നജീം കോയ സംവിധാനം ചെയ്ത് റഹ്‌മാന്‍ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ വെബ് സീരീസാണ് ‘1000 ബേബീസ്’. ഈ സീരീസില്‍ നടന്‍ സഞ്ജു ശിവറാമും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ബിബിന്‍ എന്ന കഥാപാത്രമായാണ് സഞ്ജു എത്തിയത്. സീരീസില്‍ സഞ്ജുവിന് പുറമെ റഹ്‌മാനും നീന ഗുപ്തയുമായിരുന്നു അഭിനയിച്ചത്. റഹ്‌മാന്റെ കരിയറിലെ ആദ്യ വെബ് സീരീസാണ് ‘1000 ബേബീസ്’.
റഹ്‌മാന്‍ അജി കുര്യന്‍ എന്ന കഥാപാത്രമായി എത്തിയപ്പോള്‍ സാറാമ്മ എന്ന കഥാപാത്രമായാണ് നീന ഗുപ്ത എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം നീന മലയാളത്തിലേക്ക് തിരിച്ചു വരുന്നുവെന്ന പ്രത്യേകതയും 1000 ബേബീസിനുണ്ട്. ഇവര്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന് പറയുകയാണ് സഞ്ജു ശിവറാം. മാതൃഭൂമി ദിനപത്രത്തിനോട് സംസാരിക്കുകയായിരുന്നു നടന്‍.
‘ഏറ്റവും വിലകൂടിയ രണ്ടുകുപ്പി വൈന്‍ വാങ്ങിയതുപോലെയാണ്, അവര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ എനിക്ക് തോന്നിയത്. കാരണം, കാലം കഴിയുന്തോറും അത്ര ഗംഭീരമായി കൊണ്ടിരിക്കുന്നവരാണ് രണ്ടുപേരും. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു അംഗീകാരമായിട്ടാണ് ഞാന്‍ കരുതുന്നത്. നീനാ ഗുപ്തയെ കുറിച്ച് ചോദിച്ചാല്‍, എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ മറുപടിയുള്ള വ്യക്തിയാണ് അവര്‍. അവരോട് കുറച്ചുനേരം സംസാരിച്ചു കഴിഞ്ഞാല്‍ ജീവിതം ഇത്ര സിമ്പിളാണോയെന്ന് നമുക്ക് തോന്നിപ്പോവും,’ സഞ്ജു ശിവറാം പറഞ്ഞു.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തിയ മലയാളത്തിലെ അഞ്ചാമത്തെ സീരീസാണ് ‘1000 ബേബീസ്’. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്നീ ആദ്യ നാല് വെബ് സീരീസുകള്‍ക്കും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. ആദ്യ നാല് വെബ് സീരീസുകളുടെ ഴോണറുകളില്‍ നിന്ന് മാറി തീര്‍ത്തും വ്യത്യസ്തമായ പ്രമേയമാണ് ‘1000 ബേബീസ്’നുള്ളത്. വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്‌പെന്‍സും നിറഞ്ഞ ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസാണ് ഇത്.
Content Highlight: Sanju Sivram Share Experience With Neena Gupta