വെബ്‌സീരീസുകളിലൂടെ ജനപ്രീതിയാര്‍കര്‍ഷിച്ച നടനാണ് ശ്യാം മോഹന്‍. പ്രേമലു എന്ന ചിത്രത്തിലെ ആദി എന്ന കഥാപാത്രമാണ് ശ്യാം മോഹന് കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയത്.
തമിഴിലെ ഇക്കൊലത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ അമരനില്‍ ദീപു എന്ന കഥാപാത്രമായാണ് ശ്യാം മോഹന്‍ എത്തിയത്.
സുരാജ് ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഇ.ഡി എന്ന ചിത്രമാണ് ശ്യാമിന്റേതായി പുറത്തിറങ്ങാനുള്ളത്.
അമരന്‍ ചിത്രീകരണത്തിനിടെ ശിവകാര്‍ത്തികേയന്‍ തന്നെ പൃഥ്വിരാജ് എന്നാണ് വിളിച്ചിരുന്നതെന്ന് നേരത്തെ ശ്യാം പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
ശിവകാര്‍ത്തിയേകന്‍ വളരെ തമാശയായി വിളിച്ചതാണ് അതെന്നും പക്ഷേ താന്‍ അത് സീരിയസ് ആയി എടുത്തെന്നുമായിരുന്നു ശ്യാമിന്റെ മറുപടി.
‘ അമരന്‍ ഷൂട്ടിനിടെ ശിവകാര്‍ത്തിയേകന്‍ എന്നെ പൃഥ്വിരാജ് എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. അദ്ദേഹം മമ്മൂട്ടി എന്ന് വിളിക്കുന്ന പോലെ തന്നെ എന്നെ കാണുമ്പോള്‍ പൃഥ്വിരാജ് എന്നായിരുന്നു വിളിക്കാറ്.
തമാശയില്‍ വിളിച്ചതാണ്. പക്ഷേ ഞാന്‍ സീരിയസ് ആയി എടുത്തു. നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു അമരനിലേത്.
ശിവകാര്‍ത്തികേയനെ കുറിച്ച് പറഞ്ഞാല്‍ വളരെ ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള ആളാണ് അദ്ദേഹം. അമരനില്‍ അദ്ദേഹത്തെ ആദ്യത്തെ ലുക്കില്‍ കണ്ടപ്പോള്‍ എനിക്ക് മനസിലായില്ല.
ഏതാണ് ഈ പയ്യന്‍ എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ നോക്കിയത്. പിന്നീടാണ് അദ്ദേഹമാണെന്ന് മനസിലായത്. എല്ലാവരോടും വളരെ സ്‌നേഹത്തില്‍ ഇടപെടുന്ന വ്യക്തിയാണ്’ ശ്യാം മോഹന്‍ പറഞ്ഞു.
സുരാജേട്ടന്റേയും ഗ്രേസിന്റേയും കൂടെയൊക്കെ കുറേ നല്ല സീനുണ്ട്. ഇവര്‍ ചെയ്യുന്നതൊക്കെ കാണാന്‍ നല്ല രസമായിരുന്നു. പുള്ളി ചെയ്യുമ്പോള്‍ ഞാന്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു,’ ശ്യാം മോഹന്‍ പറഞ്ഞു.
Content Highlight: Actor Shyam Mohan about Amaran Movie