സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ ജാസ്മിന്‍. പിന്നാലെ കമല്‍ സംവിധാനം ചെയ്ത ഗ്രാമഫോണിലും മീര നായികയായി. ചിത്രത്തിലെ ജെന്നിഫര്‍ എന്ന ജൂത പെണ്‍കുട്ടിയുടെ കഥാപാത്രത്തിന് മീരയ്ക്ക് വലിയ പ്രശംസയും ലഭിച്ചു.
പിന്നാലെ കമലിന്റെ തന്നെ സ്വപ്‌നക്കൂടില്‍ മീര നായികയായി. ഇതിന് ശേഷം, തന്നെ സിനിമയിലെത്തിച്ച ലോഹിതദാസിന്റെ കസ്തൂരിമാന്‍ എന്ന ചിത്രത്തിലും ഒരുമികച്ച വേഷത്തില്‍ മീര എത്തി. കസ്തൂരിമാനിലെ അഭിനയത്തിന് മീരയ്ക്ക് ആദ്യത്തെ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു.
ചുരുങ്ങിയ കാലംകൊണ്ട് തന്നെ മോഹന്‍ലാല്‍-മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ മീരയ്ക്കായി. മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിന്.
ഇരുവരോടും വ്യത്യസ്ത രീതിയിലുള്ള ആരാധനയാണ് തനിക്കുള്ളതെന്ന് മീര പറയുന്നു. ചെറുപ്പത്തില്‍ സിനിമകള്‍ കാണുമ്പോള്‍ മോഹന്‍ലാലിനെ തന്റെ ലൗവറെ പോലെയും മമ്മൂട്ടിയെ തന്റെ വല്യേട്ടനെ പോലെയും തോന്നുമായിരുന്നുവെന്നാണ് മീര പറയുന്നത്.
മമ്മൂക്കയോടുള്ള ഇഷ്ടം വേറെയായിരുന്നു. വാത്സല്യം, അമരം അങ്ങനെയുള്ള സിനിമകളൊക്കെ കണ്ട് മമ്മൂക്കയോട് ഒരു സഹോദരനോടൊക്കെ പോലെയുള്ള, നമ്മളെ സംരക്ഷിക്കുന്ന ഒരു വല്യേട്ടനെ പോലെയായിരുന്നു. അങ്ങനെ ഒരു ഫീലായിരുന്നു അദ്ദേഹത്തോട് ഉണ്ടായിരുന്നത്. അത് വേറെയൊരു ഇഷ്ടമായിരുന്നു.
എനിക്ക് പത്ത് വയസുള്ളപ്പോഴൊക്കെ ലാലേട്ടനെ കാണുമ്പോള്‍ എന്റെ ഒരു ലൗവറെ പോലെയായിരുന്നു എനിക്ക് തോന്നിയിരുന്നത്. ചെറിയ വയസിലൊക്കെ, ഇങ്ങനെ ഒരാളെ കിട്ടിയിരുന്നെങ്കില്‍ എന്ന് വിചാരിക്കുമായിരുന്നു.
അവരുടെ രണ്ട് പേരുടെ കൂടെയും ആദ്യമായി അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. കാരണം ലാലേട്ടനെയും മമ്മൂക്കയേയും രണ്ട് രീതിയിലായിരുന്നു ഞാന്‍ ആരാധിച്ചത്,’മീര ജാസ്മിന്‍ പറയുന്നു.