തങ്കനും മാത്യുവും കെട്ടിപ്പിടിക്കുന്ന ഒരു സീന്‍ കാതലില്‍ പോലും വേണ്ടെന്ന് എനിക്ക് തോന്നാത്തതിന്റെ കാരണം അതാണ്: ജിയോ ബേബി

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ മികച്ച സിനിമകളിലൊന്നാണ് കാതല്‍ ദി കോര്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി വേഷമിട്ട ചിത്രം ഇന്ത്യയൊട്ടുക്ക് ചര്‍ച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ചിത്രം നിര്‍മിച്ചതും മമ്മൂട്ടി തന്നെയായിരുന്നു.

സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങള്‍ തമ്മില്‍ ഇന്റിമേറ്റായിട്ടുള്ള രംഗങ്ങള്‍ ഇല്ലെന്ന് പലരും വിമര്‍ശിച്ചിരുന്നു. മമ്മൂട്ടി എന്ന നടന്റെ സ്റ്റാര്‍ഡം കാരണം അത്തരം രംഗം ഒഴിവാക്കേണ്ടി വന്നെന്നായിരുന്നു പ്രധാന വിമര്‍ശനം. അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ജിയോ ബേബി.

Also Read: ശ്രീകൃഷ്ണന്റെയും കുചേലന്റെയും സൗഹൃദം; കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ ചിലത് എന്റെ സങ്കല്‍പ്പം: ശ്രീനിവാസന്‍

ചിത്രത്തിന്റെ ഒരു ഡ്രാഫ്റ്റില്‍ പോലും അത്തരം രംഗങ്ങളെക്കുറിച്ച് താനോ എഴുത്തുകാരോ ആലോചിച്ചിരുന്നില്ലെന്ന് ജിയോ ബേബി പറഞ്ഞു. തങ്കന്‍, മാത്യൂസ് എന്നീ കഥാപാത്രങ്ങളുടെ മാനസികസംഘര്‍ഷത്തയാണ് കഥ ഫോക്കസ് ചെയ്യുന്നതെന്നും അത് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

മാത്യൂസ് എന്ന കഥാപാത്രത്തിന് കുടുംബവും സുഹൃത്തുക്കളും ഉണ്ടെങ്കിലും തങ്കന് മാത്യൂസ് മാത്രമേ ഉള്ളൂവെന്നും അയാളുടെ മുഖത്ത് ആ പ്രതീക്ഷ മാത്രമാണ് എപ്പോഴും കാണുന്നതെന്നും ജിയോ ബേബി പറഞ്ഞു. അത്തരം ഘട്ടത്തില്‍ ഇന്റിമസിയെക്കാള്‍ അവരുടെ മാനസികസംഘര്‍ഷത്തെയാണ് കാണിക്കേണ്ടതെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: എനിക്ക് ഏറെ പ്രതീക്ഷയുള്ള യുവനടന്‍ എന്നാണ് പൃഥ്വി അയാളെക്കുറിച്ച് അന്ന് പറഞ്ഞത്: ജഗദീഷ്

‘എന്റെ ഏറ്റവുമടുത്ത മാധ്യമസുഹൃത്തുക്കള്‍ പോലും വിചാരിച്ചിരിക്കുന്നത് മമ്മൂക്ക കാരണമാണ് കാതലില്‍ ഇന്റിമസി രംഗങ്ങള്‍ വേണ്ടെന്ന് വെച്ചതെന്ന്. ആ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ഞങ്ങളുടെ കൈയിലുണ്ട്. തങ്കന്‍ എന്ന കഥാപാത്രത്തിന് മാത്യൂസ് മാത്രമേയുള്ളൂ. മാത്യൂസിന് കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. പക്ഷേ തങ്കന് മാത്യൂസ് മാത്രമേയുള്ളൂ. ഹൃദയും കൊണ്ട് സ്‌നേഹിക്കുന്നവരുടെ കഥയാണ് കാതല്‍ പറയുന്നത്.

ആ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ക്ലൈമാക്‌സില്‍ കോഫീ ഷോപ്പില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാത്യുവിന്റെ കൂടെ കാറില്‍ തങ്കന്‍ ഇരിക്കുന്ന ഷോട്ടാണ്. ആ ഷോട്ടിലൂടെ ഞാന്‍ പറായാനുദ്ദേശിച്ചത് എനിക്ക് കിട്ടി. അല്ലാതെ അവര്‍ രണ്ടുപേരും കെട്ടിപ്പിടിക്കുന്നതോ ഉമ്മവെക്കുന്നതോ എടുക്കേണ്ട ആവശ്യമില്ല എന്നെനിക്ക് തോന്നി,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Jeo Baby about Kaathal movie

Exit mobile version