വാഴൈയില്‍ ആ കഥാപാത്രത്തെ പിന്നീട് കാണിക്കാത്തതിനെ പലരും വിമര്‍ശിക്കുന്നുണ്ട് : മാരി സെല്‍വരാജ്

തമിഴില്‍ നിന്ന് ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ. 1999ല്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പുതുമുഖങ്ങളായ പൊന്‍വേല്‍, രാഘുല്‍ എന്നിവരുടെ റിയലിസ്റ്റിക്കായ പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യസിനിമയുടെ യാതൊരു പതര്‍ച്ചയുമില്ലാതെയാണ് ഇരുവരും അവരുടെ വേഷം ഭംഗിയായി ചെയ്തത്. മലയാളത്തില്‍ നിന്ന് നിഖില വിമലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Also Read: അന്ന് ലാലേട്ടൻ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തത് കൊണ്ട് എനിക്ക് സൗഹൃദം തിരിച്ച് കിട്ടി: ആസിഫ് അലി

ചിത്രത്തിലെ നിഖിലയുടെ പ്രകടനത്തെയും പലരും അഭിനന്ദിക്കുന്നുണ്ട്. പൂങ്കൊടി എന്ന അധ്യാപികയുടെ വേഷം വളരെ കൈയടക്കത്തോടെയാണ് നിഖില അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന്റെ അവസാനം ആ കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്ന് കാണിക്കാതിരുന്നത് എന്തുകൊണ്ടെന്ന് പലരും ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകന്‍ മാരി സെല്‍വരാജ്.

ഒരു വര്‍ഷം മുന്നേ സിനിമയുടെ പ്രധാന സീനുകളെല്ലാം എടുത്തിരുന്നെന്നും എന്നാല്‍ ക്ലൈമാക്‌സില്‍ ശവശരീരം മറവുചെയ്യുന്ന സീന്‍ ഈ വര്‍ഷമാണ് എടുത്തതെന്നും മാരി പറഞ്ഞു. ആ സീനില്‍ നിഖിലയുടെ കഥാപാത്രം വേണമെന്ന് താന്‍ വളരെയധികം ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ നിഖില വേറൊരു സിനിമയുടെ തിരക്കിലായതിനാല്‍ ഡേറ്റില്ലായിരുന്നെന്നും മാരി കൂട്ടിച്ചേര്‍ത്തു. ആ സീനില്‍ നിഖിലയുടെ കഥാപാത്രം ഇല്ലാത്തതില്‍ വളരെയധികം വിഷമമുണ്ടെന്നും മാരി പറഞ്ഞു. വാഴൈയുടെ സക്‌സസ് മീറ്റിലാണ് മാരി ഇക്കാര്യം പറഞ്ഞത്.

Also Read: ഒരു സിനിമക്കും അദ്ദേഹം എന്നെ വിളിച്ചില്ല, ഒടുവിൽ വിളിച്ചപ്പോഴേക്കും അദ്ദേഹം പോയി: ജഗദീഷ്

‘പലരും സിനിമ കണ്ടിട്ട് നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ, ചിലര്‍ ഒരു കാര്യം പ്രത്യേകം എടുത്തുപറഞ്ഞു. ആ ടീച്ചറുടെ ക്യാരക്ടറിനെ എന്തുകൊണ്ട് ക്ലൈമാക്‌സില്‍ കാണിച്ചില്ല എന്നാണ് പലരും ചോദിച്ചത്. ആ ക്യരക്ടറിനെ അപൂര്‍ണമായി അവസാനിപ്പിച്ചു എന്നാണ് പറയുന്നത്. സത്യം പറഞ്ഞാല്‍ ക്ലൈമാക്‌സില്‍ വാഴത്തോട്ടത്തില്‍ വെച്ചുള്ള പാട്ടില്‍ നിഖിലയെയും കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നു.

നിഖില സ്‌കൂളില്‍ വെച്ച് ഡാന്‍സ് ചെയ്യുന്ന പാട്ട് കഴിഞ്ഞ വര്‍ഷമാണ് ഷൂട്ട് ചെയ്തത്. അതോടെ അവരുടെ ഡേറ്റ് തീര്‍ന്നു. ടെയില്‍ എന്‍ഡിലെ പാട്ട് ഷൂട്ട് ചെയ്തത് ഈ വര്‍ഷമാണ്. ആ സമയത്ത് നിഖല വേറൊരു സിനിമയുടെ തിരക്കിലായിരുന്നു. ആ ശവശരീരങ്ങള്‍ മറവ് ചെയ്യുന്ന സമയത്ത് ശിവനൈന്ദന്‍ എന്ന കഥാപാത്രം അവന്റെ ടീച്ചറുടെ മടിയില്‍ കിടക്കുന്നതായാണ് ഞാന്‍ മനസില്‍ ആഗ്രഹിച്ചത്. പക്ഷേ, അങ്ങനെ ചെയ്യാന്‍ പറ്റാത്തതില്‍ എനിക്ക് നല്ല വിഷമവും കുറ്റബോധവുമുണ്ട്,’ മാരി സെല്‍വരാജ് പറഞ്ഞു.

Content Highlight: Mari Selvaraj about Vaazhai movie and Nikhila Vimal

Exit mobile version