അമ്മയില്‍ പൊട്ടിത്തെറി; മോഹന്‍ലാല്‍ രാജിവെച്ചു; എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടു; വിമര്‍ശിച്ചതിനും തിരുത്തിയതിനും നന്ദിയെന്ന് നേതൃത്വം

കൊച്ചി: താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി.’അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അംഗങ്ങള്‍ രാജി സമര്‍പ്പിച്ചത്. ഇതോടെ 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു. വാര്‍ത്താക്കുറിപ്പിലൂടെയാണ് രാജിക്കാര്യവും കമ്മിറ്റി പിരിച്ചുവിട്ട കാര്യവും ഭാരവാഹികള്‍ അറിയിച്ചത്.

‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു.

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും’, എന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

നടി രേവതി സമ്പത്തിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ നടനും ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. പിന്നാലെ ഈ സ്ഥാനത്തേക്ക് താത്ക്കാലികമായി ചുമതലയേല്‍ക്കാനിരുന്ന ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നു. ഇതോടെയാണ് സംഘടന സമ്മര്‍ദത്തിലായത്. തുടര്‍ന്ന് എക്‌സിക്യുട്ടീവ് മീറ്റിങ് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവില്‍ ചെന്നൈയിലുള്ള മോഹന്‍ലാല്‍ കേരളത്തില്‍ എത്തിയിരുന്നില്ല. അസൗകര്യംമൂലം എത്താന്‍ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം അറിയിക്കുകയായിരുന്നു.

 

Exit mobile version