സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശിവകാര്‍ത്തികേയന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന അമരനാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയില്‍ പ്രമേയമാകുന്നത്.
ശിവകാര്‍ത്തികേയനൊപ്പം അമരനില്‍ സായ് പല്ലവിയും മലയാളിയായ ശ്യാം മോഹനും അഭിനയിച്ചിരുന്നു. ഇരുവരെയും കുറിച്ച് പറയുകയാണ് നടന്‍. അമരന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളിലെത്തി സംസാരിക്കുകയായിരുന്നു ശിവകാര്‍ത്തികേയന്‍.
‘ഈ സിനിമയില്‍ സായ് പല്ലവി കുറേ മലയാളം സംസാരിക്കുന്നുണ്ട്. എന്റെ മേജര്‍ മുകുന്ദ് എന്ന കഥാപാത്രത്തിനോട് സംസാരിക്കുമ്പോള്‍ മാത്രമാണ് സായ് തമിഴ് സംസാരിക്കുന്നത്. ഇന്ദു റെബേക്കയുടെ ഫാമിലിയുടെ സീന്‍ കാണുമ്പോള്‍ എനിക്ക് ഒരു മലയാളം സിനിമ കാണുന്നത് പോലെയാണ് തോന്നിയത്.
മലയാളമായിരുന്നു അതില്‍ അവരെല്ലാം സംസാരിച്ചത്. ആ സമയത്ത് ഞാന്‍ പെട്ടെന്ന് സബ് ടൈറ്റിലാണ് നോക്കിയത്. അപ്പോഴാണ് അത് നമ്മുടെ പടം തന്നെയാണെന്ന് ഉറപ്പിച്ചത്. അത്രയും നന്നായിട്ടാണ് രാജ്കുമാര്‍ സാര്‍ ഈ സിനിമ ചെയ്തിരിക്കുന്നത്.
അമരന്‍ സിനിമയില്‍ കൂടെ അഭിനയിച്ച ഒരുപാട് ആളുകളുണ്ട്. ശ്യാം മോഹനും അമരനില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രേമലു എന്ന സിനിമ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്ത് കണ്ടിരുന്നു. ഇടക്കിടെ ‘ജെ.കെ’ എന്ന് പറഞ്ഞാണ് ആ കഥാപാത്രം പ്രേമലുവില്‍ വരുന്നത്.
ആ സമയത്തൊക്കെ ഞാന്‍ ശ്യാമിനെ കാണുമ്പോള്‍ പെട്ടെന്ന് എന്റെ വൈഫിനോട് ‘ഇദ്ദേഹം എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്’ എന്ന് പറയുമായിരുന്നു. പ്രേമലു വരുന്നതിന് മുമ്പായിരുന്നു അമരന്റെ ഷൂട്ടിങ് നടന്നിരുന്നത്. അന്ന് എന്തുചെയ്യുന്നുവെന്ന് ഞാന്‍ ശ്യാമിനോട് ചോദിച്ചിരുന്നു.
അപ്പോള്‍ ഞാന്‍ ചെറിയ സിനിമകളിലൊക്കെ ചെറിയ റോളുകളില്‍ അഭിനയിക്കുകയാണ് എന്നായിരുന്നു ശ്യാം മറുപടി പറഞ്ഞത്. പക്ഷെ അതുകഴിഞ്ഞ് പെട്ടെന്ന് തന്നെ അദ്ദേഹം ഒരൊറ്റ സിനിമയിലൂടെ ഫേയ്മസായി. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പ്രേമലുവില്‍ ശ്യാം വളരെ സൂപ്പറായി തന്നെ അഭിനയിച്ചിരുന്നു. ആ പടവും സൂപ്പറായിരുന്നു,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
Content Highlight: Sivakarthikeyan Talks About Shyam Mohan And Sai Pallavi