രഞ്ജിത്ത് രാജിയിലേക്ക്? ; വാഹനത്തിലെ ഔദ്യോഗിക ബോര്‍ഡ് ഊരി മാറ്റി

തിരുവനന്തപുരം: നടിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഒഴിയാന്‍ രഞ്ജിത്ത് സന്നദ്ധത അറിയിച്ചതായി സൂചന.

വയനാട്ടിലുള്ള രഞ്ജിത്ത് തന്റെ വാഹനത്തില്‍ നിന്ന് ഔദ്യോഗിക ബോര്‍ഡ് ഊരിമാറ്റിയിട്ടുണ്ട്. ഔദ്യോഗിക ബോര്‍ഡ് മാറ്റിയ വാഹനം വയനാട്ടിലെ വീട്ടില്‍ ഉപേക്ഷിച്ചാണ് അവിടെ നിന്നും ഇദ്ദേഹം മടങ്ങിയത്.

രഞ്ജിത്ത് അക്കാദമി സ്ഥാനത്ത് നിന്ന് ഒഴിയുന്നതാണ് പക്വതയെന്ന് നടി ഉര്‍വശി നേരത്തെ പറഞ്ഞിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് പൂര്‍ണബോധ്യമുള്ളതുകൊണ്ടാകാം അദ്ദേഹം സ്ഥാനത്ത് തുടരുന്നതെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനാണ് രജ്ഞിത്ത് എന്നല്ലേ മന്ത്രി പറഞ്ഞത് എന്നുമായിരുന്നു രഞ്ജിത്ത് സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോട് ഉര്‍വശി പ്രതികരിച്ചത്. രജ്ഞിത്ത് സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന നിലപാടാണ് നടി ഉഷയും ശ്വേത മേനോനുമൊക്കെ സ്വീകരിച്ചത്.

Also Read: സിനിമയില്‍ പവര്‍ഗ്രൂപ്പുണ്ട്, അതില്‍ സ്ത്രീകളും ഭാഗമാകാം; ഒമ്പത് സിനിമകളാണ് ഒരു സുപ്രഭാതത്തില്‍ എനിക്ക് നഷ്ടമായത്: ശ്വേത മേനോന്‍

നേരത്തെയും ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോഴും രാജിക്ക് തയ്യാറല്ലെന്ന് രജ്ഞിത്ത് പ്രഖ്യാപിച്ചിരുന്നു. ഐ.എഫ്.എഫ്.കെ സമാനവേദിയില്‍ ആളുകള്‍ രഞ്ജിത്തിനെതിരെ കൂവിവിളിച്ചപ്പോഴും താന്‍ രാജിവെക്കില്ലെന്നായിരുന്നു രഞ്ജിത്ത് പ്രഖ്യാപിച്ചത്.

അതേസമയം വിഷയത്തില്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ എടുത്തത്. ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര രേഖാമൂലം പരാതി നല്‍കണമെന്നും അങ്ങനെയെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നുമായിരുന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും ഊഹാപോഹത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാനാകുമോയെന്നും നിരപരാധിയെന്ന് വന്നാല്‍ എന്തുചെയ്യുമെന്നുമായിരുന്നു മന്ത്രി ചോദിച്ചത്.

രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനാക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നും ആ സ്ഥാനത്ത് നിലനിര്‍ത്തുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ സ്ത്രീകളുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണ്, വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാന്റെ ഈ നിലപാടിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇരക്കൊപ്പം നില്‍ക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊമാണല്ലോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്തന്.

Also Read: കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ടുവരും; തീര്‍ച്ചയായും പേരുകള്‍ പുറത്തുവിടണം : അന്‍സിബ ഹസ്സന്‍

ഗുരുതരമായ ആരോപണമാണ് രഞ്ജിത്തിനെതിരെ ബംഗാളി നടിയായ ശ്രീലേഖ ഉയര്‍ത്തിയത്. സിനിമയില്‍ അഭിനയിക്കുന്നതിനായി വിളിപ്പിച്ച തന്നെ മുറിയിലേക്ക് വിളിപ്പിച്ച ശേഷം വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചുവെന്നും തുടര്‍ന്ന് കഴുത്തില്‍ തലോടിയെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. മോശം പെരുമാറ്റത്തെ തുടര്‍ന്ന് പാലേരിമാണിക്യം സിനിമയില്‍ അഭിനയിക്കാതെ താന്‍ പിറ്റേന്ന് തന്നെ മടങ്ങിപ്പോയെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

Content Highlight: Director Renjith Resignation Issues

Exit mobile version