പ്രേമലു എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം തന്റെ പേര് കൂടി എഴുതി ചേര്‍ത്ത നടനാണ് നസ്‌ലെന്‍.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് നസ്‌ലെന്‍ വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് മലയാള സിനിമയുടെ തലപ്പത്തേക്ക് എത്തുന്നത്.
2019 ല്‍ റിലീസ് ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ നസ്‌ലെന്‍ മനോഹരമാക്കി. അതിനുശേഷം
2021-ല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത കുരുതി എന്ന സിനിമയില്‍ റസൂല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഡാര്‍ക്ക് ഴോണറും തന്റെ കയ്യില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചു. അതേവര്‍ഷം തന്നെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഹോമിലെ ചാള്‍സ് ഒലിവര്‍ ട്വിസ്റ്റെന്ന നസ്‌ലെന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
കോമഡി തന്നെയാണ് ഒരു തരത്തില്‍ നസ്‌ലനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. നിഷ്‌ക്കളങ്കത തോന്നുന്ന കഥാപാത്രങ്ങളും അടുത്ത വീട്ടിലെ പയ്യന്‍ ഇമേജും നസ്‌ലെനെ സംബന്ധിച്ച് പോസിറ്റീവ് ഘടകങ്ങള്‍ തന്നെയാണ്.
പ്രേമലുവിലെ സച്ചിന്‍ എന്ന കഥാപാത്രം നസ്‌ലെന്റ കയ്യില്‍ ഭദ്രമാകുന്നതും ഇതുകൊണ്ട് തന്നെയായിരുന്നു. 2024 ല്‍ ബോക്‌സ് ഓഫീസ് കണ്ട ഏറ്റവും വലിയ വിജയ ചിത്രമായി പ്രേമലു മാറി.
ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രധാനപെട്ട നടന്മാരില്‍ ഒരാളായി മാറാന്‍ സാധിച്ചത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. എങ്ങനെയാണ് ആളുകളുമായി ഇത്ര പെട്ടെന്ന് കണക്ടാകാന്‍ കഴിയുന്നത് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
ആളുകള്‍ക്ക് തന്റെ ഹ്യൂമര്‍ ഇഷ്ടമാകുന്നുണ്ടെന്നും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെയോ കണക്ട് ആകുന്നുണ്ടെന്നുമായിരുന്നു ഈ ചോദ്യത്തോടുള്ള നസ്‌ലെന്റെ മറുപടി.
എന്നാല്‍ താന്‍ കൂട്ടുകാര്‍ക്ക് ഇടയില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ് താനെന്നും അവര്‍ കളിയാക്കുമോയെന്ന് കരുതി വരുന്ന കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഹ്യൂമര്‍ ഒരു സ്‌ട്രോങ്ങ് ആയ പോയന്റാണ്. ആളുകള്‍ക്ക് എന്റെ ഹ്യൂമര്‍ പരിപാടി ഇഷ്ടമാകുന്നുണ്ട്. ഞാന്‍ ഫ്രണ്ട്‌സ് ഗ്രൂപ്പില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്. പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ കളിയാക്കുമോ എന്ന് കരുതി വരുന്ന കൗണ്ടറുകള്‍ അടക്കി വെക്കുന്ന ആളാണ്. ഇവന്മാരുടെ അടുത്ത് നിന്ന് കിട്ടുന്ന കൗണ്ടറുകള്‍ എല്ലാം തന്നെ ഞാന്‍ സ്റ്റോക്ക് ചെയ്ത് വെക്കും.
എന്റെ ഹ്യൂമര്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നു. പിന്നെ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ അവര്‍ക്ക് എങ്ങനെയൊക്കെയോ കണക്ട് ആകുന്നുണ്ട്. പിന്നെ കുഴപ്പം ഇല്ലാതെ വൃത്തിയായി ഞാന്‍ അഭിനയിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ നസ്ലെന്‍ പറഞ്ഞു.