ഇത്തവണ ഓണം കളറാകും; പൊടിപാറിക്കാന്‍ വമ്പന്‍ റിലീസുകള്‍

ഈ വര്‍ഷത്തെ ഓണക്കാലം കളറാക്കാന്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍. ടൊവിനോ, ആസിഫ് അലി, പെപ്പെ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസാകുമ്പോള്‍ തമിഴില്‍ നിന്ന് വിജയ് ചിത്രവും എത്തുന്നുണ്ട്.

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം'(ARM) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഓണം റീലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ലാല്‍ ആണ്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് ഇത്. അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. 3 ഡി യിലും 2 ഡിയിലുമായി അജയന്റെ രണ്ടാം മോഷണം പ്രദര്‍ശനത്തിനെത്തും.

ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ‘കൊണ്ടല്‍’ ആണ് വലിയ പ്രതീക്ഷയുള്ള മറ്റൊരു ഓണം റിലീസ്. ചിത്രത്തില്‍ കന്നഡ താരം രാജ് ബി ഷെട്ടിയും എത്തുന്നുണ്ട്. ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാര്‍ലി എന്നീ കന്നഡ സിനിമകളിലൂടെയാണ് രാജ് ബി ഷെട്ടി മലയാളി സിനിമാ പ്രേമികള്‍ക്കിടയിലും പ്രശസ്തനായത്.

കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന കൊണ്ടലില്‍ ഷബീര്‍ കല്ലറയ്ക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ആര്‍.ഡി.എക്‌സിന് ശേഷം സോഫിയ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്.

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. സെപ്റ്റംബര്‍ 12 ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക.

ജഗദീഷ്, വിജയരാഘവന്‍, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനാവുന്ന ‘കുമ്മാട്ടിക്കളി’യാണ് മറ്റൊരു ഓണം റിലീസ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ആര്‍ ബി ചൗധരി നിര്‍മ്മിക്കുന്ന ചിത്രം ചിമ്പു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്നു. വിന്‍സന്റ് സെല്‍വയുടെ ആദ്യ മലയാള ചിത്രമാണിത്.

കുറച്ച് ദിവസം എന്നെ ഓക്കെ അല്ലാതാക്കിയ മലയാളത്തിലെ ഹൊറർ ചിത്രം അതാണ്: ഭാവന

ഷാജി കൈലാസ്- ആനി ദമ്പതികളുടെ ഇളയ മകന്‍ റുഷിന്‍ ഷാജി കൈലാസ് നായകനാകുന്ന ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന ചിത്രവും ഓണത്തിന് എത്തുന്നുണ്ട്. സെപ്റ്റംബര്‍ 13-ന് ചിത്രം തിയേറ്ററുകളിലെത്തും. ബാലഗോപാലാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.

മലയാള ചിത്രങ്ങളോട് കട്ടയ്്ക്ക് നിന്ന് മത്സരിക്കാന്‍ തമിഴില്‍ നിന്നും എത്തുന്ന വിജയ് ചിത്രം ഗോട്ടാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ല്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

അതേസമയം മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ ഓണത്തിന് റിലീസുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും റിലീസ് തിയതി നീട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ ‘ബറോസ്’, മമ്മൂട്ടിയുടെ ‘ബസൂക്ക’ എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. കലൂര്‍ ഡെന്നിസിന്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.

തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍, താങ്കള്‍ ഇത്ര ഭീരുവാകരുത്, നിലപാടുകള്‍ വ്യക്തമാക്കൂ, മനുഷ്യനാകൂ; വിമര്‍ശിച്ച് ശോഭ ഡേ

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ‘ബറോസ്’ ഒരുക്കിയത്.

ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരാണ് എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു.

 

 

 

 

Exit mobile version