മലയാളികളുടെ നെഞ്ചിടിപ്പോടെ കണ്ടുതീര്‍ത്ത ചിത്രമായിരുന്നു ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കിയത്.
നജീബായി പൃഥ്വിരാജ് ജീവിച്ചു തീര്‍ത്ത ചിത്രം തിയേറ്ററിലും ഒ.ടി.ടിയിലും ഗംഭീര പ്രതികരണമാണ് നേടിയത്. നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം വാരിക്കൂട്ടിയിരുന്നു.
ചിത്രത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ബ്ലെസി. അങ്ങനെയൊരു സാധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്നും രണ്ടാം ഭാഗമുണ്ടെങ്കില്‍ അത് സൈനു ജീവിച്ചു തീര്‍ത്ത ജീവിതത്തെ ആസ്പദമാക്കിയാകുമെന്നും ബ്ലെസി പറയുന്നു.
നജീബ് മരുഭൂമിയില്‍ കുടുങ്ങിയപ്പോള്‍ ഒറ്റയ്ക്കായ സൈനുവിനെ കുറിച്ച് താന്‍ ആലോചിക്കാറുണ്ടെന്നും ബ്ലെസി പറയുന്നു.
നാളുകള്‍ക്കൊടുവില്‍ എന്നെ ഞെട്ടിച്ച മലയാള സിനിമ ഇതാണ്: വിനീത് ശ്രീനിവാസന്‍
‘ആടുജീവിതത്തിന് ഒരു രണ്ടാം ഭാഗം എന്നത് ആലോചിച്ചിട്ടില്ല. പക്ഷേ അമലയോട് ഞാന്‍ ഒരു ഘട്ടത്തില്‍ പറഞ്ഞിട്ടുണ്ട് സൈനുവിന് ഒരു ജീവിതമുണ്ട്. സൈനുവിന് ഒരു കാത്തിരിപ്പുണ്ട്. മൂന്ന് വര്‍ഷകാലത്തെ കാത്തിരിപ്പാണ് അത്.
നജീബിന്റെ ഉമ്മ മരിക്കുന്നു, സൈനു വീട്ടില്‍ തനിച്ചാവുന്നു. സുന്ദരിയായ ഒരു പെണ്‍കുട്ടി തനിച്ചാവുമ്പോഴുള്ള സാഹചര്യങ്ങള്‍, പ്രയാസങ്ങള്‍. ഇതൊക്കെ പറയുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ വല്ലാതെയുണ്ട്. അതിനെകുറിച്ചൊക്കെ ഞങ്ങള്‍ ഇടയ്ക്കിങ്ങനെ സംസാരിക്കാറുണ്ട്. പക്ഷെ എനിക്ക് തോന്നുന്നില്ല. വേണമെങ്കില്‍ ആലോചിക്കാവുന്നതാണ്,’ബ്ലെസി പറയുന്നു.
ജോര്‍ദാനില്‍ ആടുജീവിതം എന്ന ചിത്രം ഷൂട്ട് ചെയ്ത് അവസാന ദിവസങ്ങള്‍ എത്തുമ്പോഴേക്കും താന്‍ വീണുപോയെന്നും ബ്ലെസി പറയുന്നുണ്ട്.
‘ജോര്‍ദാനിലെ മരുഭൂമിയിലെ അവസാന ഷോട്ടുകളില്‍ രാജുവിന്റെ അവസാന ഷോട്ട് എടുക്കുമ്പോള്‍ ഒരു ബെഡില്‍ കിടന്നുകൊണ്ടാണ് ഞാന്‍ അത് കാണുന്നത്. അതിന് ശേഷം അന്ന് തന്നെ ഞാന്‍ ഹോസ്പിറ്റലിലായി.
നാട്ടിലേക്ക് ഞാന്‍ വീല്‍ ചെയറിലാണ് വരുന്നത്. വീണ്ടും കുറച്ച് നാള്‍ ഹോസ്പിറ്റലില്‍ കിടന്ന ശേഷമാണ് വീട്ടിലേക്ക് പോവാന്‍ പറ്റിയത്,’ബ്ലെസി പറഞ്ഞു.
Content Highlight: Director Blessy About Aadujeevitham second part