തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നടന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനുമ മുനീര്‍. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ നോബിള്‍, വിച്ചു എന്നിവരില്‍ നിന്നും നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്.
ആദ്യ സിനിമാ പ്രൊജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെയാണ് ദുരനുഭവമുണ്ടായത്. ശാരീരിക മാനസ്സിക പ്രശ്‌നങ്ങള്‍ സഹിക്കാനാകാതെ വന്നതോടെ മലയാള സിനിമയില്‍ നിന്ന് തന്നെ വിട്ടുപോകേണ്ടി വന്നു. പിന്നീട് ചെന്നൈയിലേക്ക് മാറേണ്ടി വന്നെന്നും അവര്‍ പറഞ്ഞു.
പല സന്ദര്‍ഭങ്ങളിലായാണ് പീഡനം നേരിട്ടത്. ലൊക്കേഷനില്‍ വച്ചാണ് ദുരനുഭവങ്ങളുണ്ടായത്. മുകേഷ് സെറ്റില്‍ വച്ച് മോശമായ രീതിയില്‍ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോള്‍ അമ്മയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു.
താന്‍ അറിയാതെ നുഴഞ്ഞ് അമ്മയില്‍ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താന്‍ അറിയാതെ ഒന്നും മലയാള സിനിമയില്‍ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്‌സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘമാണ് അക്കാര്യം അറിയിച്ചത്.
ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്. ജയസൂര്യയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായി. ആദ്യ ചിത്രമായ ‘ദേ ഇങ്ങോട്ട് നോക്കിയെ’ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ജയസൂര്യ മോശമായി പെരുമാറിയത്.
അതൊരിക്കലും ഞാന്‍ പ്രതീക്ഷിച്ചില്ല. ഞാന്‍ പെട്ടെന്ന് പിടിവിട്ട് ഓടി താഴെ വന്നു. ജഗതി ശ്രീകുമാര്‍ സാര്‍ താഴെ ഇരിക്കുന്നുണ്ടായിരുന്നു പുള്ളിക്കാരന്റെ അടുത്ത് ഷെയര്‍ ചെയ്താലോ എന്ന് തോന്നി. ഇത് എന്റെ ആദ്യത്തെ ഫിലിം ആയിരുന്നു. ഇങ്ങനെയൊക്കെയാണോ ഫിലിം. ഇതെന്താണെന്ന് തോന്നി.
അപ്പോഴേക്കും ജയസൂര്യ എന്റെ പിറകെ ഓടി വന്നു. മിനു ഞാന്‍ ഒരു കാര്യം മാത്രം ചോദിക്കാം. യെസ് ഓര്‍ നോ മാത്രം പറഞ്ഞാല്‍ മതി. എന്താണ് എന്ന് ചോദിച്ചപ്പോള്‍ എനിക്ക് തിരുവനന്തപുരത്ത് ഒരു ഫ്‌ളാറ്റുണ്ട്. എനിക്ക് മിനുവിനോട് ഇന്ററസ്റ്റ് ഉണ്ട്. താത്പര്യമുണ്ടെങ്കില്‍ അവിടെ വെച്ചു കാണാം എന്ന് പറഞ്ഞു. ഞാന്‍ ഇന്ററസ്റ്റ് ഇല്ലഎന്ന് പറഞ്ഞു. അതിന് ശേഷം ഒന്നും ഉണ്ടായിട്ടില്ല, മിനു പറഞ്ഞു.
എ.എം.എം.എയിലെ അംഗത്വത്തിന് ശ്രമിച്ചപ്പോള്‍ ഇടവേള ബാബു മോശമായി പെരുമാറിയെന്നും മിനു ആരോപിച്ചു. അമ്മയിലെ കമ്മിറ്റി അംഗങ്ങളെ ഗൗനിക്കാതെ അംഗത്വം നല്‍കില്ലെന്ന് മുകേഷും പറഞ്ഞു. മുകേഷ് പലതവണ അപ്രോച്ച് ചെയ്തു. ഒരു തവണ റൂമിലേക്ക് വന്നു, മോശമായി പെരുമാറാന്‍ ശ്രമിച്ചു. താന്‍ ഒഴിഞ്ഞുമാറിയെന്നും മിനു മുനീര്‍ പറഞ്ഞു.
Also Read:ലാലേട്ടന്റെ ആ ചിത്രം മുടങ്ങിയതിൽ ഒരു ഫിലിം മേക്കർ എന്ന നിലയിൽ സങ്കടമുണ്ട്: ജീത്തു ജോസഫ്
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ മോശമായി സംസാരിച്ചു. നടനും നിര്‍മ്മാതാവുമായ മണിയണ്‍ പിള്ള രാജുവും മോശമായി സംസാരിച്ചു. തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയില്‍ സ്വകാര്യമായ കാര്യങ്ങള്‍ ചോദിച്ചു. ആഷിഖ് അബു ചിത്രം ഡാ തടിയയുടൈ ചിത്രീകരണത്തിനിടയിലും മണിയന്‍പിള്ള രാജു തന്നെ മോശം ഉദ്ദേശത്തോടെ സമീപിച്ചതായും മിനു വെളിപ്പെടുത്തി. മണിയന്‍പിള്ള രാജു തന്റെ ഡോറില്‍ തട്ടി. തുറക്കാതിരുന്നതിനാല്‍ പിറ്റേ ദിവസം സെറ്റില്‍ വെച്ച് ദേഷ്യപ്പെട്ടുവെന്നും മിനു വ്യക്തമാക്കി.
ഇവര്‍ക്കെതിരെ എല്ലാം കേസുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ ഇക്കാര്യം നേരത്തെ തുറന്നു പറഞ്ഞിരുന്നു. അന്ന് ആരും പ്രതികരിച്ചില്ല. ഇനിയും ന്യൂ ജനറേഷന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കാനെന്ന പേരില്‍ ഇങ്ങനെ സംഭവിക്കരുത്.
നമ്മള്‍ ഇതില്‍ പ്രതികരിച്ചാല്‍ മാത്രമേ നാളെ ഇത് സംഭവിക്കാതിരിക്കുകയുള്ളൂ. നല്ലൊരു മലയാള സിനിമാ സംസ്‌ക്കാരം വരട്ടെ. ഇങ്ങനെയെുള്ളവരെയൊക്കെ പുറത്തുവരട്ടെ. അന്ന് ഞാന്‍ പൊലീസില്‍ പരാതി നല്‍കിയില്ല തീര്‍ച്ചയായും ആറ് പേര്‍ക്കെതിരെയും പരാതി കൊടുക്കും. ഇതൊരു പ്ര്‌നമാണെന്നും ഒരു ഫീല്‍ഡിലും ഇത് നടക്കരുതെന്നും അവര്‍ മനസിലാക്കട്ടെ,’ മിനു പറഞ്ഞു.