കരിയറിന്റെ തുടക്കകാലത്ത് തന്നെ സംഘടനയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വന്ന നടനായിരുന്നു പൃഥ്വിരാജ്. സംഘടന വിലക്കിയ വിനയന്റെ ചിത്രത്തിന്റെ പൃഥ്വി അഭിനയിച്ചതിന്റെ പേരിലായിരുന്നു വിവാദം.
പൃഥ്വിക്കെതിരെ വലിയ പടയൊരുക്കം തന്നെ ചില നടന്മാരുടെ നേതൃത്വത്തില്‍ ഇക്കാലയളവില്‍ നടന്നു. പൃഥ്വിരാജിനെ ഇനി മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് ചിലര്‍ തീരുമാനമെടുത്തതുപോലെയായിരുന്നു കാര്യങ്ങള്‍.
അന്നത്തെ വിവാദങ്ങളെ കുറിച്ചും മമ്മൂട്ടി എന്ന നടന്‍ അന്ന് തന്നോട് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി മല്ലിക സുകുമാരന്‍.
‘എനിക്ക് ജീവിതത്തില്‍ മറക്കാനാവാത്ത ഒരു സംഭവമുണ്ട്. പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കകാലത്തും സംഘടനയുമായി ബന്ധപ്പെട്ടൊക്കെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.
അവനെതിരെ ചില മുദ്രാവാക്യം വിളികളും കാര്യങ്ങളുമൊക്കെ ഉണ്ടായി. പൃഥ്വി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നുമൊക്കെ പറഞ്ഞ് വലിയ ബഹളമായിരുന്നു.
അതിനിടെ പൃഥ്വി അഭിനയിക്കാന്‍ പോയെങ്കിലും അഭിനയിപ്പിക്കാന്‍ പാടില്ല എന്ന നിലപാടിലൊക്കെ ചിലരെത്തി. അങ്ങനെ ഇവന്‍ സോറി എന്ന് അവിടെ പറഞ്ഞു. സോറി എന്നല്ല മാപ്പ് എന്ന് തന്നെ പറയണമെന്നായി ചിലര്‍.
വലിയ ബഹളമായിരുന്നു അന്നൊക്കെ. അന്ന് എല്ലാവരും അവിടെ ഇരിപ്പുണ്ട്. എനിക്ക് നല്ല ഓര്‍മയുണ്ട്. ഒരാളും ഒരക്ഷരവും പൃഥ്വിക്ക് വേണ്ടി മിണ്ടിയില്ല. ഞാന്‍ നോക്കുമ്പോള്‍ ഒരു തൂണിന്റെ സൈഡിലൂടെ മമ്മൂട്ടി എന്റെ അടുത്തേക്ക് നടന്നുവരികയാണ്. സോറി, നിങ്ങളൊക്കെ മാപ്പാക്കണം എന്ന് പറഞ്ഞാല്‍ തീരുമെങ്കില്‍ നിങ്ങള്‍ ഇത് എങ്ങനെയെങ്കിലും തീര്‍ക്കണേ എന്റെ പൊന്നുചേച്ചി എന്ന് പറഞ്ഞു.
മറ്റൊന്നും കൊണ്ടല്ല, ഇതൊന്ന് നീട്ടിക്കൊണ്ടുപോകണം, ആ പേരില്‍ പൃഥ്വിരാജ് ഒന്ന് മാറിനില്‍ക്കുകയാണെങ്കില്‍ നില്‍ക്കട്ടെ എന്ന ആഗ്രഹക്കാര്‍ ഇവിടെയുണ്ടെന്ന് പറഞ്ഞു.
അപ്പോള്‍ ഞാന്‍ ആലോചിച്ചു, ഇത്രയും നടീനടന്മാര്‍ ഇവിടെ ഇരിക്കുന്നു, നമ്മള്‍ക്ക് വേണ്ടപ്പെട്ട പലരും അവിടെയുണ്ട്. മമ്മൂട്ടിക്ക് അത് എന്നോട് വന്ന് പറയണമെന്ന് തോന്നിയതിന്റെ കാരണം മറ്റൊന്നുമല്ല. പൃഥ്വി സുകുമാരന്‍ ചേട്ടന്റെ മകനായതുകൊണ്ടാണ്, മല്ലിക സുകുമാരന്‍ പറഞ്ഞു.
Content Highlight: Actress Mallika Sukumaran about Prithviraj Ban and Mammootty