ഇപ്പോഴല്ലേ ഒരു ഷോട്ട് എടുത്ത് കഴിഞ്ഞത്, വീണ്ടും വന്ന് വിളിക്കുകയാണോന്ന് ചോദിച്ച് ഞാന്‍ സൗബിനോട് അന്ന് ദേഷ്യപ്പെട്ടു; ഭാവന

മലയാളികളുടെ പ്രിയനായികയാണ് നടി ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ അരങ്ങേയിയ ഭാവന ഇക്കാലയളവിനുള്ളില്‍ തന്നെ സൗത്ത് ഇന്ത്യയിലെ പ്രധാന നായികനടിയായി മാറി.

മലയാളത്തില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഭാവന സിനിമകളില്‍ വീണ്ടും സജീവമായി തുടങ്ങിയത്.

ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, നടികര്‍ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

സിനിമയുടെ തുടക്കകാലത്തെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഭാവന. നമ്മള്‍ എന്ന തന്റെ അരങ്ങേറ്റ ചിത്രത്തെ കുറിച്ചും അതിന് ശേഷം ചെയ്ത ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തെ കുറിച്ചുമൊക്കെയാണ് ഭാവന സംസാരിക്കുന്നത്. തന്റെ ആദ്യത്തെ രണ്ട് സിനിമകളിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്നു സൗബിന്‍ ഷാഹിറും ഷൈന്‍ ടോം ചാക്കോയുമെന്ന് ഭാവന പറഞ്ഞു.

‘ഷൈന്‍ ചേട്ടനുമായിട്ടും സൗബിന്‍ ചേട്ടനുമായിട്ടും വര്‍ഷങ്ങളുടെ പരിചയം എനിക്കുണ്ട്. എന്റെ ആദ്യത്തെ സിനിമയായിരുന്നു നമ്മള്‍. ഷൈന്‍ ചേട്ടന്‍ ആ സിനിമയില്‍ അസിസ്റ്റന്റായിരുന്നു. രണ്ടാമത്തെ സിനിമയായ ക്രോണിക് ബാച്ചിലറിന്റെ സെറ്റില്‍ വെച്ചാണ് സൗബിന്‍ ചേട്ടനെ കാണുന്നത്.

നമ്മളിന്റെ സെറ്റില്‍ എല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു. അതുകൊണ്ട് ഭയങ്കര കളിയും ചിരിയും ബഹളവുമൊക്കൊയായിരുന്നു. ശരിക്കും പറഞ്ഞാല്‍ അടിപൊളി എക്സ്പീരിയന്‍സായിരുന്നു.

പക്ഷേ ക്രോണിക് ബാച്ചിലറിന്റെ സെറ്റിലെത്തിയപ്പോള്‍ എല്ലാം മാറി. ആ സിനിമയില്‍ ഞാന്‍ മാത്രമായിരുന്നു പുതിയ ആളായി ഉണ്ടായിരുന്നത്. ബാക്കി എല്ലാവരും സീനിയേഴ്സായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഭയങ്കര ഗൗരവത്തിലായിരുന്നു.

മമ്മൂക്കയുടെ സിനിമ, സിദ്ദിഖിക്ക സംവിധാനം ചെയ്യുന്നു, ഫാസില്‍ സാറിന്റെ വീട്ടില്‍ ഷൂട്ട് അങ്ങനെ എല്ലാവരും വലിയ ഗൗരവത്തിലായിരുന്നു. ഞാനും ബാക്കിയുള്ളവരും ഒരു സ്ഥലത്ത് മാറിയിരുന്ന് ഡംഷെറാഡ്സ് കളിക്കും. ഞാന്‍ അതിന് വേണ്ടി മാത്രമായിരുന്നു സെറ്റില്‍ പോയിരുന്നത്.

ഞാന്‍ ഒരു ഷോട്ട് കഴിഞ്ഞ് വന്നിരുന്ന് ഡംഷെറാഡ്സ് കളിക്കാന്‍ പോകുമ്പോള്‍ സൗബിന്‍ ചേട്ടന്‍ വന്ന് ഷോട്ടിന് വിളിക്കും. അപ്പോള്‍ ഞാന്‍ ചോദിക്കും, ഇപ്പോഴല്ലേ ഒരെണ്ണം കഴിഞ്ഞത്, വീണ്ടും ഉണ്ടോന്ന്.

ആ ഷോട്ട് കഴിഞ്ഞ് വന്ന് ഇരുന്ന് വീണ്ടും സംസാരം തുടങ്ങുമ്പോള്‍ വീണ്ടും സൗബിക്ക വന്ന് ഷോട്ടിന് വിളിക്കും. ഞാന്‍ അത് കേട്ട് പുള്ളിയോട് ദേഷ്യപ്പെട്ടു. പിന്നീട് ഹലോ നമസ്തേ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ഈ കഥകളൊക്കെ പറഞ്ഞിരുന്നു,’ അന്ന് ഇതിനെ കുറിച്ചൊന്നും നമുക്ക് അറിയില്ലല്ലോ. എല്ലാം പുതിയ കാര്യങ്ങളല്ലേ,’ ഭാവന പറഞ്ഞു.

 

 

 

 

 

Exit mobile version