ബേസില്‍ എന്റെ ഇഷ്ടനടന്‍; ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം അവന്റേത്: ഷീല

1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ നടിയാണ് ഷീല. ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനെ കുറിച്ച് പറയുകയാണ് അവര്‍. തനിക്ക് ഇഷ്ടമുള്ള നടനാണ് ബേസില്‍ എന്നാണ് ഷീല പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് ഇപ്പോള്‍ അഭിനയിക്കുന്ന ഒരുപാട് പേരുടെ അഭിനയം ഇഷ്ടമാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അവരുടെ പേരുകളൊന്നും എനിക്ക് ഓര്‍മ കിട്ടുന്നില്ല. പിന്നെ ഇപ്പോള്‍ വരുന്ന പുതിയ പടങ്ങളൊക്കെ ഞാന്‍ കാണാറുണ്ട്. അതെല്ലാം ഒരുപാട് ഇഷ്ടവുമാണ്.

Also Read: ആ നടനില്‍ നിന്നും നേരിട്ടത് മോശം അനുഭവം; ട്രോമ കാരണം പിന്നീട് സിനിമയില്‍ അഭിനയിക്കാനായില്ല: മാല പാര്‍വതി

പുതുതായി സിനിമയിലേക്ക് വന്നവരൊക്കെ അവരുടെ ആദ്യ സിനിമയില്‍ തന്നെ എന്ത് ഭംഗിയായിട്ടാണ് അഭിനയിക്കുന്നത്. പുതുതായി വന്ന ആണുങ്ങളാണെങ്കിലും പെണ്ണുങ്ങളാണെങ്കിലും വളരെ നന്നായാണ് അഭിനയിക്കുന്നത്. പക്ഷെ അവരുടെ ആരുടെയും പേരുകള്‍ ഞാന്‍ ഓര്‍ക്കുന്നില്ല.

എനിക്ക് ഇഷ്ടമുള്ള നടനാരാണെന്ന് ചോദിച്ചാല്‍, ഒരു സിനിമയില്‍ കോഴിക്കട നടത്തുന്ന ഒരു കഥാപാത്രം ഉണ്ടായിരുന്നല്ലോ. ജയ ജയ ജയഹേ, അതിലെ ബേസില്‍ ജോസഫിനെ എനിക്ക് വലിയ ഇഷ്ടമാണ്. ഏത് വലിയ ആര്‍ട്ടിസ്റ്റുകളുടെ സിനിമയുണ്ടെങ്കിലും ബേസില്‍ അഭിനയിച്ച പടമാണെന്ന് പറഞ്ഞാല്‍ ഞാന്‍ ആദ്യം അതാകും പോയി കാണുന്നത്.

Also Read: ആ പ്രമുഖ നായക നടന്റെ ഭാര്യക്കെതിരെ ലൈംഗികാതിക്രമ ശ്രമമുണ്ടായി: രാധിക ശരത്കുമാര്‍

കാരണം ബേസില്‍ അഭിനയിക്കുന്ന സിനിമയില്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകും. പിന്നെ അവന്‍ ഈയിടെ പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ച ഒരു സിനിമ വന്നിരുന്നല്ലോ. ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ. അതില്‍ എന്തൊരു അഭിനയമാണ് ബേസില്‍ ജോസഫിന്റേത്.

അവന്‍ ആ സിനിമയില്‍ മദ്യപിച്ച് സോഫയില്‍ കിടക്കുന്ന സീനൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ബേസിലിന്റെ അഭിനയം കണ്ടാല്‍ ശരിക്കും അറിയാതെ പൊട്ടിച്ചിരിച്ചു പോകും. അയാളുടെ അഭിനയം കാണുമ്പോള്‍ മനസിനകത്ത് വലിയ സന്തോഷം തോന്നാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം ഇപ്പോള്‍ ബേസിലിന്റേതാണ്,’ ഷീല പറഞ്ഞു.

Content Highlight: Sheela Says Basil Joseph Is Her Favorite Actor

 

Exit mobile version