ തന്നെ തേടിയെത്തിയിരുന്നെന്നും എന്നാല്‍ ഭയം കാരണം അവയൊക്കെ വേണ്ടെന്ന് വെക്കുകയായിരുന്നെന്നും അനുരാഗ് കശ്യപ് പറയുന്നു.
‘തുറമുഖം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ അച്ഛന്റെ വേഷം അവതരിപ്പിക്കാന്‍ രാജീവ് രവി എന്നെ വിളിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. പിന്നീട് ആ കഥാപാത്രം ജോജു ജോര്‍ജാണ് ചെയ്തത്.
അതുപോലെ ജല്ലിക്കെട്ട് എന്ന സിനിമയില്‍ വേട്ടക്കാരന്റെ കഥാപാത്രത്തിലേക്ക് എന്നെയായിരുന്നു ലിജോ സമീപിച്ചത്. എന്നാല്‍ മലയാളത്തില്‍ വന്ന് അഭിനയിക്കാനുള്ള ധൈര്യം ഇല്ലാത്തതുകാരണം ഈ രണ്ട് സിനിമകളും ഞാന്‍ വേണ്ടെന്ന് വെച്ചു. എന്നാല്‍ റൈഫിള്‍ ക്ലബ്ബിലേക്ക് ആഷിഖ് വിളിച്ചപ്പോള്‍ എനിക്ക് കുറച്ച് കൂടി ആത്മവിശ്വാസം തോന്നി,’ അനുരാഗ് കശ്യപ് പറഞ്ഞു.
ഫേക്ക് ഐഡിയില്‍ കമന്റിടുന്ന പ്രമുഖ നടി; ചര്‍ച്ചയായി ധ്യാനിന്റെ കമന്റ്
ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ്.
ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
Content Highlight: Anurag Kashyap about Rifle Club Movie