ഫഹദിന്റെയും എന്റെയും ആദ്യ സീന്‍; താന്‍ പ്രൊഡ്യൂസറല്ലേ, ഇങ്ങനെ ചിരിച്ചാല്‍ എങ്ങനെയാണെന്ന് അമല്‍ ചോദിച്ചു: ജ്യോതിര്‍മയി

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബോഗെയ്ന്‍വില്ല. ഒരു ഇടവേളക്ക് ശേഷം ജ്യോതിര്‍മയി നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. നടി ആദ്യമായി ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടെയാണ് ബോഗെയ്ന്‍വില്ല.

ഇപ്പോള്‍ ഫഹദിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജ്യോതിര്‍മയി. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഫഹദിന്റെ കൂടെ താന്‍ മുമ്പ് സിനിമകള്‍ ചെയ്തിരുന്നില്ലെന്നും പക്ഷെ ഫഹദും നസ്രിയയും തങ്ങളുടെ നല്ല കൂട്ടുകാരാണെന്നും ജ്യോതിര്‍മയി പറയുന്നു.

Also Read: എന്നെക്കാള്‍ കൂടുതല്‍ അറ്റന്‍ഷന്‍ കിട്ടുന്നത് അവന്റെ ഡാന്‍സിന്; എന്നാല്‍ ബോഗെയ്ന്‍വില്ലയിലെ ഡാന്‍സ് അവന് പിടികിട്ടിയിട്ടില്ല: കുഞ്ചാക്കോ ബോബന്‍

ബോഗെയ്ന്‍വില്ലയില്‍ താനും ഫഹദും ഒരുമിച്ച് ആദ്യം ചെയ്യാന്‍ ഉണ്ടായിരുന്ന സീന്‍ വളരെ സീരിയസായ ഒന്നായിരുന്നെന്നും അത് ചെയ്യുമ്പോള്‍ രണ്ടുപേരും വലിയ ചിരിയായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ഫഹദ് ഫാസിലിനും ജ്യോതിര്‍മയിക്കും പുറമെ കുഞ്ചാക്കോ ബോബന്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഈ ചിത്രത്തില്‍ ഒന്നിക്കുന്നത്.

‘ഫഹദിന്റെ കൂടെ ഞാന്‍ സിനിമകള്‍ ചെയ്തിരുന്നില്ല. ആദ്യമായിട്ടായിരുന്നു അവന്റെ കൂടെ ഒരു പ്രൊജക്ട് ചെയ്യുന്നത്. പക്ഷെ ഫഹദും നസ്രിയയും ഞങ്ങളുടെ നല്ല ഫ്രണ്ട്‌സായിരുന്നു. വളരെ ക്ലോസ് ഫ്രണ്ട്‌സാണെന്ന് വേണം പറയാന്‍.

Also Read: ആ തമിഴ് സിനിമയില്‍ ഞാനും മൈക്കിള്‍ ജാക്‌സണും ഒന്നിച്ച് വര്‍ക്ക് ചെയ്യേണ്ടതായിരുന്നു: എ.ആര്‍. റഹ്‌മാന്‍

സിനിമയില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ആദ്യം ചെയ്യാന്‍ ഉണ്ടായിരുന്ന സീന്‍ വളരെ സീരിയസായ ഒന്നായിരുന്നു. അത് ചെയ്യുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വലിയ ചിരിയായിരുന്നു. ഫ്രണ്ട് എന്ന രീതിയില്‍ നിന്നും ഞങ്ങള്‍ക്ക് ആ കഥാപാത്രത്തിലേക്ക് മാറാന്‍ കുറച്ച് നേരമെടുത്തു.

അമല്‍ ഞങ്ങളുടെ ചിരി കണ്ടിട്ട് ‘താന്‍ ഇതിന്റെ പ്രൊഡ്യൂസറല്ലേ, ഇങ്ങനെ ചിരിച്ചാല്‍ എങ്ങനെയാണ്’ എന്ന് പോലും ചോദിച്ചു. അത്തരത്തില്‍ കുറച്ച് രസകരമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ആ കഥാപാത്രത്തിലേക്ക് കയറിയപ്പോള്‍ ഓക്കെയായി,’ ജ്യോതിര്‍മയി പറഞ്ഞു.

Content Highlight: Jyothirmayi Talks About Fahadh Faasil And Amal Neerad

Exit mobile version