പലപ്പോഴും സിനിമകള്‍ ആളുകളെ മോശമായി സ്വാധീനിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണാറുണ്ട്. ചില സിനിമയിലെ കുറ്റകൃത്യങ്ങള്‍ ആളുകള്‍ അനുകരിക്കാറുണ്ട്. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് നടന്‍ മോഹന്‍ലാല്‍.
സിനിമയിലെ ക്രൈം യഥാര്‍ത്ഥ ജീവിതത്തില്‍ ആളുകള്‍ അനുകരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ സിനിമയിലല്ലേ പറ്റുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിനിമയിലെ പോലെ ചെയ്താല്‍ പൊലീസ് പിടിക്കില്ലേയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.
ഒപ്പം ദൃശ്യം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്തപ്പോള്‍ അതില്‍ ക്ലൈമാക്സില്‍ മാറ്റം വരുത്തേണ്ടി വന്നതിനെ കുറിച്ചും നടന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘ക്രൈമൊക്കെ സിനിമയില്‍ അല്ലേ പറ്റുകയുള്ളൂ. സിനിമയിലെ പോലെ റിയല്‍ ലൈഫില്‍ ചെയ്താല്‍ നമ്മളെ പൊലീസ് പിടിക്കില്ലേ. ദൃശ്യത്തിന്റെ കാര്യം പറയുകയാണെങ്കില്‍, ചൈനയില്‍ ദൃശ്യം ചെയ്തപ്പോള്‍ അതില്‍ ജോര്‍ജുകുട്ടിക്ക് പൊലീസിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നിരുന്നു.
കാരണം അവര്‍ അവിടെ പൊലീസിനെ പറ്റിക്കാന്‍ ഒരിക്കലും സമ്മതിക്കില്ല. അതുകൊണ്ട് ആ സിനിമയുടെ ക്ലൈമാക്സില്‍ നായകന് താനാണ് ചെയ്തതെന്ന് സമ്മതിക്കേണ്ടി വന്നു. പിന്നെ പണ്ട് ഭദ്രന്റെ സ്ഫടികം എന്ന സിനിമ കണ്ടിട്ട് ആളുകള്‍ മുണ്ടഴിച്ചിട്ട് പൊലീസിനെ പിടിച്ചുവെന്നൊക്കെയുള്ള കഥകള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
പക്ഷെ അങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ. അങ്ങനെ ചെയ്താല്‍ അവരെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകില്ലേ. അതൊക്കെ വെറുതെയാണ്. പിന്നെ സിനിമയുടെ ഇന്‍ഫ്ളുവന്‍സ് കൊണ്ട് ചിലപ്പോള്‍ അത്യപൂര്‍വമായി ക്രൈമുകള്‍ ഉണ്ടാകാം. ചില ബാങ്ക് കവര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നുള്ള കഥ കേട്ടിട്ടുണ്ട്. നേരത്തെ തിരിച്ച് ചില ബാങ്ക് കവര്‍ച്ചകളില്‍ നിന്ന് സിനിമകള്‍ ഉണ്ടായിട്ടുണ്ടല്ലോ,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal Talks About Influence Of Movie In Real Life