ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഒരു മലയോര കര്‍ഷകനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.
ഇടുക്കിയിലെ രാജാക്കാട് കേബിള്‍ ടി.വി സ്ഥാപനം നടത്തുന്ന ജോര്‍ജുകുട്ടിയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു ദുരന്തവും തുടര്‍ സംഭവങ്ങളുമാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും എത്തി. ഒ.ടി.ടി റിലീസായി എത്തിയ ദൃശ്യം 2 വും മികച്ച പ്രതികരണമായിരുന്നു നേടിയത്.
ദൃശ്യത്തിന്റെ ക്ലൈമാക്‌സ് സീന്‍ ചിത്രീകരണത്തിനിടെയുണ്ടായ ഒരു രസകരമായ കാര്യം പങ്കുവെക്കുകയാണ് ജീത്തു ജോസഫ്. ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെ മോഹന്‍ലാല്‍ പറഞ്ഞ ഒരു തമാശ കേട്ട് സീനില്‍ നന്നായി അഭിനയിക്കാന്‍ കഴിയാതിരുന്ന സിദ്ദിഖിനെ കുറിച്ചാണ് ജീത്തു സംസാരിക്കുന്നത്.
‘ ദൃശ്യം 1 ന്റെ ക്ലൈമാക്‌സില്‍ രണ്ട് ഫാമിലിയും മീറ്റ് ചെയ്യുന്ന ആ രംഗം ചിത്രീകരിക്കുകയാണ്. റിസര്‍വോയറിന്റെ സൈഡില്‍ ആയിട്ടാണ് സീന്‍ എടുക്കുന്നത്.
സിദ്ദിഖേട്ടന് ലെങ്തി ഡയലോഗാണ് ഉള്ളത്. അത് കഴിഞ്ഞാല്‍ ലാല്‍സാറിനും ഡയലോഗുണ്ട്. ഇവരെല്ലാം ഡയലോഗെല്ലാം വായിച്ചു. സിദ്ദിഖ് ഏട്ടന്‍ ഇങ്ങനെ പ്രിപ്പയേര്‍ഡ് ആയി നില്‍ക്കുകയാണ്.
സിംഗിള്‍ ഷോട്ടാണ്. ഷോട്ട് ഓക്കെയുമാണ്. അപ്പോള്‍ സിദ്ദിഖേട്ടന്‍ വന്നിട്ട് ശരിയായോ ജീത്തു, നമുക്ക് ഒന്നുകൂടി എടുക്കാമെന്ന് പറഞ്ഞു. ഇല്ലെന്നേ ലാല്‍ അതിന് മുന്‍പ് ഒരു പരിപാടി ചെയ്തു വെച്ചിട്ട് എനിക്ക് നന്നായി പറയാനായില്ല എന്ന് പറഞ്ഞു.
എന്താണ് കാര്യമെന്ന് ഞാന്‍ ചോദിച്ചു. അവിടെ ഒരു കാക്കയും ഒരു കൊക്കും ഇരിപ്പുണ്ടായിരുന്നു. രണ്ട് പേരും വെള്ളം കുടിക്കുകയാണ്.
ഷോട്ടിന്റെ തൊട്ട് മുന്‍പ് ലാല്‍ അതിനെ നോക്കി ചൂണ്ടിയിട്ട് ഇതാണോ കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന് പറയുന്നത് എന്ന് ചോദിച്ചു.
അതേ സമയം തന്നെ ഞാന്‍ ഇവിടെ സ്റ്റാര്‍ട്ട് ക്യാമറ റോളിങ് പറയുകയും ചെയ്തു. എങ്ങനെയോ ചിരി മാനേജ് ചെയ്താണ് സിദ്ദിഖേട്ടന്‍ ഡയലോഗ് പറയുന്നത്.
ഇതാണ് ലാലേട്ടന്‍. തൊട്ടുമുമ്പ് വരെ ജോക്ക് അടിച്ച് അടുത്ത സെക്കറ്റില്‍ അഭിനയിക്കും. അതുപോലെ തന്നെ തിരിച്ചുംവരും,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Director Jeethu Joseph about Drishyam Climax scene shoot