സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോടു പെരുമാറിയ രീതി ജനാധിപത്യ ബോധമുള്ള മനുഷ്യരെ ഞെട്ടിക്കുന്നതാണ്. പരിഷ്‌കൃത ലോകത്ത് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ഇത്ര ഹീനമായി പെരുമാറാനാവുമോ? തട്ടിയകറ്റാനും നോക്കിപ്പേടിപ്പിക്കാനും ഏതധികാരമാണ് അയാളില്‍ അധികമായുള്ളത്?
എന്റെ വഴി എന്റെ അവകാശമാണ് എന്ന് ധാര്‍ഷ്ട്യത്തോടെ അയാള്‍ അലറുന്നു. അയാള്‍ക്കു മാത്രമായി ഒരു വഴിയുണ്ടോ? അനേകര്‍ നടന്നുണ്ടാക്കിയതാണ് വഴികള്‍. അനേകര്‍ നടന്നുകൊണ്ടിരിക്കുന്നതോ പുതുവഴികളിലേക്ക് തുറന്നുകൊണ്ടിരിക്കുന്നതോ ആണ് വഴികള്‍.
അതില്‍ അയാളുടെ മാത്രമായ വഴി ഏതുണ്ട്? മുന്നില്‍ കാണുന്നവരെയൊക്കെ തട്ടിമാറ്റി തന്റെ മാത്രമാണ് വഴിയെന്ന് പറയാന്‍ അയാളാരാണ്?
ഓരോ വഴിയിലേക്ക് ഇറങ്ങുമ്പോഴും അനേകം ചോദ്യങ്ങളെ നാം നേരിടുന്നുണ്ട്. ചിലര്‍ ഉള്ളിലാണ് അവ നേരിടുന്നത്. ഉള്ളു പൊള്ളയായവര്‍ ആ ചോദ്യം വഴിയില്‍ കേള്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതവരെ ഭയചകിതരാക്കുന്നു. തന്റെ ഉയരത്തിന്റെ, ഇരിക്കുന്ന പദവിയുടെ ബലത്തില്‍ വഴിയവകാശം തന്റെതെന്ന് തെറ്റായി പ്രകടിപ്പിക്കുന്നു. എല്ലാ ഇരിപ്പു പദവികളും തന്നവരെയാണ് പൊള്ളമനുഷ്യര്‍ അധികാരംകൊണ്ട് ആട്ടിയകറ്റാമെന്ന് കരുതുന്നത്!
ലൈംഗികാതിക്രമം; നടന്‍ ജയസൂര്യയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി യുവ നടി
തൊഴിലെടുക്കുന്നവര്‍ക്ക് തീറ്റ വേണം. അവരെ ആശ്രയിക്കുന്ന കുടുംബത്തിനും വേണം. തൊഴിലിന്റെ പ്രത്യേകത അതു മാന്യമായ ജീവിതത്തിന്റെ അടിത്തറയാകുന്നു എന്നതുകൂടിയാണ്. മാദ്ധ്യമപ്രവര്‍ത്തകര്‍, അവരുടെ യോഗ്യതയുടെയോ ചെയ്യുന്ന അദ്ധ്വാനത്തിന്റെയോ നിലയനുസരിച്ചു കൂലിപറ്റുന്നവരാണെന്ന് തോന്നുന്നില്ല.
സ്വന്തം തൊഴില്‍ മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്ക് മാന്യമായ വേതനം നല്‍കണമെന്നോ, തുല്യജോലിക്ക് ഏതാണ്ടെങ്കിലും തുല്യമായ വേതനം നല്‍കണമെന്നോ അവര്‍ പറയില്ല. അവിടെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന കൊടും ചൂഷണവും പീഡനവും അവര്‍ കാണില്ല. അവ പുറത്തുവന്നാല്‍ മാദ്ധ്യമങ്ങള്‍ കോടതികളാണോ എന്നാണ് ചോദ്യം!
ഇന്നലെ കാണിച്ച മനുഷ്യത്വ വിരുദ്ധമായ ആ പ്രകടനമുണ്ടല്ലോ, സുരേഷ്‌ഗോപീ, അതു താങ്കളുടെ പതനത്തിന്റെ ആരംഭം കുറിക്കും. നന്നായി തന്റെ ജോലി ചെയ്യുന്ന മികച്ച നാടക അഭിനേതാക്കള്‍ക്കു കിട്ടാത്ത വേതനം അത്ര മികച്ചതല്ലാത്ത പ്രകടനത്തിനു താങ്കള്‍ക്കു കിട്ടുന്നുണ്ട്. അത് വ്യവസായത്തിന്റെ മികവു മാത്രമല്ല, വിലപേശലും കൈയിട്ടുവാരലുംകൂടിയാണ്.
പൊതുജനങ്ങളുടെ പണം ‘മാന്യമായി’ കൊള്ളയടിക്കുന്ന രംഗമായി സിനിമയെ മാറ്റുന്നത് നായകസിംഹങ്ങളുടെ ആര്‍ത്തിയാണ്. അല്ലെങ്കില്‍ സിനിമാ നിര്‍മ്മാണച്ചെലവ് എത്രയോ കുറയ്ക്കാനാവും. ആര്‍ത്തി പെരുത്ത് വാങ്ങിക്കൂട്ടുന്ന പണം കൊള്ളയുടെ പാപം കലര്‍ന്നതാണ്. അത് മായ്ച്ചുകളയാന്‍ ദയാവായ്പ് പ്രകടിപ്പിച്ചതുകൊണ്ടു മാത്രമാവില്ല.
കരുണയെന്നത് പാപം കഴുകാനുള്ള പുണ്യജലമല്ല. അത് ആത്മാവിലുണരുന്ന സമര്‍പ്പണമാണ്. അതു താങ്കളില്‍ അല്‍പ്പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ സഹജീവികളോടു പ്രകടിപ്പിച്ച ധാര്‍ഷ്ട്യവും പുച്ഛവും താങ്കള്‍ പ്രകടിപ്പിക്കുമായിരുന്നില്ല. തെരുവില്‍ താങ്കള്‍ നടത്തിയ പ്രകടനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് അശ്ലീലമാണ്. സിനിമയില്‍ ഉണരുന്ന സ്ത്രീകള്‍ ചൂണ്ടിക്കാണിച്ചതുപോലെ ആണധികാരം തെരുവിലും ലിംഗക്കോമരമാടുകയാണ്. അതു ശമിപ്പിക്കാനുള്ള കഷായമോ ശസ്ത്രക്രിയയോ അനിവാര്യംതന്നെ.
ആസാദ് മലയാറ്റില്‍